Connect with us

Kerala

റംസാന്‍ വിശുദ്ധിയില്‍ ആത്മീയ വിരുന്നൊരുക്കി മഅ്ദിന്‍ അക്കാദമി

Published

|

Last Updated

മഅ്ദിന്‍ റമളാന്‍ ക്യാമ്പയിന്‍ വിശദീകരണാര്‍ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സംസാരിക്കുന്നു

മലപ്പുറം: വിശുദ്ധ റമസാന്‍ മാസത്തെ വരവേല്‍ക്കാന്‍ ആത്മീയ വൈജ്ഞാനിക കാരുണ്യ മേഖലകളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മഅ്ദിന്‍ അക്കാദമി. പ്രകൃതി സൗഹൃദ രീതിയിലൊരുക്കുന്ന റമസാനിലെ വിവിധ പരിപാടികള്‍ക്ക് ബുധനാഴ്ച നടക്കുന്ന “മര്‍ഹബന്‍ റമസാന്‍” പരിപാടിയോടെ സ്വലാത്ത് നഗറില്‍ തുടക്കമാകും. ലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തോടെയാണ് കാമ്പയിന്‍ സമാപിക്കുക.

നോമ്പ് ഒന്ന് മുതല്‍ ആരംഭിക്കുന്ന ഇഫ്താര്‍ സംഗമത്തിന് ഇക്കുറി വിപുലമായ സൗകര്യങ്ങളാണ് സ്വലാത്ത് നഗറില്‍ ഒരുക്കിയിട്ടുള്ളത്. മലപ്പുറത്തെയും പരിസരങ്ങളിലെയും വീടുകളില്‍ നിന്നെത്തിക്കുന്ന വിഭവങ്ങള്‍ കൊണ്ട് ആയിരത്തിലധികം പേര്‍ക്കാണ് ദിവസവും നോമ്പുതുറയൊരുക്കുക. പ്രകൃതി സൗഹൃദ രീതിയിലാണ് ഇഫ്താറുകള്‍. വ്യാഴാഴ്ച നടക്കുന്ന നോമ്പ് തുറയില്‍ ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യാതിഥിയാകും. വിവിധ മഹല്ല് പ്രതിനിധികള്‍ സംബന്ധിക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ നോമ്പ് തുറ വരെ പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ ഗ്രാന്റ് മസ്്ജിദില്‍ വിജ്ഞാനവേദിയും പ്രാര്‍ത്ഥനാ സദസുമുണ്ടാകും. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റിലീഫ് ക്യാമ്പുകള്‍ സംഘടിപ്പിക്കും.

വനിതകള്‍ക്ക് “നല്ല കുടുംബം നല്ല സമൂഹം” എന്ന ശീര്‍ഷകത്തില്‍ പ്രത്യേക ആത്മീയ വൈജ്ഞാനിക സദസ്സുകള്‍ സംഘടിപ്പിക്കും. മെയ് 19ന് രാവിലെ 10 മുതല്‍ 12.30 വരെ നടക്കുന്ന പരിപാടി 20 ദിവസം നീണ്ടു നില്‍ക്കും. വിവിധ വിഷയങ്ങളില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, വി പി എ തങ്ങള്‍ ആട്ടീരി, ഡോ. ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശാക്കിര്‍ ബാഖവി മമ്പാട്, ഒ.പി അബ്ദുസ്സമദ് സഖാഫി തുടങ്ങിയ പ്രമുഖ പണ്ഡിതര്‍ നയിക്കുന്ന ക്ലാസുകള്‍ക്ക് പുറമെ സംശയ നിവാരണത്തിനും അവസരമുണ്ടാവും.

എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 തൊട്ട് പ്രത്യേക ആത്മീയ മജ്‌ലിസ് ഒരുക്കുന്നുണ്ട്. നോമ്പ് മുപ്പത് വരെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് ക്ലാസും ഇഅ്തികാഫ് ജല്‍സയുമുണ്ടാകും. ജല്‍സക്കെത്തുന്നവര്‍ക്ക് നോമ്പുതുറ, അത്താഴം, മുത്താഴം, താമസമടക്കമുള്ള സൗകര്യങ്ങള്‍ പ്രത്യേകം ഒരുക്കും. റമളാനിലെ എല്ലാ ദിവസവും വൈകുന്നേരം നാലുമുതല്‍ ചരിത്രപഠനവും വിജ്ഞാന പരീക്ഷയും നടക്കും. ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന പരിപാടിക്ക് സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വം നല്‍കും.

ഹജ്ജ് ഉംറ ഉദ്ദേശിച്ചവര്‍ക്കായി പ്രത്യേക ഹജ്ജ് ഗൈഡന്‍സും പ്രായോഗിക പരിശീലനവും സംഘടിപ്പിക്കും. റംസാന്‍ എട്ടിന് ളുഹര്‍ നിസ്‌കാരാനന്തരം ആരംഭിച്ച് നോമ്പ്തുറയോടെ സമാപിക്കുന്ന പരിശീലന പരിപാടിക്ക് സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കും. സംശയ നിവാരണത്തിന് പ്രത്യേക സൗകര്യവും ഉണ്ടാകും.

റമളാന്‍ 9ന് നടക്കുന്ന സകാത്ത് സെമിനാറില്‍ കര്‍മ്മശാസ്ത്ര രംഗത്തെ പ്രമുഖര്‍ വിഷയമവതരിപ്പിക്കും. നോമ്പ് പതിനാറിന് ബദര്‍ നേര്‍ച്ചയും മൗലിദ് പാരായണവും നടക്കും. വിശ്വാസ സംരക്ഷണത്തിന് ധര്‍മ്മ സമരത്തിനിറങ്ങിയ 313 ബദ്‌രീങ്ങളുടെ പേരുകള്‍ ഉരുവിട്ട്, പ്രാര്‍ത്ഥനയോടെ പിരിയുന്ന വേദിയില്‍ ആയിരക്കണക്കിനാളുകള്‍ സംബന്ധിക്കും. റമളാന്‍ 20ന് മഹല്ലുകളിലൂടെ പൈതൃകയാത്ര നടക്കും.
ഖുര്‍ആന്‍ അവതരണ മാസം കൂടിയായ പുണ്യമാസത്തിലെ ഞായറാഴ്ചകളില്‍ ഏഴു മണിതൊട്ട് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കും. ഖത്മുല്‍ ഖുര്‍ആന്‍, മഹല്ല് കൂട്ടായ്മ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തുടങ്ങിയ പരിപാടികളും കാമ്പയിന്‍ കാലയളവില്‍ നടപ്പിലാക്കും. അന്ധബധിരരായവര്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണവും ഓറിയന്റേഷന്‍ ക്യാമ്പും നടക്കും.

സ്വലാത്ത് നഗറിലെ റംസാന്‍ പരിപാടികളില്‍ നേരിട്ടു സംബന്ധിക്കാന്‍ കഴിയാത്തവര്‍ക്കായി പരിപാടികള്‍ മഅ്ദിന്‍ വെബ്‌സൈറ്റ് വഴിയും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്. റംസാന്‍ ചൈതന്യം പകര്‍ന്ന് കൊടുക്കുന്ന സെമിനാറുകളും സംഘടിപ്പിക്കും. റമളാനില്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന തറാവീഹ് നിസ്‌കാരത്തിന് ഹാഫിള് നഈം നേതൃത്വം നല്‍കും.

വിശുദ്ധ റമസാനിന്റെ സന്ദേശം കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും എത്തിക്കുന്നതിന് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ കര്‍മ്മ പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ഈ വര്‍ഷം 83 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തിന് പുറത്ത് തമിഴ്‌നാട്, ഗുജറാത്ത്, കാശ്മീര്‍, തെലുങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യു എ ഇ, തുടങ്ങിയ വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നത്. വൈജ്ഞാനിക അവബോധം നല്‍കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, റമസാനിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നത്.

റംസാന്‍ ഇരുപത്തിയേഴാം രാവില്‍ ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനുള്ള ഒരുക്കങ്ങളും സ്വലാത്ത് നഗറില്‍ ആരംഭിച്ചിട്ടുണ്ട്. 5555 അംഗ സ്വാഗത സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്.
ഈ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രതേൃക ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്: 9633158822, 9946623412 വെബ്‌സൈറ്റ്: www.madin.edu.in

വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചവര്‍: സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി (ചെയര്‍മാന്‍, മഅ്ദിന്‍ അക്കാദമി), പരി മുഹമ്മദ് (സെക്രട്ടറി, മഅ്ദിന്‍ അക്കാദമി), അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി (കണ്‍വീനര്‍, സ്വാഗത സംഘം), മുജീബ് റഹ്മാന്‍ വടക്കേമണ്ണ(മീഡിയാ കണ്‍വീനര്‍, സ്വാഗത സംഘം).

Latest