Connect with us

Ramzan

കാരുണ്യത്തിന്റെ മനസ്സ് രൂപപ്പെടുന്നില്ലേ?

Published

|

Last Updated

വിശ്വാസി മനസ്സുകളില്‍ കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും വിശുദ്ധ വികാരം പതഞ്ഞുപൊങ്ങുന്ന അനുഗൃഹീത കാലമാണ് റമസാന്‍. ഏത് കടുത്ത പ്രകൃതക്കാരന്റെയും മനസ്സ് മൃദുലവും ലോലവുമാകുന്ന അനര്‍ഘ അവസരം. അത്യുന്നതനും അത്യുദാരനുമായ അല്ലാഹു പ്രത്യേകമായി അവന്റെ അനുയായികള്‍ക്ക് അനുഗ്രഹം വര്‍ഷിക്കുന്ന കാരുണ്യത്തിന്റെ പത്ത് നാളുകളില്‍ വിശേഷിച്ചും.

കോടാനുകോടി വിശ്വാസികള്‍ പരമദയാനിധിയും കരുണാമയനുമായ അല്ലാഹുവോട് കാരുണ്യം കൊതിച്ച് പ്രാര്‍ഥനാനിരതരാകുന്ന റമസാനിലെ ആദ്യ പത്ത് നാളുകളില്‍ അഞ്ചും നമ്മോട് വിടപറഞ്ഞു. കേവലം നാല് നാളുകളേ ബാക്കിയുള്ളൂ. നമ്മിലെത്ര പേര്‍ അനുവദിക്കപ്പെട്ട പ്രത്യേക ആനുകൂല്യം ഉപയോഗപ്പെടുത്തി അല്ലാഹുവോട് കാരുണ്യം തേടി. പള്ളികളിലും മറ്റും നടക്കുന്ന പൊതുപ്രാര്‍ഥനകള്‍ക്ക് ആമീന്‍ പറയുന്നതിനപ്പുറം ഉത്തരം ഉറപ്പിക്കാവുന്ന പ്രധാന ഘട്ടങ്ങളില്‍ സ്വന്തം മനസ്സുരുകി ദുആ ചെയ്യുന്നുണ്ടോ?. പാതിരാത്രികളിലെ ഇരുളുകളുടെ ചുരുളുകളില്‍ ആത്മാര്‍ഥമായി ആവര്‍ത്തിച്ചു പ്രാര്‍ഥിക്കുക. “അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമര്‍റാഹിമീന്‍…”

അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാതെ ഒരാള്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല. നമ്മുടെ കര്‍മങ്ങള്‍ കൊണ്ടൊന്നും വിജയിക്കില്ല ഒരിക്കലും. തിരുനബി (സ) പഠിപ്പിച്ച പ്രാര്‍ഥനയില്‍ അത് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. അല്ലാഹു സൃഷ്ടിച്ച നൂറ് കാരുണ്യത്തില്‍ നിന്ന് ഒന്ന് മാത്രമേ ഭൂമിയിലേക്ക് ഇറക്കിയിട്ടുള്ളൂ. ആ ഒന്ന് കൊണ്ടാണ് ഭൂവാസികള്‍ മൊത്തവും കാരുണ്യം കാണിക്കുന്നത്. ബാക്കിയുള്ള 99 ഭാഗവും സുകൃതരായ വിശേഷാല്‍ അടിമകള്‍ക്ക് പരലോകത്ത് ആസ്വദിക്കാന്‍ ഒരുക്കി വെച്ചിട്ടുള്ളതാണ്.

പ്രതിഫലവും പ്രത്യുപകാരവും പ്രതീക്ഷിക്കാതെ ഗുണം ചെയ്യുന്നവനായ അല്ലാഹുവിന് മാത്രമേ യഥാര്‍ഥത്തില്‍ കാരുണ്യം ചൊരിയാന്‍ കഴിയൂ. പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ സംവിധാനിച്ചതും പാലൂട്ടുന്ന മാതാവ് കുഞ്ഞുങ്ങളോട് ആര്‍ദ്രത പ്രകടിപ്പിക്കുന്നതുമെല്ലാം അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തില്‍ നിന്ന് തന്നെയാണ്.

നമ്മില്‍ നിന്ന് കാരുണ്യസ്പര്‍ശം പ്രതീക്ഷിക്കുന്നവരോട് കരുണാര്‍ദ്രമാകാന്‍ നമ്മിലെത്ര പേര്‍ക്ക് സാധിച്ചുവെന്ന ചിന്ത വളരേ പ്രസക്തമാണ്. “മറ്റുള്ളവരോട് കരുണ കാണിക്കാത്തവന് കാരുണ്യം ലഭിക്കുകയില്ല” എന്ന തിരുവചനം എന്തുമാത്രം ശ്രദ്ധേയമാണ്. കൊടുക്കുന്നവന് മാത്രമേ തിരിച്ചു ലഭിക്കുകയുള്ളൂ. “നിശ്ചയം അല്ലാഹു കരുണ ചൊരിയുന്നത് മറ്റുള്ളവരോട് കരുണാമയനാകുന്നവര്‍ക്ക് മാത്രമാണ് (ബുഖാരി).
വഴികേടില്‍ ജീവിക്കുന്നവനില്‍ നിന്നല്ലാതെ കാരുണ്യം വറ്റിപോകുകയില്ല (തിര്‍മുദി).

സ്‌നേഹവും ആര്‍ദ്രതയും വരണ്ട് വിണ്ടുകീറിയ പ്രകൃതിയില്‍ കനിഞ്ഞുവരേണ്ട അനിവാര്യ വികാരമാണ് കാരുണ്യം. അനേകം തവണ നമുക്കതിന് വേണ്ടി പ്രാര്‍ഥിക്കാം. ഒപ്പം മറ്റുള്ളവര്‍ക്ക് അത് നല്‍കാന്‍ കഴിവതും ശ്രമിക്കുകയും ചെയ്യാം.

Latest