Connect with us

Ramzan

വിജ്ഞാന വിരുന്നൊരുക്കി ഉറുദികള്‍

Published

|

Last Updated

കൊച്ചി: റമസാനിലെ പവിത്ര രാവുകളെ വിജ്ഞാനം കൊണ്ട് ധന്യമാക്കാന്‍ പതിവ് തെറ്റിക്കാതെ പള്ളികളില്‍ മത വിദ്യാര്‍ഥികളുടെ ഉറുദികള്‍ തുടങ്ങി. സുബ്ഹി, മഗ്‌രിബ് നിസ്‌കാരമൊഴികെയുള്ള നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്ക് ശേഷം പള്ളിയില്‍ ഒരുമിച്ചുകൂടിയവര്‍ക്കിടയില്‍ എഴുന്നേറ്റ് നിന്ന് മതപാഠശാലയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ മത കാര്യങ്ങള്‍ പറഞ്ഞുക്കൊടുക്കുന്നതിനെയാണ് ഉറുദി എന്ന പേരില്‍ അറിയപ്പെടുന്നത്. മസാനില്‍ മാത്രമായാണ് ഇത്തരം വിജ്ഞാന സദസ്സ് കണ്ടുവരുന്നത്. വിജ്ഞാനം പകര്‍ന്നു നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് വിശ്വാസികള്‍ നല്‍കുന്ന ദാന ധര്‍മം അവര്‍ പഠിക്കുന്ന സ്ഥാപനത്തിലേക്കോ സ്വന്തം പഠന ചെലവുകളിലേക്കോ ഉപയോഗിക്കും. വടക്കന്‍ കേരളത്തിലാണ് ഇത് സര്‍വ സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ മറ്റിടങ്ങളിലും ഗ്രാമ പ്രദേശങ്ങളില്‍ ഉറുദി സമ്പ്രദായമുണ്ട്.

പഠന ചെലവിലേക്ക് ചെറിയ രൂപത്തില്‍ പണം കണ്ടെത്തുകയെന്നതിലുപരി ജനങ്ങളെ ഉത്‌ബോധിപ്പിച്ചും ഉപദേശങ്ങള്‍ നല്‍കിയും മത പ്രബോധന പ്രവര്‍ത്തനത്തിലേക്ക് കാലെടുത്തുവെക്കുകയെന്ന ലക്ഷ്യവും ഉറുദികള്‍ നിര്‍വഹിക്കുന്നു, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മത പാഠശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ റമസാന്‍ ആഗതമായാല്‍ ഇതിനായി വ്യത്യസ്ത സ്ഥലങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് യാത്രയാകും. പ്രദേശവാസികളെയോ അവിടെയുള്ള പണ്ഡിതരെയോ മുന്‍ പരിചയമില്ലാത്തതിനാല്‍ സഭാകമ്പമില്ലാതെ ഇവര്‍ക്ക് പ്രസംഗിക്കാമെന്നതും ഉറുദിയുടെ പ്രത്യേകതയാണ്.

മത വിദ്യാര്‍ഥികളെന്ന പരിഗണ നല്‍കി വിശ്വാസികള്‍ ഉറുദിക്ക് വരുന്നവരെ പ്രത്യേകം സ്വീകരിക്കും. വിശ്വാസികളില്‍ ചിലര്‍ ഇവരെ വീട്ടിലേക്ക് ക്ഷണിച്ച് നോമ്പ് തുറയും അത്താഴവുമെല്ലാം കെങ്കേമമായി നല്‍കി സത്കരിക്കും. റമസാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹ് കഴിഞ്ഞാല്‍ ഉറുദിക്കെത്തിയ വിദ്യാര്‍ഥികളെ വീട്ടില്‍ കൊണ്ടുപോകാന്‍ പലേടത്തും നാട്ടുകാരണവന്മാരുടെ മത്സരമാണ്. മുന്‍ കാലങ്ങളില്‍ റമസാന്‍ മാസപ്പിറവി കാണുന്നതിന് മുമ്പേ വിദ്യാര്‍ഥികള്‍ പള്ളികള്‍ ബുക്ക് ചെയ്യുമായിരുന്നു. എന്നാല്‍ നിലവില്‍ നവ മാധ്യമങ്ങള്‍ വഴിയെല്ലാം മത പ്രബോധനം വ്യാപകമായതോടെ ആര്‍ക്കും വിദ്യാര്‍ഥികളുടെ പ്രസംഗങ്ങള്‍ മുമ്പത്തെ ആവേശത്തില്‍ ഇരുന്ന് കേള്‍ക്കാന്‍ സമയമില്ലാതെയായി. ഇതോടെ വിദ്യാര്‍ഥികളിലും ഉറുദി പറയാന്‍ ആവേശം കുറഞ്ഞു.