Connect with us

Kerala

പുണ്യങ്ങളുടെ സ്വര്‍ഗവാതില്‍ തുറന്ന് വിശുദ്ധ റമസാന്‍ തുടങ്ങി

Published

|

Last Updated

വിശുദ്ധ റമസാനിനെ വരവേല്‍ക്കാന്‍ സജ്ജമായ ഡല്‍ഹി ജുമാ മസ്ജിദ് ചിത്രം: പി കെ നാസര്‍

തിരുവനന്തപുരം: പുണ്യങ്ങളുടെ സ്വര്‍ഗവാതിലിലേക്ക് വിശ്വാസി ഹൃദയങ്ങളെ ആനയിച്ച് വിശുദ്ധ റമസാന്‍ തുടങ്ങി. ഇനി സുകൃതങ്ങളുടെ മുപ്പത് നാളുകള്‍. അനുഗ്രഹം, പാപമോചനം, നരകമോക്ഷം തുടങ്ങി വിശ്വാസി ജീവിതങ്ങളുടെ മൂന്ന് അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ അരങ്ങൊരുക്കുകയാണ് ഈ പുണ്യമാസം. ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് റമസാന്‍ തുടങ്ങിയത്. മനസ്സിനും ശരീരത്തിനുമുള്ള ആരാധനയാണ് വ്രതം. സ്രഷ്ടാവിനുള്ള സമര്‍പ്പണമായി പകല്‍ മുഴുവന്‍ അന്നപാനീയങ്ങളോട് അകന്നുനില്‍ക്കുന്നു.

വിശുദ്ധ മതം വിശ്വാസിക്കായി പാകപ്പെടുത്തിയ പഞ്ചസ്തംഭങ്ങളിലൊന്നാണ് ആണ്ടിലൊരിക്കല്‍ വിരുന്നെത്തുന്ന വിശുദ്ധ റമസാന്‍. വൈകാരിക വിക്ഷോഭങ്ങളെ വ്രതാനുഷ്ഠാനത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള അവസരം. പട്ടിണിയെന്തെന്ന് സ്വയം തിരിച്ചറിയുന്നതിനൊപ്പം പട്ടിണി കിടക്കുന്നവരിലേക്ക് കണ്ണെത്താനും നോമ്പ് അവസരമൊരുക്കുന്നു. സഹജീവികളോട് സഹാനുഭൂതിയുണ്ടാക്കാന്‍ വഴിയൊരുക്കുകയാണ് ഇതിലൂടെ. തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും സത്കര്‍മങ്ങള്‍ ചെയ്യാനും പ്രേരണയാകുന്നു. ഇതിലൂടെ മനസ്സും ശരീരവും സംസ്‌കരിച്ചെടുക്കുകയെന്ന ദൗത്യ നിര്‍വഹണം പൂര്‍ത്തീകരിക്കുന്നു.

ലോകത്തിന് മാര്‍ഗദര്‍ശനമായ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണെന്നത് റമസാനിന്റെ പുണ്യം കൂട്ടുന്നു. ഖുര്‍ആന്‍ പാരായണത്തിന് കൂടുതല്‍ സമയം നീക്കിവെച്ചാണ് ഖുര്‍ആന്‍ പിറവിയുടെ ആഘോഷം. പലവട്ടം ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്യാന്‍ വിശ്വാസി സമയം കണ്ടെത്തുന്നു. ആരാധനകള്‍ക്കുള്ള പ്രതിഫലം ഇരട്ടികളായി ഉയരുന്നുവെന്നതും റമസാനിന്റെ പ്രത്യേകത തന്നെ. തറാവീഹ് നിസ്‌കാരവും റമസാനിലെ മാത്രം പ്രത്യേകത. നിര്‍ബന്ധിത സക്കാത്തിനൊപ്പം മറ്റു ദാനധര്‍മങ്ങള്‍ക്കും വിശ്വാസികള്‍ മുന്നോട്ടുവരുന്നു.

റമസാന്‍ സന്ദേശം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ വിപുലമായ പദ്ധതികളാണ് മുസ്‌ലിം സംഘടനകളെല്ലാം നടത്താറുള്ളത്. ഈ വര്‍ഷവും ഇതിന് മാറ്റമില്ല. പല സംഘടനകളും പ്രത്യേക ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. റമസാന്‍ പ്രഭാഷണങ്ങള്‍, ഇഫ്താര്‍ സംഗമങ്ങള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. മതസൗഹാര്‍ദ വേദികളായി കൂടി ഈ സംഗമങ്ങള്‍ മാറും.

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകള്‍ക്ക് കീഴില്‍ കേരളത്തിലും ദേശീയതലത്തിലും ഐ സി എഫിന് കീഴില്‍ വിദേശ രാജ്യങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.