Articles
ഈ മനുഷ്യരെ എന്തിനാണ് വെടിവെച്ചുകൊന്നത്?
തൂത്തുക്കുടിയിലെ കൂട്ടക്കൊലക്കെതിരായ ജനകീയ പ്രതിഷേധം രാജ്യവ്യാപകമായി തുടരുകയാണ്. പ്രതിപക്ഷം ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് തമിഴ്‌നാട്ടില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാറല്ലെന്ന ബന്ധുക്കളുടെ നിലപാട് സര്‍ക്കാറിനേറ്റ തിരിച്ചടിയാണ്. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ശാലക്കും അതിന്റെ മലിനീകരണത്തിനുമെതിരായ ജനകീയ പ്രക്ഷോഭത്തെ ഭരണകൂടം നേരിട്ട രീതികള്‍ ഇന്ത്യക്കു തന്നെ അപമാനകരമായിരിക്കുന്നു.
ഒരു ജനകീയ പ്രതിഷേധത്തെ ഒരിക്കലും നേരിടാന്‍ പാടില്ലാത്ത രീതിയിലാണ് തമിഴ്‌നാട് സര്‍ക്കാറും പോലീസും നേരിട്ടതെന്ന് വ്യക്തമാണ്. ജനങ്ങള്‍ അങ്ങേയറ്റം സമാധാനപരമായിട്ടാണ് സമരം ചെയ്തുകൊണ്ടിരുന്നത്. സ്റ്റെര്‍ലൈറ്റ് ഫാക്ടറി വമിപ്പിച്ചുകൊണ്ടിരിക്കുന്ന വിഷമാലിന്യങ്ങള്‍ ആ പ്രദേശത്തെ ജനങ്ങളെ നിത്യരോഗികളാക്കി മാറ്റിയതിനെതിരായ പ്രതിഷേധമാണ് ജനകീയ സമരത്തിന് കാരണമായത്.
ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ പടരുന്നതിനാല്‍ വര്‍ഷങ്ങളായി ജനങ്ങള്‍ ആശങ്കയിലാണ്. ഫാക്ടറി അടച്ചുപൂട്ടുകയല്ലാതെ ജനങ്ങളെ രക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവും അവശേഷിക്കാതെ വന്നപ്പോഴാണ് നാട്ടുകാര്‍ ജനകീയ സമര സമിതിക്ക് രൂപം നല്‍കിയത്. ഏകദേശം രണ്ടര വര്‍ഷക്കാലമായി പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ നൂറ് ദിവസങ്ങളായി നിരന്തര പ്രക്ഷോഭത്തിലാണ് നാട്ടുകാര്‍.
സ്റ്റെര്‍ലൈറ്റ് കമ്പനി ചെമ്പ് ശുദ്ധീകരണം നടത്തി കോടികള്‍ ലാഭമുണ്ടാക്കുന്നുണ്ട്. അന്തര്‍ദേശീയ കോര്‍പേറേറ്റ് കമ്പനിയായ വേദാന്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്റ്റെര്‍ലൈറ്റ് എന്നതിനാല്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ക്കു അവരോട് വിധേയത്വമുണ്ട്. വേദാന്ത കോടികള്‍ പല മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള കോര്‍പറേറ്റ് ഭീമനാണ്. ചെമ്പിന്റെ ശുദ്ധീകരണം നടത്തുമ്പോള്‍ മനുഷ്യന്‍ അതിന്റെ ഇരയായി പരിണമിക്കുന്നുവെന്ന കാര്യം അവരെ സംബന്ധിച്ച് പ്രസക്തമല്ല. മനുഷ്യനെക്കാള്‍ വലുതാണല്ലോ കോടികള്‍ വിലമതിക്കുന്ന ചെമ്പ്. തമിഴ്‌നാട് പരിസ്ഥിതി വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്റ്റെര്‍ലൈറ്റ് കമ്പനി മലിനീകരണം നടത്തുന്ന സ്ഥാപനമാണ്. വാതകച്ചോര്‍ച്ച പലവട്ടം സംഭവിച്ചതാണ്. ആ സന്ദര്‍ഭങ്ങളില്‍ ബഹുജനങ്ങളുടെ പ്രതിഷേധം ഉയരുമ്പോള്‍ പരിസ്ഥിതി വകുപ്പ് കമ്പനിക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, അതൊന്നും കമ്പനി പരിഗണിക്കില്ല. കാരണം, അവര്‍ക്ക് പിന്തുണയായി ഭരണകൂടമുണ്ടല്ലോ.
ഭരണകൂടം എന്ന് പറയുമ്പോള്‍ തമിഴ്‌നാട് സംസ്ഥാനത്തെ ഭരണകൂടം മാത്രമാണെന്നല്ല അര്‍ഥം. അതിനും മുകളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ആശീര്‍വാദങ്ങള്‍ കൂടിയുണ്ടാകും. 12 പേരെ നിഷ്‌കരുണം വെടിവെച്ചുകൊന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പോലും ഉയരുന്നില്ല. കാരണം, കേന്ദ്ര സര്‍ക്കാറിന്റെ കൂടി താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ കൂട്ടക്കൊലക്ക് മുതിര്‍ന്നത് എന്നതുതന്നെ.
ജനകീയ ജനാധിപത്യ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുക എന്നതാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയം. അതുകൊണ്ടാണ് സമര നേതൃത്വത്തിലുണ്ടായിരുന്ന നേതാക്കളുടെ നേര്‍ക്കുതന്നെ നിറയൊഴിക്കാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നൂറ് കണക്കിന് ആളുകളുടെ മേല്‍, ജാലിയന്‍ വാലാ ബാഗ് സമരത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട്, പോലീസ് വെടിവെക്കുകയായിരുന്നു. നിസ്വരമായ മനുഷ്യര്‍, നിരായുധരായ ജനങ്ങള്‍ അവര്‍ മരിച്ചു വീണു.
യഥാര്‍ഥത്തില്‍, ഈ നരഹത്യയുടെ പേരില്‍ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടുകയാണ് ചെയ്യേണ്ടത്. ചെമ്പ് സംസ്‌കരണ ഫാക്ടറി എന്ന മരണ സ്ഥാപനത്തെ ഇനി അവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാന്‍ പാടില്ല. ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന അധികാര സ്ഥാപനങ്ങള്‍ക്കും ആയുസ്സ് നല്‍കരുത്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുമ്പാകെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ മലിനീകരണ പ്രശ്‌നം വന്നപ്പോള്‍ ട്രൈബ്യൂണല്‍ എടുത്ത തീരുമാനവും ഞെട്ടിപ്പിക്കുന്നതായിരുന്നു.
ഒരു വിധത്തിലും പാരിസ്ഥിതികാനുമതി നല്‍കാന്‍ പാടില്ലാത്ത ഒരു കമ്പനി ക്കു ദേശീയ ഹരിത ട്രിബ്യൂണല്‍ കണ്ണുംപൂട്ടി അനുമതി നല്‍കിക്കളഞ്ഞു. കേന്ദ്ര മോദി സര്‍ക്കാറിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ട്രിബ്യൂണല്‍ പ്രവര്‍ത്തിച്ചത് കൊണ്ടാകണം അങ്ങനെ സംഭവിച്ചത്.
എന്തായാലും, മധ്യപ്രദേശിലെ കര്‍ഷകരെ വെടിവെച്ചുകൊന്ന ബി ജെ പി സര്‍ക്കാറിന്റെ അതേ പാതയിലൂടെ ഇതര സംസ്ഥാനങ്ങളും നീങ്ങിയാല്‍ ഇന്ത്യ ചോരക്കളമായി മാറും. ജനകീയ സമരങ്ങളില്‍ പോലീസും പട്ടാളവും കുത്തക മുതലാളിമാര്‍ക്കു വേണ്ടി ജനങ്ങള്‍ക്കെതിരെ വെടിവെക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും വരാനിരിക്കുന്ന നാളുകളില്‍ സംഭവിക്കുക?
ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ്. പ്രക്ഷോഭങ്ങളില്‍ ഇറങ്ങിയാല്‍ ഇതായിരിക്കും അനുഭവമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. വിപത്കരമാണ് ആ സന്ദേശം. ക്രൂരവും പൈശാചികവുമായ ആ സന്ദേശത്തിനെതിരെ ജനാധിപത്യപരമായ വമ്പിച്ച ജനകീയ പ്രതിഷേധം വളര്‍ന്നു വരണം. ഇന്ത്യയില്‍ കുത്തകകള്‍ മാത്രം ജീവിച്ചാല്‍ പോരാ, സാധാരണ ജനങ്ങള്‍ക്കും ജീവിക്കാന്‍ കഴിയണം. ഇന്ത്യന്‍ ജനതയുടെ പൂര്‍ണപിന്തുണ തൂത്തുക്കുടിയിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളി ജനങ്ങള്‍ക്കു തുറന്ന് പ്രഖ്യാപിക്കേണ്ട സമയമാണിത്.