Malappuram
ഖലീഫമാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശി മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ചരിത്രപഠന വേദി
മലപ്പുറം: റമസാനിലെ പകലുകളെ ധന്യമാക്കി മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്നുവരുന്ന ചരിത്ര പഠനവേദി ശ്രദ്ധേയമാകുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യരായ ഖലീഫമാരുടെ ചരിത്ര വിശേഷങ്ങള്‍ പങ്കുവെക്കുന്ന റമളാന്‍ ചരിത്ര പഠന വേദി ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ അനുഗ്രഹമാവുകയാണ്. വിശുദ്ധ റമളാനില്‍ മഅ്ദിന്‍ അക്കാദമിക് കീഴില്‍ നടക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായാണ് ചരിത്ര പഠനവേദി സംഘടിപ്പിക്കുന്നത്. നൂറുകണക്കിന് പേരാണ് റമളാനിലെ ഓരോ ദിവസവും നടക്കുന്ന ചരിത്ര പഠന വേദിയില്‍ സംബന്ധിക്കുന്നത്.
പ്രവാചകര്‍ക്ക് ശേഷം ഇസ്‌ലാമിനെ നയിക്കുകയും മഹത്തായ ജീവിതം കാഴ്ചവെച്ച് ചരിത്രത്തിലിടം നേടുകയും ചെയ്ത ഖലീഫമാരെ അറിയാനും പഠിക്കാനുമുള്ള അവസരമാണ് ചരിത്ര പഠനത്തിലൂടെ ഒരുക്കുന്നത്. ചരിത്രങ്ങള്‍ അറിയുന്നവരുടെ എണ്ണം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇത്തരം വിജ്ഞാന വേദികള്‍ അനുഗ്രഹമാണ്. ഭൂതമറിയാത്തവന് ഭാവിയും വര്‍ത്തമാനവുമില്ലെന്നിരിക്കെ ചരിത്ര പാഠം അന്യമാകുന്ന പുതിയ തലമുറക്ക് മഹാന്‍മാരുടെ ജീവിത വഴികളിലേക്ക് വെളിച്ചം വീശുന്നതാണ് പരിപാടി.
പ്രഥമ ഖലീഫയായ അബൂബക്കര്‍ സിദ്ധീഖ്(റ)വിന്റെ ജീവിതം അനാവരണം ചെയ്യുന്ന അദ്ധ്യായങ്ങളാണ് ഏഴു ദിനങ്ങളിലായി ചരിത്ര പഠനത്തില്‍ ചര്‍ച്ച ചെയ്തു വരുന്നത്.
എല്ലാ ദിവസവും അസ്വര്‍ നിസ്‌കാര ശേഷം ഒരുമണിക്കൂര്‍ സമയം നീണ്ടു നില്‍ക്കുന്ന ചരിത്ര പഠനത്തിന് പ്രമുഖ ഇസ്‌ലാമിക ചരിത്ര പണ്ഡിതനും മഅ്ദിന്‍ അക്കാദമിയിലെ പ്രധാന മുദരിസുമാരിലൊരാളായ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരിയാണ് നേതൃത്വം നല്‍കുന്നത്. വശ്യമായ അവതരണ ശൈലിയും ചരിത്ര രംഗത്തെ അഗാധ പാണ്ഡിത്യവും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു. ഇസ്‌ലാമിക ചരിത്രത്തെ കുറിച്ച് പഠനം നടത്തുകയും ചരിത്ര ശേഷിപ്പുകള്‍ അവശേഷിക്കുന്ന ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്ത സുലൈമാന്‍ ഫൈസി, ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠന ക്ലാസ്സുകള്‍ നയിക്കുകയും ചരിത്ര പഠനയാത്രകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ചരിത്ര വിവരണം ശ്രവിക്കാന്‍ നിരവധി പേര്‍ ഗ്രാന്റ് മസ്ജിദില്‍ എത്തുന്നതോടൊപ്പം നൂറുകണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ വഴിയും ക്ലാസ്സില്‍ സംബന്ധിക്കുന്നുണ്ട്.