Kerala
മത സൗഹാര്‍ദത്തിന്റെ നോമ്പുതുറയൊരുക്കി പറപ്പൂക്കാവ് അമ്പല കമ്മിറ്റി
കുന്നംകുളം: മതസൗഹാര്‍ദത്തിന്റെ നോമ്പുതുറയൊരുക്കി പറപ്പൂക്കാവ് അമ്പല കമ്മിറ്റിയുടെ മാതൃക. മതമൈത്രിക്ക് പേരുകേട്ട നാടാണ് കേച്ചേരി. പറപ്പൂക്കാവ് പൂരവും എരനെല്ലൂര്‍ പള്ളിപ്പെരുന്നാളും നബിദിനവുമെല്ലാം എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങള്‍ ഒന്നിച്ചാണ് ആഘോഷിക്കുന്നത്.
സൗഹൃദാന്തരീക്ഷത്തിന് പൊന്നാട ചാര്‍ത്തുന്ന പ്രവര്‍ത്തനത്തിനാണ് കഴിഞ്ഞ ദിവസം കേച്ചേരി സാക്ഷ്യം വഹിച്ചത്. പറപ്പൂക്കാവ് ക്ഷേത്രത്തിലെ പ്രധാന പൂര സമുദായമായ കേച്ചേരി പൂര സമുദായം കേച്ചേരി ജുമുഅ മസ്ജിദില്‍ നോമ്പുതുറ ഒരുക്കുകയായിരുന്നു. നിരവധി യാത്രികര്‍ക്കും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ആശ്രയമാണ് കേച്ചേരി ജുമുഅ മസ്ജിദിലെ നോമ്പുതുറ. ദിവസവും ഇരുനൂറിലധികം ആളുകള്‍ ഇതില്‍ പങ്കെടുക്കുന്നു. വര്‍ഷങ്ങളായി ഇതര മതസ്ഥരായ പലരും നോമ്പുതുറ ഒരുക്കാറുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഒരു പൂര സമുദായം നേരിട്ട് നോമ്പുതുറ സംഘടിപ്പിക്കുന്നത്. കാരക്കയും ഫ്രൂട്ട്സും പൊരിച്ച പലഹാരങ്ങളും പ്രത്യേകം തയ്യാറാക്കിയ ജീരകക്കഞ്ഞിയും നോമ്പുതുറക്ക് മാറ്റുകൂട്ടി. മഗ്‌രിബ് നിസ്‌കാരത്തിനു ശേഷം വിശ്വാസികള്‍ക്ക് ബിരിയാണിയും വിതരണം ചെയ്താണ് സമുദായ ഭാരവാഹികള്‍ മടങ്ങിയത്.
പറപ്പൂക്കാവ് ദേവസ്വം പ്രസിഡന്റ് ശ്രീനിവാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കേച്ചേരി മഹല്ല് പ്രസിഡന്റ് എം എം ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കേച്ചേരി മഹല്ല് ഖത്വീബ് യൂസുഫ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി എം എം മുഹ്‌സിന്‍, പൂര സമുദായം ഭാരവാഹികളായ നെന്മിനി മഠത്തില്‍ ഗംഗാധരന്‍, കെ എ കൃഷ്ണന്‍, കെ സി സന്തോഷ്, പി ബി അനൂപ്, കെ സി സുഭാഷ്, കെ വി വിജീഷ്, കെ എസ് കൃഷ്ണന്‍, കെ കെ രാഗീഷ്, കേച്ചേരി മഹല്ല് വൈസ് പ്രസിഡന്റ് എം എ മന്‍സൂര്‍, ട്രഷറര്‍ വി എ ഇബ്‌റാഹീം ഹാജി പ്രസംഗിച്ചു.