Gulf
വ്രത നാളുകള്‍ ആത്മ സംസ്‌കരണത്തിന്റേതാവണം: ഡോ. ഫാറൂഖ് നഈമി
ഫുജൈറ: സ്രഷ്ടാവിലുള്ള വിശ്വാസവും പ്രവാചകചര്യയെ വക്രീകരിക്കാതെ പിന്തുടരലും നന്മ നിറഞ്ഞ പ്രവര്‍ത്തികളും അനുഗ്രഹങ്ങളിലെ നന്ദി പ്രകടനവും ദുര്‍വികാരങ്ങളില്‍ നിന്ന് സ്വശരീരത്തെ നിയന്ത്രിച്ചു നയിക്കലുമാണ് വിശ്വാസിയുടെ ജീവിത യാത്രയിലെ പ്രധാനപ്പെട്ട ആത്മീയ സംസ്‌കരണ ഘടകങ്ങളെന്ന് ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം പറഞ്ഞു. പ്രവാസിയായി ജീവിച്ചു വാര്‍ധക്യ കാലത്തു നാട്ടില്‍ ജീവിക്കേണ്ട ഗള്‍ഫുകാരന്റെ ശിഷ്ട ജീവിതവും മരണാനന്തര ജീവിതത്തിലെ “എറ്റേര്‍ണല്‍ പാരഡൈസ് ലൈഫും” ആസ്വദിക്കാന്‍ ആത്മസംസ്‌കരണ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഫുജൈറ ശഹീദ് നാസര്‍ അലി ഹസ്സന്‍ പള്ളിയില്‍ റമസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവണമെന്നും സഹോദരന്റെ വിഷമം തീര്‍ക്കാന്‍ അവന്റെ കൂടെ നില്‍ക്കല്‍ സ്രഷ്ടാവിനോടുള്ള അനുസരണയോടെ ഭാഗമാണെന്നും സ്രഷ്ടാവിന്റെ ത്യപ്തി ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയായി എത്തിയതാണ് ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി.
ഇന്ന് തറാവീഹിന് ശേഷം അജ്മാന്‍ ഖല്‍ഫാന്‍ മസ്ജിദിലും നാളെ (വെള്ളി) ജുമുഅക്ക് ശേഷം ഷാര്‍ജ കിംഗ് ഫൈസല്‍ പള്ളിയിലും (സൗദി പള്ളി) തറാവീഹിന് ശേഷം ദുബൈ സര്‍ഊനി പള്ളിയിലും പ്രഭാഷണം നടത്തും. റമസാനിന്റെ രണ്ടാം പകുതിയില്‍ അബുദാബിയില്‍ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം പ്രസംഗിക്കും. മെയ് 31ന് വെള്ളിയാഴ്ച രാത്രി അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കുന്ന പരിപാടിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.