Gulf
അതിഥികളെ സത്കരിച്ച് പ്രവാചക നഗരി
മദീന: വിശ്വാസിയുടെ ഹൃദയത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞൊഴുകുമ്പോള്‍ പ്രവാചകനഗരിയിലെത്തുന്ന ആയിരക്കണക്കിന് വിശ്വാസികളെ സത്കരിക്കുന്ന തിരക്കിലാണ് മദീനാ നിവാസികള്‍.
വിശുദ്ധ റമസാന്‍ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അഥിതി സല്‍കാരത്തില്‍ പ്രായഭേദമന്യേ ഹബീബിന്റെ നാട്ടിലെത്തിയ അതിഥികളെ സലാം പറഞ്ഞു കൈപിടിച്ച് ബഹുമാനപൂര്‍വ്വം ആതിഥേയര്‍ അവരവരുടെ സുപ്രകളിലേക്ക് നോമ്പ് തുറക്കാന്‍ ക്ഷണിക്കുന്ന കാഴ്ച്ച വിശ്വാസിക്ക് മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. ഒരിക്കല്‍ അതനുഭാവിച്ചവര്‍ ജീവിതാവസാനംവരെ ഓര്‍മിക്കുമെന്നതില്‍ സംശയമില്ല.
കൂടാതെ പ്രത്യേകം തയ്യാര്‍ ചെയ്ത റൊട്ടിയും തൈരും ജ്യൂസുകളുമുണ്ടാവും. മറ്റ് നോമ്പുതുറവിഭവങ്ങള്‍ ഉണ്ടെങ്കിലും സംസം വെള്ളവും ഈത്തപ്പഴവുമാണ് എല്ലാവര്‍ക്കും നോമ്പുതുറക്കാവശ്യം. പ്രവാചകനെ ഇരുകൈകളും നീട്ടി സ്വീകരിച്ച മദീനക്കാരുടെ ആ ആദിത്യമഹിമയും സ്‌നേഹവും ഒരുകോട്ടവും വരാതെ ഇന്നും പ്രവാചകനഗരിയില്‍ നിലനില്‍ക്കുകയാണ്.
അസര്‍ നിസ്‌കാരം കഴിഞ്ഞാല്‍ പിന്നെ മദീന പള്ളിയില്‍ അകത്തും പുറത്തും സുപ്രവിരിക്കുന്നവരുടെ തിരക്കാണ്. നിസ്‌കാരത്തിന് തൊട്ടുമുമ്പേ നോമ്പുതുറവിഭവങ്ങള്‍ എത്തിയിട്ടുണ്ടാവും. സുപ്രയില്‍ വിഭവങ്ങള്‍ നിരത്താല്‍ തുടങ്ങിയാല്‍ ആ വഴി കടന്നുപോകുന്നവരെ കൈപിടിച്ച് ഇരുത്താന്‍ മത്സരിക്കുന്ന കാഴ്ച്ച വല്ലാത്ത അനുഭൂതിയാണ് വിശ്വാസിക്ക് സമ്മാനിക്കുന്നത്.