Connect with us

Articles

നന്മക്കുള്ള രണ്ട് സംഗതികള്‍

Published

|

Last Updated

മനുഷ്യനെ ഇച്ഛക്ക് മേല്‍ നിയന്ത്രണമുള്ളവനും സൂക്ഷ്മതയുള്ളവനും ഭക്ഷണത്തിന്റെ വിലയറിയുന്നവനും ആക്കുന്നതിന് വേണ്ടിയാണ് നോമ്പ് നിശ്ചയിച്ചത്. നോമ്പ് കൊണ്ട് തന്നെ റമസാന്‍ മാസം വിശുദ്ധമാണ്. എന്നാല്‍ അതിനേക്കാള്‍ എത്രയോ പ്രധാനമാണ് ആ മാസത്തിലാണ് ഖുര്‍ആന്‍ ഇറങ്ങിയത് എന്നത്. മനുഷ്യന്റെ ചിന്തയും അറിവും ബോധവും പൂര്‍ണമാക്കാന്‍ വേണ്ടി പരിശുദ്ധ ഖുര്‍ആന്‍ ഇറക്കി. ഖുര്‍ആനില്‍ എല്ലാമുണ്ട്. അതിലെ ഓരോ ഭാഗവും റസൂലുല്ലാഹി(സ) വിവരിച്ച് വ്യക്തമാക്കി തന്നിട്ടുണ്ട്. “ഖുര്‍ആന്‍ ഇറങ്ങിയത് ഈ മാസത്തിലാണ്. ജനങ്ങള്‍ക്ക് സന്മാര്‍ഗമായാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത്.”(അല്‍ബഖറ: 185) അതുകൊണ്ട് മനുഷ്യന്റെ നന്മക്കുള്ള രണ്ട് സംഗതികള്‍ ഈ റമസാനിലാണ്.

എല്ലാ അറിവിന്റെയും അടിസ്ഥാനം ഖുര്‍ആന്‍ ആണ്. ഹദീസും ഖുര്‍ആനും കൂടി കൂടിയതിന്റെ വിശദീകരണമാണ് ഫിഖ്ഹ്. ഖുര്‍ആന്റെ തഫ്‌സീറ് ഹദീസ്. ഹദീസിന്റെ തഫ്‌സീറ് ഫിഖ്ഹ്. നബി തങ്ങള്‍ വിവരിക്കാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ ഇറക്കിയത് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ വാക്കിലും പ്രവൃത്തിയിലും ഖുര്‍ആനെ വിവരിച്ചിട്ടുണ്ട്. റസൂലുല്ലാഹി(സ)യുടെ സംസാരത്തെ പറ്റി ഖുര്‍ആന്‍ പറഞ്ഞത് റസൂല്‍ പറഞ്ഞ സംസാരങ്ങളെല്ലാം വഹ്‌യ് ആണ്. വെറുതെ സംസാരിക്കുകയല്ല. അങ്ങനെ ഖുര്‍ആനില്‍ നിന്ന് റസൂല്‍ മനസ്സിലാക്കിയതും അങ്ങനെയല്ലാതെ റസൂലുല്ലാഹി(സ)യുടെ മനസ്സിലേക്ക് ഇറക്കിക്കൊടുത്തതും ഒക്കെയാണ് റസൂലുഹി(സ)യുടെ കലാം. നബി തങ്ങള്‍ അതനുസരിച്ചാണ് എല്ലാ കാര്യങ്ങളും വിവരിച്ചതും ഇസ്‌ലാമിക അനുഷ്ഠാന കര്‍മങ്ങളുടെ രീതി മനസ്സിലാക്കിയതും.

സ്വഫാ മര്‍വയുടെ ഇടയിലുള്ള സഅ്‌യില്‍ സഫ കൊണ്ട് തുടങ്ങാനുള്ള കാരണത്തെക്കുറിച്ചു റസൂല്‍(സ) പറഞ്ഞത് അല്ലാഹു ഖുര്‍ആനില്‍ സഫ കൊണ്ടാണ് തുടങ്ങിയത്, അതുകൊണ്ട് ഞാനും സഫ കൊണ്ട് തുടങ്ങുന്നുവെന്നാണ്. “നിശ്ചയം സഫയും മര്‍വയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്” എന്ന ആശയം വരുന്ന ആയത്ത് ഓതിയാണ് റസൂല്‍(സ) ഇത് വിശദീകരിച്ചത്. ഇങ്ങനെ ഓരോന്നും ഖുര്‍ആനിന്റെ രേഖയനുസരിച്ച് റസൂലുല്ലാഹി(സ) കാട്ടിത്തന്നു. ഖുര്‍ആന്‍ പൂര്‍ണമായി മനസ്സിലാക്കിയ ആള്‍ നബി (സ) തങ്ങളാണ്. ചിലത് ലളിതമായ പ്രയോഗങ്ങളായിരിക്കും. അത് വിവരിക്കേണ്ട ആവശ്യമില്ല. വിശദീകരണം ആവശ്യമുള്ള സ്ഥലത്ത് റസൂല്‍(സ)യില്‍ നിന്ന് ലഭിച്ചതല്ലാത്ത ഒരു വിശദീകരണവും എടുക്കാന്‍ പറ്റില്ല. അതിനെതിരായി ആര് പറഞ്ഞാലും അത് സ്വീകരിക്കരുത്. റസൂല്‍ (സ) വിവരിക്കാതെ ഒഴിച്ചിട്ടിട്ടുണ്ടെങ്കില്‍ അത് നമുക്ക് വ്യാഖ്യാനിക്കാനും പറ്റില്ല. മുഹ്കമാത്തും മുതശാബിഹാത്തുമുണ്ടല്ലോ, മുതശാബിഹാത്തിന് നമുക്ക് വ്യാഖ്യാനം പറയാന്‍ പാടില്ല എന്നാണ്. ഹൃദയത്തില്‍ വളവുള്ള വിഭാഗക്കാര്‍ മുതശാബിഹാത്തിനെ പിന്‍പറ്റും. എന്നിട്ട് മുതശാബിഹാത്തിനെ വ്യാഖ്യാനിച്ച് ജനങ്ങളെ വഴിതെറ്റിക്കും. ഇല്‍മില്‍ നല്ല ത്രാണിത്വം ഉള്ളവര്‍ക്കേ ഖുര്‍ആന്‍ മനസ്സിലാവുകയുള്ളൂ.

ഞങ്ങള്‍ ഇരുമ്പുചോല ഓതുന്ന കാലത്ത് ഒരു മുസ്‌ലിയാര്‍, “രാവ് പകുതിയായാല്‍ അല്ലാഹു ഇറങ്ങിവരും” എന്ന തരത്തില്‍ ഹദീസ് ഓതി വയള് പറഞ്ഞു. അവിടെ പഠിക്കുന്ന ആളാണ് മുസ്‌ലിയാര്‍. പിറ്റേന്ന് ക്ലാസിന് ചെന്നപ്പോള്‍ ഉസ്താദ് ചോദിച്ചു: എന്താ ജ്ജ് ആ പറഞ്ഞത്? അന്റെ മാതിരി ഒരാളാണ് അല്ലാഹു എന്ന് വിചാരിച്ചൊ, ഇറങ്ങിവരാന്‍. ഏട്‌ന്നേ അനക്ക് ആ ഹദീസ് കിട്ടിയത്. അത് ഓതിയാ ജനങ്ങക്ക് മനസ്സിലാക്ണ വ്യാഖ്യാനം പറയണ്ടെ?” ഇത്തരം കാര്യങ്ങളില്‍ ശൈഖുനാ ഒ കെ ഉസ്താദ് കര്‍ശനമായിരുന്നു. നമ്മുടെ പൂര്‍വികരായ സത്യവാദികള്‍ മുതശാബിഹാത്തിന് പദാര്‍ഥം പറയുക തന്നെയില്ല.

ഖുര്‍ആന്റെ പദാനുപദ വിവര്‍ത്തനം പാടില്ല. പദാനുപദ വിവര്‍ത്തനം കൊണ്ട് പല നാശവും വരാനുണ്ട്. ഒന്ന് അറബി ഭാഷയുടെ ഘടന അനുസരിച്ചു “മുളാഫ് ഇലൈഹി” മുന്തീട്ടും “മുളാഫ്” പിന്തീട്ടുമാണ്. അത് മലയാളത്തിലേക്ക് മാറ്റുമ്പോള്‍ വ്യത്യാസപ്പെടുമല്ലോ. അല്ലാഹുവിന്റെ അടിമ എന്നതില്‍ അല്ലാഹു എന്നതിനെ മുന്തിച്ചിട്ടാണ് മലയാളത്തില്‍ പറയുക. അതേസമയം അറബിയില്‍ അബ്ദുല്ല എന്ന് പറയുമ്പോള്‍ അല്ലാഹുവിനെ പിന്തിച്ചാണ് പറയുന്നത്. ഇങ്ങനെ പ്രയോഗങ്ങളിലൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഖുര്‍ആന്റെ വലിപ്പം മനസ്സിലാക്കിയ ഒരാള്‍ക്ക് അത് പരിഭാഷ ചെയ്യാന്‍ ധൈര്യം വരില്ല. ഖുര്‍ആനിലെ ചില വാക്യങ്ങളെക്കുറിച്ചു എന്താണ് ആ പറഞ്ഞതെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കാ കഴിയുക?
കുട്ടികളായിരുന്ന കാലത്ത് ഞങ്ങള്‍ നോമ്പ് ആയാല്‍ ധാരാളം ഖുര്‍ആന്‍ ഓതും. മത്സരിച്ച് ഓതും. മറ്റുള്ളവര്‍ ഓതിയതിനേക്കാള്‍ കൂടുതല്‍ ഖത്തം ഓതാനുള്ള മത്സരം. തജ്‌വീദോട് കൂടിയാണ് ഓത്ത്. അക്ഷരവൃത്തിയോടെ. അതല്ലാത്ത കാലത്ത് ഓത്ണ മാതിരിയല്ല. റമസാനില്‍ നല്ല തജ്‌വീദോട് കൂടി ഓതും. ചിലപ്പോള്‍ തജ്‌വീദിന്റെ ക്ലാസും വെക്കും.

പണ്ട് കാലത്ത് ദര്‍സിലൊക്കെ ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്നു. ഗോളശാസ്ത്രം പഠിപ്പിച്ചിരുന്നു. ജ്യോമട്രി പഠിപ്പിച്ചിരുന്നു. പിന്നെ ഖുലാസ, തസ്‌രീഹുല്‍ അഫ്‌ലാഖ്, ചഗ്മീനി, ഉഖ്‌ലൈദിസ് തുടങ്ങിയ കിത്താബുകള്‍ പഴയ കാലത്തേ ഉണ്ടായിരുന്നല്ലോ. അതെന്തിനാ? ഖുര്‍ആന്‍ പഠിക്കുമ്പോള്‍ തന്നെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ശാസ്ത്രങ്ങളും പരിചയപ്പെടണമെന്ന് പണ്ഡിതന്‍മാര്‍ മനസ്സിലാക്കിയത് കൊണ്ടാണല്ലോ. മതം ശരിയായി മനുഷ്യര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഈ ശാസ്ത്രങ്ങളെല്ലാം വേണമെന്ന് അന്നത്തെ പണ്ഡിതന്‍മാര്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് അത്.
എന്നാല്‍, അറിവ് മാത്രം പോരല്ലോ. അറിവിനനുസരിച്ച് പ്രവൃത്തി വേണ്ടേ? സത്യം എന്താ, അസത്യം എന്താ എന്ന് മനസ്സിലാക്കല്‍ അറിവാണ്. എന്നാല്‍ ആ അറിവനുസരിച്ച് പ്രവൃത്തിയില്ലെങ്കില്‍ അധഃപതിക്കും. ഒരു കത്തി, മുറിക്കാനാണ് എന്ന് അറിയാം. എന്ത് മുറിക്കണം എന്നും അറിഞ്ഞിരിക്കണമല്ലോ. ഇന്നത് മുറിക്കാം, ഇന്നത് മുറിക്കരുത് എന്നും ബോധം വേണം.

അറിവൊക്കെ ഇന്ന് എന്നത്തേക്കാളും കൂടുതലാണ്. അധഃപതനവും കൂടുതലാണ്. അറിവിനെ ഉപയോഗപ്പെടുത്തുന്നില്ല. അതാണ് പ്രശ്‌നം. അറിവിന് എതിരാണ് ജീവിതം. ശരീരത്തിന്റെ വികാരത്തിന് അനുസരിച്ച് നീങ്ങുകയാണ്. ശരീരത്തിന്റെ ഇച്ഛക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അറിവിനല്ല. ആത്മീയശുദ്ധി വരുത്തുന്നില്ല. ശാരീരിക ഇച്ഛക്ക് എതിരിലുള്ള പ്രവൃത്തി ശക്തിയാകേണ്ടതുണ്ട്. അതാണ് നോമ്പിന്റെ സന്ദേശം.