Connect with us

Kerala

അനധികൃത സ്വര്‍ണക്കടത്ത് കൂടുതലും കൊച്ചി വിമാനത്താവളം വഴി

Published

|

Last Updated

നെടുമ്പാശ്ശേരി: കേരളത്തിലേക്ക് അനധികൃതമായി സ്വര്‍ണം കടത്തുന്നത് കൂടുതലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയെന്ന് റിപ്പോര്‍ട്ട.് 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷം മാത്രം 87 കോടി രൂപയുടെ സ്വര്‍ണമാണ് അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് എയര്‍ ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടിയത്. ഇത് കൂടാതെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി ആര്‍ ഐയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി വിദേശയാത്രക്കാരില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയിട്ടുണ്ട്.

2016-17 സാമ്പത്തിക വാര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനത്തിലധികമാണ് 2017-18 സാമ്പത്തിക വര്‍ഷം കൊച്ചി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 22 കോടി രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അഞ്ച് കോടി രൂപയുടെ സ്വര്‍ണമാണ് അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്.

സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് ഒരോ വര്‍ഷവും കസ്റ്റംസ് പിടികൂടുന്നതിനേക്കാള്‍ എത്രയോ മടങ്ങ് സ്വര്‍ണം കടത്തുന്നതായിട്ടാണ് കസ്റ്റംസ് നിരീക്ഷണം. പ്രധാനമായും ഗള്‍ഫ് നാടുകളില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന, നാട്ടില്‍ വരാന്‍ പറ്റാത്ത മലയാളികളെ കേന്ദ്രീകരിച്ചാണ് സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങള്‍ കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ വിനോദ സഞ്ചാരത്തിനും ബിസനസ് ആവശ്യങ്ങള്‍ക്കും എത്തുന്ന വിദേശികളായ വിനോദ സഞ്ചാരികള്‍ക്ക് പരിശോധനയില്‍ ലഭിക്കുന്ന പരിഗണന കണക്കിലെടുത്ത് അവരെയും സ്വര്‍ണം അനധികൃതമായി കടത്തുന്നതിന് ഉപയോഗിക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി സ്വര്‍ണം കൊണ്ടുവരുന്നവര്‍ക്ക് ഒരു പ്രാവശ്യം അഞ്ച് ലക്ഷം വരെ സമ്പാദിക്കാന്‍ കഴിയുന്നുണ്ട്. ഇത് കരിയര്‍മാരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമത്തിന്റെ പഴതുകളും സ്വര്‍ണ കള്ളക്കടത്ത് സജീവമാകുന്നതിന് കാരണമായിട്ടുണ്ട്. ഇരുപത് ലക്ഷത്തില്‍ താഴെ സ്വര്‍ണം അനധികൃതമായി കടത്തുന്നവര്‍ക്ക് അറസ്റ്റ് രേഖപ്പെടുത്താതെ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്ന പിഴ അടച്ച് സ്വര്‍ണം കൊണ്ടു പോകുന്നതിന് സാധിക്കും. ഇരുപത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ സ്വര്‍ണം അനധികൃതമായി കടത്തുന്നതിനിടെ പിടികൂടിയാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം പിഴ അടച്ചാല്‍ ജാമ്യം ലഭിക്കും. തുടര്‍ന്ന് കേസ് നടത്തിയാല്‍ മതി. സ്വര്‍ണ കള്ളക്കടത്ത് കേരളത്തില്‍ സജീവമായതോടെ മൂന്ന് വിമാനത്താവളങ്ങളിലും പരിശോധനകള്‍ ശക്തമാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുകയാണ്.