Gulf
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമസാന്‍ പ്രഭാഷണം ശനിയാഴ്ച
ദുബൈ: 22ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമസാന്‍ പ്രഭാഷണം മെയ് 26 ശനിയാഴ്ച നടക്കും. ഇസ്ലാമും നവലോക ക്രമവും എന്ന വിഷയത്തിലാണു പ്രഭാഷണം. ദുബൈ ഊദ് മേത്തയില്‍ ലത്തീഫ ഹോസ്പിറ്റലിനു സമീപമുള്ള അല്‍ വസല്‍ ക്ലബ്ബില്‍ വെച്ചാണു ഈ വര്‍ഷത്തെ പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രഭാഷണത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് മര്‍കസ് സാരഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഖുര്‍ആന്‍ അവതരിക്കപ്പെട്ട വിശുദ്ധ റമസാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചരണത്തിനവും പഠനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബൈ ഗവണ്‍മെന്റ് കഴിഞ്ഞ 22 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ശ്രദ്ധേയമായ സംരംഭമാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍. ഇതിന്റെ ഭാഗമായാണ് വിദേശികള്‍ക്കായി പ്രഭാഷണം ഒരുക്കിയിരിക്കുന്നത്.
സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍, മര്‍കസ് വൈസ് ചാന്‍സലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യാപനം, പ്രഭാഷണം, എഴുത്ത്, പ്രബോധനം തുടങ്ങിയ മേഖലകളില്‍ ധൈഷണിക ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വമാണ്. നേരത്തേ പി എച്ച് ഡി പൂര്‍ത്തിയാക്കിയ അദ്ദേഹം മര്‍കസിനു കീഴില്‍ ആരംഭിച്ച ലോ കോളേജില്‍ നിന്ന് ഈ വര്‍ഷം എല്‍ എല്‍ ബി ബിരുദം നേടുകയും അഭിഭാഷകനായി എന്റോള്‍ ചെയ്തിരിക്കുകയുമാണ്.
സങ്കീര്‍ണതകള്‍ നിറഞ്ഞിരിക്കുകയാണ് ആധുനിക ലോകത്ത്. അസ്വസ്ഥതകള്‍ പടര്‍ന്നു കൊണ്ടിരിക്കുന്നു. ഏകധ്രുവ ലോകം പടുത്തുയര്‍ത്തുന്നതിനുള്ള ആധിപത്യ ശ്രമങ്ങളും ആഗോളീകരണത്തിലൂടെ തുറന്ന വിപണി സ്ഥാപിച്ച് ഉള്ളവര്‍ക്ക് തടിച്ചുകൊഴുക്കാനും ഇല്ലാത്തവരെ പരമ ദാരിദ്രത്തിലേക്ക് കൊണ്ടുപോകാനുമാണു ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സമകാലിക സമസ്യകളോട് സംവദിക്കാന്‍ പര്യാപ്തമാണ് വിശുദ്ധ ഇസ്‌ലാം എന്ന് സമര്‍ഥിക്കുന്നതാവും പ്രഭാഷണം.
മതത്തിന്റെ പേരിലും ഇത്തരം നിഗൂഢമായ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. പാരമ്പര്യത്തെയും മൂല്യങ്ങളെയും വിസ്മരിച്ച് മുന്നോട്ടു നീങ്ങുന്ന സമൂഹത്തിനു വിജയത്തിലെത്താന്‍ സാധിക്കില്ലെന്ന സന്ദേശം നല്‍കുന്നതാവും പ്രഭാഷണം. ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുകയും മറുവിഭാഗങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ മരുന്നിട്ടുകൊടുക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ വിശുദ്ധ മതത്തിന്റെ യഥാര്‍ഥമായ പാരമ്പര്യവും സംസ്‌കൃതിയും മനസ്സിലാക്കണമെന്നും അത്തരം ചിന്താധാരകള്‍ ഉപേക്ഷിച്ച് പാരമ്പര്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് ഉദ്‌ഘോ ഷിക്കുന്നതോടൊപ്പം മുഴുവന്‍ സമൂഹത്തിന്റെയും നന്മയും സഹകരണവുമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്ന സന്ദേശം നല്‍കുന്നതുമാവും പ്രഭാഷണം.
പ്രഭാഷണം വിജയിപ്പിക്കുന്നതിന് രൂപീകൃതമായ സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. വിവിധ രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നാലായിരത്തില്‍പരം പേര്‍ക്ക് പ്രഭാഷണം ശ്രവിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഇശാ തറാവീഹ് നിസ്‌കാരങ്ങള്‍ക്ക് പ്രത്യേക സൗകര്യവും വിശാലമായ പാര്‍കിംഗ് സൗകര്യവും ഉണ്ടായിരിക്കും ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പെടുത്തും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
പരിപാടിയില്‍ ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍ക്ക് പുറമെ പ്രമുഖ നേതാക്കളും സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖ അതിഥികളായി സംബന്ധിക്കും. പ്രമുഖ പണ്ഡിതരും സാദാത്തുക്കളും പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
ദുബൈ ഇസ്ലാമിക് അഫയേര്‍സ് ഡിപ്പാര്‍ട്മെന്റിന്റെ റമസാന്‍ പരിപാടിയായ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് റമസാന്‍ ഗാതറിംഗില്‍ ഇപ്രാവശ്യം മര്‍കസ് പ്രതിനിധിയായി പ്രമുഖ പണ്ഡിതനും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിക്കും. വ്യാഴാഴ്ച രാത്രി 10ന് റാശിദിയ്യ ബിന്‍ സൂഖാത്തിനു സമീപമുള്ള ഗ്രാന്‍ഡ് മസ്ജിദിലാണു ഈ പരിപാടി ഒരുക്കിയിരിക്കുന്നത്.
ദുബൈ മതകാര്യവകുപ്പിന്റെ അംഗീകാരത്തോടെ രണ്ടര പതിറ്റാണ്ടിലധികമായി ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന മത, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനമാണ് ദുബൈ മര്‍കസ്. അബൂഹൈലിലെ വിശാലമായ കെട്ടിട സമുച്ചയത്തിലാണ് മര്‍കസ് ആസ്ഥാനം. മര്‍കസ് കേന്ദ്രീകരിച്ച് ഇസ്ലാമിക് പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി മദ്രസ, വയോജന ക്ലാസ്സുകള്‍, അന്യഭാഷാ പഠന കോഴ്സുകള്‍, ഖുര്‍ആന്‍ പഠന കേന്ദ്രം, ഇസ്ലാമിക് ലൈബ്രറി എന്നിവക്ക് പുറമെ മലയാളികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ധാര്‍മിക ബോധവത്കരണം, വിദ്യാഭ്യാസ തൊഴില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍, ആരോഗ്യ ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.
വിശുദ്ധ റമസാനില്‍ എല്ലാ ദിവസവും നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താര്‍, നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ എന്നിവ പ്രത്യേകമായി ഏറ്റെടുത്ത് നടത്തുന്നുണ്ട്. ദുബൈയിലെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേക അനുമതിയോടെ പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും ഒരുക്കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍, മര്‍കസ് മാനേജര്‍ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഖാസിം, മുല്‍തക സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കരീം വെങ്കിടങ്ങ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ശരീഫ് കാരശ്ശേരി, മര്‍കസ് പബ്ലിക് റിലേഷന്‍ മാനേജര്‍ ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ് സംബന്ധിച്ചു.