Connect with us

Gulf

പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ റമസാന്‍ പ്രഭാഷണം വ്യാഴാഴ്ച

Published

|

Last Updated

ദുബൈ: ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ റമസാന്‍ പരിപാടിയായ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് റമസാന്‍ ഗാതറിംഗില്‍ മര്‍കസ് പ്രതിനിധിയായി പങ്കെടുക്കുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതനും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ പ്രഭാഷണം വ്യാഴാഴ്ച രാത്രി പത്തിന് തറാവീഹ് നിസ്‌കാര ശേഷം ദുബൈ റാശിദിയ്യ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കും. ഖുര്‍ആന്‍ അവതരിക്കപ്പെട്ട വിശുദ്ധ റമസാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചരണത്തിന്നും പഠനം പ്രോത്സാഹിപ്പിക്കുന്നതിന്നുമായി ദുബൈ ഗവണ്‍മെന്റ് മതകാര്യ വകുപ്പ് വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ശ്രദ്ധേയമായ സംരംഭമാണ് മുല്‍തഖ റാശിദ് ബിന്‍ മുഹമ്മദ് റമസാന്‍ ഗാതറിംഗ്.

ഇസ്ലാമിക പ്രബോധന രംഗത്ത് ആകര്‍ഷണീയ ശൈലിക്ക് ഉടമയായ പേരോട് ഇത്തവണ ഇന്ത്യയില്‍ നിന്ന് എത്തുന്ന ഏക പ്രതിനിധിയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി യു എ ഇ പ്രസിഡന്റിന്റെ റമസാന്‍ അതിഥിയായും ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രതിനിധിയായും യു എ ഇയില്‍ പ്രഭാഷണത്തിനെത്തിയിടുണ്ട്. ഇസ്‌ലാമിക പ്രഭാഷണ വേദിയില്‍ ശ്രദ്ധേയനായ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായിലെ പണ്ഡിതര്‍, സാമൂഹ്യ സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങി വിവിധ തുറയിലെ ആയിരക്കണക്കിന് ആളുകള്‍ പ്രഭാഷണം ശ്രവിക്കാന്‍ എത്തും. ഗ്രാന്‍ഡ് മസ്ജിദിന് സമീപം സ്ത്രീകള്‍ക്ക് വിശാലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് 050-1884 994