Connect with us

Articles

പ്ലസ് വണ്‍ പ്രവേശനം: സീറ്റെണ്ണത്തില്‍ വടക്കന്‍ വിവേചനം

Published

|

Last Updated

കേരളത്തില്‍ എസ് എസ് എല്‍ സി പാസ്സാകുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന സാധ്യതകള്‍ ഉറപ്പാക്കാന്‍ ഒരിക്കലെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം വളരെ പ്രധാനമാണ്. എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും വലിയ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠനം ബാലികേറാമല തന്നെയാണ്. ആവശ്യത്തിന് സീറ്റുകള്‍ ഇല്ലാഞ്ഞിട്ടാണോ? അല്ല; സീറ്റുകള്‍ ആവശ്യക്കാരന് ഇല്ലാഞ്ഞിട്ടാണെന്നേ പറയാനാകൂ.
എന്തുകൊണ്ടെന്നാല്‍, യഥാര്‍ഥത്തില്‍ പ്ലസ്ടു സീറ്റുകള്‍ വളരെ കൂടുതലായിട്ടുണ്ട്. എന്നാല്‍, അതു എല്ലായിടത്തുമില്ല എന്നതാണ് പ്രശ്‌നം. “വെള്ളം, വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ല” എന്ന് പറഞ്ഞതുപോലെയാണ് പ്ലസ്ടു വിദ്യാഭ്യാസ മേഖലയിലെ പ്രവേശന പ്രതിസന്ധി. തെക്കന്‍ കേരളത്തില്‍ ആവശ്യത്തിലേറെ സീറ്റുകള്‍ ലഭ്യമാണ്. വടക്കന്‍ കേരളത്തില്‍ ആവശ്യത്തിന് സീറ്റുകളില്ല. അസന്തുലിതാവസ്ഥയാണ് നിലനില്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ആ പ്രശ്‌നം വിശദപഠനത്തിനും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടതാണ്. പത്രങ്ങള്‍ നീണ്ട എഡിറ്റോറിയലുകള്‍ എഴുതി. ഓരോ തവണ ആവശ്യമുയരുമ്പോഴും കുറേ സീറ്റുകള്‍ വര്‍ധിപ്പിക്കും. അങ്ങനെ വര്‍ധിച്ചു വര്‍ധിച്ചു ആവശ്യത്തിലേറെ സീറ്റുകളായി. പക്ഷേ, അതു വടക്കന്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമായി തുടരുന്നുവെന്നതാണ് സത്യം.

തലസ്ഥാന ജില്ലയില്‍ 36,127 വിദ്യാര്‍ഥികള്‍ വിജയിച്ചപ്പോള്‍ 36,544 പ്ലസ് വണ്‍ സീറ്റുകള്‍ വിവിധ സ്‌കൂളുകളിലായി ലഭ്യമാണ്. 417 സീറ്റുകള്‍ അധികമാണെന്നര്‍ഥം. കുറെ വിദ്യാര്‍ഥികള്‍ ഐ ടി ഐ, പോളി ടെക്‌നിക് തുടങ്ങിയ തൊഴില്‍ കോഴ്‌സുകള്‍ക്കു പോകുമെന്നതിനാല്‍ സീറ്റുകള്‍ വീണ്ടും ഒഴിഞ്ഞു കിടക്കും. പത്തനംതിട്ടയിലും അതേപോലെ 6,545 സീറ്റുകള്‍ അധികമാണ്. കോട്ടയത്ത് 5,449 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. എറണാകുളത്തും തൃശൂരും സമാനമായ വിധത്തില്‍ സീറ്റുകള്‍ അധികമാണ്. പക്ഷേ, മലബാര്‍ മേഖലയിലേക്ക് വന്നാലോ?
മലപ്പുറത്ത് 77,922 വിദ്യാര്‍ഥികള്‍ വിജയികളാണ്. നിലവിലെ പ്ലസ് വണ്‍ സീറ്റുകള്‍ 60,706 മാത്രം. അതായത് 17,216 സീറ്റുകള്‍ വേണം. പാലക്കാട് വിജയിച്ച 38, 897 വിദ്യാര്‍ഥികള്‍ക്കായി ആകെയുള്ളത് 32,796 സീറ്റുകള്‍ മാത്രം. 7,101 സീറ്റുകള്‍ കണക്കില്‍ ആവശ്യമാണ്. കോഴിക്കോട്ടും സ്ഥിതി വ്യത്യസ്തമല്ല. 43,896 കുട്ടികള്‍ അവിടെ എസ് എസ് എല്‍ സി പാസ്സായിട്ടുണ്ട്. അവിടെ, 40,202 സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 3,694 സീറ്റുകള്‍ ആവശ്യമാണ്. വയനാട്ടില്‍ സ്ഥിതി കുറച്ചുകൂടി ഭേദമാണെന്ന് പറയാം. അവിടെ 1178 സീറ്റുകളുടെ കുറവ് മാത്രമേയുള്ളൂ. കാസര്‍കോട്ടും സമാനമായ സാഹചര്യമാണ്. 1714 സീറ്റുകള്‍ കൂടി അനുവദിച്ചാല്‍ പ്രശ്‌നം പരിഹരിക്കാവുന്ന നിലയിലാണ്.

അസമമായ വിധത്തിലാണ് പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും സര്‍ക്കാറുകള്‍ അനുവദിക്കുന്നത്. എവിടെയാണ് യഥാര്‍ഥ ആവശ്യകത എന്നതിനെ സംബന്ധിച്ച് പഠിക്കാതെ സ്‌കൂളുകള്‍ അനുവദിക്കുന്ന പ്രവണത എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഈ അസന്തുലിതാവസ്ഥ വളര്‍ന്ന് വന്നത്.

ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും അത് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. പക്ഷേ, കുറച്ചു വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കില്ല. നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും അവരാഗ്രഹിക്കുന്ന സ്‌കൂളുകളോ കോഴ്‌സുകളോ ലഭിക്കില്ല. ആ ദുര്‍വിധി ഇത്തവണയും തുടരും. പതിനയ്യായിരമോ അതിലേറെയോ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ മുപ്പതിനായിരമോ അതിലേറെയോ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിക്കാതെ പുറത്താകുന്ന സ്ഥിതി ആവര്‍ത്തിക്കപ്പെടാന്‍ പോകുന്നു. ആ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ- പാരലല്‍ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സീറ്റുകള്‍ ഉണ്ട് എന്നായിരിക്കും മന്ത്രി നല്‍കുന്ന വിശദീകരണം. കണക്കുകള്‍ നോക്കിയാല്‍ അതു ശരിയുമാണല്ലോ. നാല് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അഞ്ച് ലക്ഷത്തോളം സീറ്റുകള്‍. പോളിടെക്‌നിക്കുകളും ഐ ടി ഐകളും കൂടി കൂട്ടുമ്പോള്‍ കണക്ക് ശരിയാകും. പക്ഷേ, യാഥാര്‍ഥ്യം മറിച്ചാണല്ലോ. അതിനെന്താണ് പരിഹാരം?
ആവശ്യമായിടങ്ങളില്‍ ആവശ്യമായ സീറ്റുകളും ബാച്ചുകളും അനുവദിക്കുക. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളോ ബാച്ചുകളോ ഉണ്ടെങ്കില്‍ അവ ക്യാന്‍സല്‍ ചെയ്യുക. നീതി പൂര്‍വം ഉപരിപഠന സാധ്യതകള്‍ ഉറപ്പാക്കാന്‍ സ്വീകരിക്കാവുന്ന വഴിയതാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം കേരളത്തില്‍ കൂടുതലാണല്ലോ. പൊതു വിദ്യാഭ്യാസത്തിന്റെ അവസാനഘട്ടം പ്ലസ് ടു ഘട്ടമാണ്. കേരളത്തില്‍ പ്രത്യേകിച്ചും ആയതിനാല്‍, വിവേചനം അവസാനിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലയാകണം. വിവേചനം മാത്രമല്ല അശ്രദ്ധയും അവഗണനയും കൂടിയുണ്ട് അധികാരികളുടെ ഭാഗത്ത്. അതോടൊപ്പം, അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും ശ്രദ്ധവേണം. അലംഭാവം പാടില്ല. ചില വിദ്യാലയങ്ങളില്‍ എല്ലാ ഭൗതിക സൗകര്യങ്ങളും ലഭ്യമായിരിക്കുമ്പോള്‍, മറ്റ് ചിലയിടങ്ങളില്‍ വളരെ ദരിദ്രമായ ലാബ് സംവിധാനങ്ങളും മറ്റുമാണുള്ളത്.

വിദ്യാഭ്യാസ സമത്വം സൃഷ്ടിക്കാനാണ് പ്രാധാന്യം നല്‍കേണ്ടത്. അപ്പോള്‍ ഭൗതിക സംവിധാന സമത്വം ഉറപ്പാക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. സ്വകാര്യ വിദ്യാലയങ്ങളില്‍ ലഭ്യമായതിനെക്കാള്‍ മികച്ച സൗകര്യങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒരുക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ കഴിയും. പക്ഷേ, പലപ്പോഴും ആ ചുമതലകള്‍ പി ടി എ കമ്മിറ്റികളുടെ ശിരസ്സില്‍ വെച്ചുകൊടുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത്. ആവശ്യമായ ഫണ്ട് എല്ലാ സ്‌കൂളുകള്‍ക്കും ഒരേ പോലെ അനുവദിക്കാറില്ല. അതിലും പല വിധ താത്പര്യങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്.
എന്തായാലും, വിവേചനരഹിതമായ, തത്വാധിഷ്ഠിതമായ ഒരു പൊതു വിദ്യാഭ്യാസ നയം അനുവര്‍ത്തിക്കുകയും എല്ലാവര്‍ക്കും ഉപരിപഠനാവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയേ തീരൂ.

 

Latest