Kerala
മഅ്ദനി പറയുന്നു; 'നിരപരാധിത്വം തെളിയിച്ച് തിരിച്ചുവന്ന് ജീവിച്ച് മരിക്കണമെന്ന് ആഗ്രഹം'
കൊല്ലം: അര്‍ബുദ രോഗത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ കോടതി അനുവദിച്ച ജാമ്യത്തില്‍ ജന്മനാട്ടിലെത്തിയ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ബെംഗളൂരുവിലേക്ക് മടങ്ങി. നിരപരാധിത്വം തെളിയിച്ച് തിരിച്ചു വന്ന് അന്‍വാര്‍ശേരിയില്‍ ജീവിച്ചു മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മഅ്ദനി പറഞ്ഞു.
മടങ്ങുന്നതിന് തൊട്ടുമുമ്പ് അസര്‍ നിസ്‌കാര ശേഷം അന്‍വാര്‍ശേരി മസ്ജിദില്‍ നടത്തിയ പ്രാര്‍ഥനക്കിടയാണ് മഅ്ദനി ആഗ്രഹം വ്യക്തമാക്കിയത്. ഇതിനായി അന്‍വാര്‍ശേരിയില്‍ മൂന്ന് സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അര്‍ബുദ രോഗിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ അനുമതിയോടെ കഴിഞ്ഞ മെയ് നാലിനാണ് മഅ്ദനി ജന്മനാട്ടില്‍ എത്തിയത്. മെയ് 11ന് വരെ കേരളത്തില്‍ തങ്ങാന്‍ അനുമതിയുണ്ടായിരുന്നുവെങ്കിലും കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് കാരണം വേഗം മടങ്ങണമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മടങ്ങുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്നലെ രാത്രി 10.55നുള്ള എയര്‍എഷ്യ വിമാനത്തില്‍ ഭാര്യ സൂഫിയ മഅ്ദനി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, നേതാക്കളായ നൗഷാദ് കോഴിക്കോട്, സലിംബാബു, സഹായികളായ സിദ്ദീഖ്, ബെംഗളൂരു പോലീസിലെ സി ഐമാരായ മാരുതി, ഷെ റാവുത്തര്‍ എന്നിവര്‍ക്കൊപ്പമാണ് മഅ്ദനി മടങ്ങിയത്. മുന്‍കാലങ്ങളില്‍ വ്യത്യസ്തമായി ശാരീര അവശതകള്‍ കൂടുതലായി അലട്ടുന്ന മഅ്ദനിയെ, മത രാഷട്രീയ സാമൂഹിക മേഖലകളിലെ നിരവധി പേര്‍ സന്ദര്‍ശിക്കാനായെത്തിയിരുന്നു.