Gulf
റമസാനിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുല്‍ ഹറവും പരിസരവും നിറഞ്ഞു കവിഞ്ഞു
മക്ക: വിശുദ്ധ റമസാന്റെ ആദ്യ വെള്ളിയാഴ്ച വിശുദ്ധ ഹറമും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. വ്യാഴാഴ്ച്ച രാത്രിമുതല്‍ തന്നെ ഹറമിലേക്ക് വിശ്വാസികളുടെ പ്രവാഹം തുടങ്ങിയിരുന്നു. വിശുദ്ധ റമസാനിലെ ആദ്യ ജുമുഅ നമസ്‌കരിക്കാനെത്തിയ വിശ്വാസികളെ കൊണ്ട് നിറഞ്ഞതോടെ പള്ളിയിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളും രാവിലെ തന്നെ അടച്ചിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികളടക്കമുള്ള ഉംറ തീര്‍ത്ഥാടകരും, സഊദിയിലെ സ്വദേശികളുമടക്കം ഇത്തവണ വന്‍ ജനത്തിരക്കായിരുന്നു. മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്ന ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും ശെയ്ഖ് ഡോ. അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമും, മസ്ജിദുല്‍ ഹറാമിലെ ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും ശെയ്ഖ് ഡോ. സഊദ് ബിന്‍ ഇബ്‌റാഹിം അല്‍ശുറൈമും നേതൃത്വം നല്‍കി
തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഹറമിലും പരിസരങ്ങളിലും സുരക്ഷക്കായി ഇത്തവണ മുപ്പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.