Connect with us

Ramzan

റമസാന്‍ ജീവിതത്തെ മാറ്റിപ്പണിയുന്നു

Published

|

Last Updated

“റമസാനിന്റെ ശ്രേഷ്ഠതകളേയും മഹത്വങ്ങളേയും കുറിച്ച് സത്യവിശ്വാസികള്‍ അറിഞ്ഞിരുന്നുവെങ്കില്‍ വര്‍ഷം മുഴുവന്‍ റമസാനായിരുന്നെങ്കിലെന്ന് എന്റെ സമുദായം കൊതിച്ചുപോകുമായിരുന്നു” (ഹദീസ് ബൈഹഖി-ശുഅബുല്‍ ഈമാന്‍ 3621)

ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലമായ റമസാന്‍ വിശ്വാസിക്ക് ഓഫര്‍ ചെയ്യുന്ന ആദ്യ അനുഗ്രഹം പാപമോചനമാണെന്ന് തിരുനബി(സ) എടുത്തുപറയുന്നുണ്ട്. “മുഅ്മിനായ മനുഷ്യന് ഈ മാസം ദൈവാരാധനക്ക് വേണ്ടി ശക്തിസംഭരിക്കാനുള്ള കാലമാണ്. കപടവിശ്വാസികള്‍ക്കാവട്ടെ, വിശ്വാസികളുടെ ന്യൂനതകളും പാളിച്ചകളും അന്വേഷിച്ചു നടക്കാനുള്ള കാലവും. അങ്ങനെ വിശ്വാസിക്ക് ഈ മാസം വലിയ സമ്പാദ്യവും അനുഗ്രഹവുമായിത്തീരുമ്പോള്‍, ദുര്‍വൃത്തന് ശിക്ഷയും ശാപവുമായി ഭവിക്കുന്നു” (അഹ്മദ് 2/524)

നോമ്പ് അല്ലാഹുവിന് വേണ്ടിയുള്ള സമ്പൂര്‍ണ സമര്‍പ്പണവും അടിമയുടെയും ഉടമയുടെയും ഇടയിലുള്ള അതീവ രഹസ്യമായ ആരാധനയുമാണ്. മനുഷ്യന്റെ സര്‍വ ചോദനകളേയും ദുഷ്‌പ്രേരണകളേയും സമ്പൂര്‍ണമായി ഉപേക്ഷിച്ച് വികാര വിചാരങ്ങളെ നിയന്ത്രിച്ച് അല്ലാഹുവിലേക്ക് ഹൃദയവും ശരീരവും സമര്‍പ്പിക്കാന്‍ സമരസപ്പെടുന്ന സവിശേഷ സംവിധാനമാണ്. ജീവിതത്തിന്റെ അച്ചടക്കവും പരിശീലനവും നോമ്പിലൂടെ ശരിക്കും സാധ്യമാകുന്നു. രണാങ്കണത്തിലെ പരിച പോലെ വ്രതം നന്മയുടെ പരിചയാണ്. രക്ഷാകവചമാണ്. തിന്മകളുടെ അന്തകനും.

അതിശക്തമായ നിയന്ത്രണവും സഹനവും പരിശീലിക്കാവുന്ന ഏറ്റവും മികച്ച പദവി കൂടിയാണ് വര്‍ഷത്തില്‍ ആവര്‍ത്തിച്ച് വരുന്ന നോമ്പുകാലം. വാക്കുകളിലെ സൂക്ഷ്മത, സംസാരത്തിലെ മാന്യത, പെരുമാറ്റത്തിലെ ഹൃദ്യത, ആരാധനകളിലെ നിഷ്ഠത, ഇടപാടുകളിലെ കൃത്യത, സമയത്തിലെ കണിശത, സ്വഭാവത്തിലെ വശ്യത അങ്ങനെ ഒട്ടേറെ ആകര്‍ഷകമായ ശീലങ്ങളും രീതികളും ആര്‍ജിച്ചെടുക്കാവുന്ന പ്രത്യേക സീസണ്‍ പിരീഡ് കൂടിയാണ് റമസാന്‍.

അരുതാത്ത ചിന്തകളും അഭിലാഷങ്ങളും പ്രവര്‍ത്തനങ്ങളും അക്ഷരാര്‍ഥത്തില്‍ വകഞ്ഞുമാറ്റപ്പെടുന്നു. പതിനാല് മണിക്കൂറിലേറെ പട്ടിണി കിടക്കുന്ന നോമ്പുകാരന് വിശക്കുന്നവന്റെ പ്രയാസമറിയുകയും കുറ്റകൃത്യങ്ങളോടുള്ള താത്പര്യം കുറയുകയും ചെയ്യുന്നു. നീണ്ട മുപ്പത് നാളത്തെ സമ്പൂര്‍ണ ഉപവാസത്തിലൂടെ അന്നപാനീയങ്ങളേയും ആഗ്രഹാഭിലാഷങ്ങളേയും ശരിക്കും നിയന്ത്രിച്ച് ഉപയോഗപ്പെടുത്താന്‍ ശീലിക്കുകയാണ്. അങ്ങനെ സത്യവിശ്വാസി റമസാന്‍ സീസണില്‍ അടിമുടി മാറുകയാണ്. അവന്റെ ജീവിതത്തെ അക്ഷരാര്‍ഥത്തില്‍ മാറ്റിപ്പണിയുകയാണ്.

തിരുനബി(സ) പറയുന്നു: “നിങ്ങള്‍ നോമ്പെടുക്കുക, ആരോഗ്യം സംരക്ഷിക്കുക” (ഹദീസ്). മാനസികവും ശാരീരികവുമായ ആരോഗ്യം നേടിയെടുക്കാനുള്ള ശ്രേഷ്ഠവും ശ്രദ്ധേയവുമായ ആരാധനയാണ് ഇസ്‌ലാമിക വ്രതമെന്ന് ചുരുക്കം.

Latest