Kerala
തമിഴ്‌നാട്ടില്‍ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അവയവ മോഷണം വ്യാപകം
പാലക്കാട്: ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയെത്തുന്നവരുടെ അവയവ മോഷണം നടത്തുന്ന മാഫിയ തമിഴ്‌നാട്ടില്‍ വ്യാപകം. സ്വകാര്യാശുപത്രികള്‍ കേന്ദ്രീകരിച്ചാണിവര്‍ പ്രവര്‍ത്തിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുന്ന രോഗി ഇനി ജീവിക്കില്ലെന്ന് ബന്ധുക്കളെ അറിയിക്കുന്ന ആശുപത്രി അധികൃതര്‍ അയാളുടെ അവയവങ്ങള്‍ ദാനം ചെയ്താല്‍ ഒമ്പത് പേരിലൂടെ ജിവിക്കുമെന്നുംകൂടെ അറിയിക്കുന്നു. വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുത്താല്‍ രോഗി 15 മിനുട്ട് പോലും ജീവിക്കില്ലെന്നും അവയവങ്ങള്‍ ദാനം ചെയ്യണമെന്നും പറഞ്ഞ് ബന്ധുക്കളെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു.
ഇത്തരത്തില്‍ രോഗിയില്‍ നിന്ന് സമ്മതം വാങ്ങിയെടുത്താല്‍ പിന്നെ ശരീരത്തില്‍ നിന്ന് ഉപയോഗപ്രദമായ അവയവങ്ങള്‍ മാറ്റുന്നത് തമിഴ്‌നാട്ടിലെ സ്വകാര്യാശുപത്രിയില്‍ സാധാരണമാണെന്നാണ് റിപ്പോര്‍ട്ട്. ബന്ധുക്കളില്‍ നിന്ന് വന്‍തുക ചികിത്സാ ചെലവായി വാങ്ങുമ്പോള്‍ തന്നെ ദാനം ചെയ്ത അവയവങ്ങള്‍ സ്വീകര്‍ത്താക്കള്‍ക്ക് വിറ്റ് ലക്ഷങ്ങളാണ് ആശുപത്രി ഉടമകള്‍ കൊയ്യുന്നത്. ഹൃദയം, ശ്വാസകോശം എന്നിവക്ക് 50 ലക്ഷം രൂപ വീതം ഈടാക്കുന്നു. വൃക്ക രണ്ട് പേര്‍ക്ക് 30 ലക്ഷം, കരള്‍ 60 ലക്ഷം, പാന്‍ക്രിയാസ് 20 ലക്ഷം, ചെറുകുടല്‍ 20 ലക്ഷം, കോര്‍ണിയ രണ്ട് പേര്‍ക്ക് ഒരു ലക്ഷം എന്നിങ്ങനെയാണ് ശരാശരി വില. ഇത്തരത്തില്‍ അവയവ വിപണനം നടത്തുന്ന മാഫിയ തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ, ബന്ധുക്കളെ കബളിപ്പിച്ച് സമ്മതപത്രം വാങ്ങിയും സ്വകാര്യാശുപത്രികള്‍ അവയവങ്ങള്‍ തട്ടിയെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സേലത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച മീനാക്ഷിപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകന്‍ മണികണ്ഠന്റെ (22) അവയവങ്ങളും തട്ടിയെടുത്തത് ഇത്തരത്തിലാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സേലത്തെ വിംസ് വിനായക മിഷന്‍ ആശുപത്രിക്കെതിരെയാണ് ആരോപണം. വിഷയത്തില്‍ ചിറ്റൂര്‍ എം എല്‍ എ കൃഷ്ണന്‍ കുട്ടി ഇടപെട്ടിട്ടും തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടും ആശുപത്രിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ മാസം 16നാണ് മണികണ്ഠന്‍ തമിഴ്‌നാട്ടിലെ മേല്‍മറവത്തൂരില്‍ ശിങ്കാരിമേളം അവതരിപ്പിക്കാന്‍ പോയത്. 18ന് തിരിച്ചുവരുമ്പോള്‍ സേലം കള്ളക്കുറിശിക്ക് സമീപം സംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു. പരുക്കേറ്റ മണികണ്ഠനെ ആദ്യം ഇവിടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് വിദഗ്ധ ചികിത്സക്കായി സേലത്തുള്ള വിനായക മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരാവസ്ഥയിലായിരുന്ന മണികണ്ഠന്റെ മസ്തിഷ്‌കമരണം സംഭവിച്ചതായി 20ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീടായിരുന്നു തന്ത്രപരമായ നീക്കത്തിലൂടെ അവയവങ്ങള്‍ മോഷ്ടിച്ചത്.
സംഭവങ്ങള്‍ അന്വേഷണം നടത്തിയ ചിറ്റൂര്‍ തഹസില്‍ദാര്‍ പാലക്കാട് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടത്തില്‍ മരിച്ചയാളുടെ ഏഴ് അവയവങ്ങള്‍ ആശുപത്രി അധികൃതര്‍ എടുത്തുമാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ട് വൃക്ക, നേത്രപടലം, കരള്‍, കുടല്‍, പാന്‍ക്രിയാസ്, ശ്വാസകോശം എന്നിവ എടുത്തുമാറ്റിയെന്നാണ് രേഖകള്‍ പരിശോധിച്ച തഹസില്‍ദാര്‍ കണ്ടെത്തിയത്. ചികിത്സാചെലവായ രണ്ടരലക്ഷം രൂപ അടയ്ക്കാതെ മൃതദേഹം വിട്ടുതരില്ലെന്ന് ആശുപത്രി അധികൃതര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. നിര്‍ധനരായ മണികണ്ഠന്റെ കുടുംബത്തിന് അതിന് വഴിയുണ്ടായിരുന്നില്ല. ഈ അവസ്ഥ ചൂഷണം ചെയ്ത ആശുപത്രി അധികൃതര്‍ ബില്ല് അടക്കാത്ത പക്ഷം മൃതദേഹത്തിലെ അവയവങ്ങള്‍ ദാനംചെയ്ത് മൃതദേഹം കൊണ്ടുപോകാമെന്ന ഉപാധി വെച്ചു. ഇതേ തുടര്‍ന്ന് സഹോദരന്‍ മനോജ് സമ്മതപത്രം എഴുതി നല്‍കി- തഹസില്‍ദാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മണികണ്ഠന്റെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ജൂലൈ 11ന് പാലക്കാട് നടക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ ഈ പരാതി പരിഗണിക്കും. ഈ രീതിയില്‍ അവയവക്കൊള്ള നടത്തുന്നതിന് ഭരണതലത്തില്‍ പിന്തുണയുണ്ടെന്നാണ് തെളിയുന്നത്.