Ramzan
ഹൈടെക് ഇഫ്താര്‍
ഹൈടെക് നോമ്പുതുറകള്‍ സാര്‍വത്രികമാകുന്നു. ഒപ്പം വീടുകൡ കുടുംബങ്ങളും കൂട്ടുകാരും ഒത്തുചേര്‍ന്നുള്ള മനോഹരമായ ഇഫ്താറുകള്‍ അന്യമാകുകയും ചെയ്യുന്നു.
അനേക ലക്ഷങ്ങള്‍ മുടക്കി അതിവിപുലവും വിഭവ സമൃദ്ധവുമായ സമൂഹ തുറകളാണ് വര്‍ധിച്ചുവരുന്നത്. നഗര മധ്യത്തിലെ പള്ളികളില്‍, വ്യവസായ സ്ഥാപനങ്ങളില്‍, ആശുപത്രി പരിസരങ്ങളില്‍, പൊതു സ്ഥലങ്ങളില്‍പോലും സജീവമാണ് വമ്പന്‍ ഇഫ്താറുകള്‍. ആര്‍ഭാടകരമല്ലാത്തതും ലാളിത്യം മുറ്റിനില്‍ക്കുന്നതുമായ നോമ്പുതുറകള്‍ ആവശ്യമുള്ളയിടങ്ങളിലെല്ലാം സജീവമായി നടക്കണം. അതിന് സഹായസഹകരണങ്ങളും മറ്റും നല്‍കുകയും വേണം. അപരിചിതരും അയല്‍ സംസ്ഥാനക്കാരും യാത്രക്കാരുമായ നോമ്പുകാര്‍ക്ക് അത്തരം ഇഫ്താറുകള്‍ ഏറെ സഹായകരമാകും.
രാഷ്ട്രീയക്കാരും ഭരണാധികാരികളും പത്ര, ചാനല്‍ മുതലാളിമാരും മറ്റും ഒരുക്കുന്ന ഹൈടെക് ഇഫ്താര്‍ പാര്‍ട്ടികളില്‍ നോമ്പ് നിഷേധികളും ആഭാസം ആഗ്രഹിക്കുന്നവരുമൊക്കെ ആവേശപൂര്‍വം പങ്കെടുക്കും. ക്ഷണിക്കപ്പെടുന്ന നോമ്പുകാര്‍ അവരുടെ മനസ്സിലെ നീരസം ഉള്ളിലൊതുക്കി സമയമൊപ്പിക്കാന്‍ പാടുപെടും. ഇത്തരം ഭക്ഷണ വിതരണങ്ങള്‍ക്ക് സമൂഹ നോമ്പുതുറയെന്ന് പ്രചരിപ്പിക്കുന്നതിനേക്കാള്‍ സൗഹൃദ സദ്യയെന്നോ സ്‌നേഹ വിരുന്ന് എന്നോ മറ്റോ പറയുന്നതാണ് നല്ലത്.
ഭക്ഷണം നല്‍കുന്നതിനും നോമ്പ് തുറപ്പിക്കുന്നതിനും അതി മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന മതമാണ് ഇസ്‌ലാം. അതിരുകളില്ലാതെ ഭക്ഷണം കഴിക്കുന്നത് തിരുനബിക്ക് ഇഷ്ടമായിരുന്നില്ല. സ്വഹാബികളെല്ലാം സത്കാര പ്രിയരായിരുന്നു. സ്വയം പട്ടിണി കിടന്നു പോലും മറ്റുള്ളവരെ സത്കരിക്കുന്ന പ്രകൃതക്കാരാണ് സത്യവിശ്വാസികള്‍. ഇബ്‌റാഹിം (അ) തന്റെ വീടിന്റെ നാല് ഗെയിറ്റിലൂടെയും വിരുന്നുകാരെ തിരക്കുമായിരുന്നു.
നോമ്പതുറയുടെ പേരില്‍ അമിതമായി ഭക്ഷ്യ വിഭവങ്ങളുണ്ടാക്കുകയും അവയില്‍നിന്ന് അല്‍പ്പം മാത്രം കഴിച്ച് ബാക്കിയെല്ലാം കത്തിക്കുകയോ കളയുകയോ ചെയ്യുന്ന ക്രൂരമായ വിനോദം പാവങ്ങളുടെ വിശക്കുന്ന വയറിനേല്‍ക്കുന്ന ഉണങ്ങാത്ത മുറിവാണ്. ആഹാരത്തിനുവേണ്ടി ആര്‍ത്തിയോടെ കഴിയുന്ന ആയിരങ്ങള്‍ തിങ്ങിത്താമസിക്കുന്ന രാജ്യത്ത് വിശേഷിച്ചും.
എത്ര വലിയ പ്രതിഫലമാണ് നോമ്പ് തുറപ്പിക്കുന്നതിന്!. നോമ്പുകാരന്റെ അതേ പ്രതിഫലം ഒട്ടും കുറയാതെ തുറപ്പിച്ചവനും ലഭിക്കും. ഒപ്പം പാപമോചനവും നരകമോചനവും. മൂന്ന് മെഗാ ഓഫറുകളാണ് ഒറ്റ ഹദീസില്‍ കാണുന്നത്. ഈത്തപ്പഴം കൊണ്ടോ പാലുകൊണ്ടോ ലളിതമായി തുറപ്പിക്കുന്നവന്റെ പ്രതിഫലമാണിത്. എങ്കില്‍ വിഭവ സമൃദ്ധമായ സദ്യയൊരുക്കി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നവരുടെ പ്രതിഫലം എത്ര മഹത്തായിരിക്കും.
ഈ റമസാനില്‍ 30 പേരെയെങ്കിലും നോമ്പ് തുറപ്പിക്കാന്‍ നമുക്കും പ്രതിജ്ഞയെടുക്കാം. 15 വീതം രണ്ട് തവണയായോ 10 വീതം മൂന്ന് ഘട്ടങ്ങളായോ ആകാം. പഴയ കാല നോമ്പു തുറകള്‍ കുടുംബങ്ങളില്‍ സജീവമായി മടങ്ങി വരട്ടെ, ഈ റമസാനിലെങ്കിലും.