Connect with us

Kerala

ആശങ്ക; അതീവ ജാഗ്രത: നിപ്പ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്ര സംഘം

Published

|

Last Updated

കോഴിക്കോട്: നിപ്പാ വൈറസ് ബാധയില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്താകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വൈറസ് ബാധയെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്ര സംഘം ഇന്നലെ കോഴിക്കോട്ടും പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒന്നര മീറ്ററിനുള്ളില്‍ ഇടപഴകിയാല്‍ നിപ്പാ വൈറസ് വായുവിലൂടെയും പകര്‍ന്നേക്കാമെന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കി. എയിംസ് സംഘം ഇന്നെത്തുന്നുണ്ട്.

മന്ത്രിമാരായ കെ കെ ശൈലജ ടീച്ചറും ടി പി രാമകൃഷ്ണനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തെ അനുഗമിച്ചു. നിപ്പ വൈറസ് അപടകാരിയാണെങ്കിലും ആശങ്കയുടെയും ഭീതിയുടെയും ആവശ്യമില്ലെന്ന് ഉന്നത തല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുമെന്നും എല്ലാ കേന്ദ്രങ്ങളും ജാഗരൂകരാണെന്നും മന്ത്രി വ്യക്തമാക്കി. എന്‍ സി ഡി സി (നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) ഡയറക്ടര്‍ ഡോ. സുജീത് കെ സിംഗാണ് കേന്ദ്ര സംഘത്തെ നയിച്ചത്. എന്‍ സി ഡി സിയിലെ എപിഡെമിയോളജി മേധാവി ഡോ. എസ് കെ ജയിന്‍, ഇ എം ആര്‍ ഡയറക്ടര്‍ ഡോ. പി രവീന്ദ്രന്‍, സൂനോസിസ് ഡയറക്ടര്‍ ഡോ. നവീന്‍ ഗുപ്ത, റസ്പിറേറ്ററി ഫിസിഷ്യന്‍, ന്യൂറോ ഫിസിഷ്യന്‍, അനിമല്‍ ഹസ്ബന്‍ഡറി വിദഗ്ധന്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

അതേസമയം, വൈറസിന്റെ ഉറവിടം വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കാത്തതും വൈറസിന്റെ വ്യാപനവും ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. രോഗികളെ ചികിത്സിച്ച നഴ്‌സ് മരിച്ചത് ഈ ആശങ്ക ഇരട്ടിപ്പിക്കുകയാണ്. കൂടുതല്‍ ഇടങ്ങളില്‍ നിന്ന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഭീതിയേറ്റുന്നു.

കോഴിക്കോട് ചികിത്സയിലായിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശ്ശേരി (31) യാണ് നിപ്പ രോഗലക്ഷണങ്ങളോടെ ഒടുവില്‍ മരിച്ചത്. പകര്‍ച്ചപ്പനിയില്‍ ഇതുവരെ മരിച്ചവുടെ എണ്ണം പത്തായി. ചികിത്സയിലിരിക്കുന്ന ഒരാളില്‍ക്കൂടി നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. രണ്ട് നഴ്‌സുമാരെ കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പത് പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. പേരാമ്പ്ര സ്വദേശി ജാനകിക്കാണ്് വൈറസ് ബാധ സ്ഥിരീകരിച്ചത്. പേരാമ്പ്ര ആശുപത്രിയില്‍ രോഗിക്ക് ഇവര്‍ കൂട്ടിരിന്നിരുന്നു. മരിച്ച സഹോദരങ്ങളെ ചികിത്സിച്ച ഷിജി, ജിഷ്്ണ എന്നീ നഴ്‌സുമാര്‍ക്കാണ് പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

അടിയന്തരമായി ഉപകരണങ്ങള്‍ വാങ്ങാനും മറ്റുമായി 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. അത്യാവശ്യമായ ജീവനക്കാരെ നിയമിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ചങ്ങരോത്ത് പഞ്ചായത്തില്‍ അഞ്ച് പേര്‍ മരിച്ച വീട്ടിലെ കിണറില്‍ വവ്വാലുകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് കിണര്‍ മൂടിയിട്ടു.

Latest