Connect with us

Gulf

മെകുനു: ഒമാനില്‍ മരണം ആറായി

Published

|

Last Updated

വെള്ളപ്പൊക്കത്തില്‍ പെട്ട വാഹനം നീക്കാനുള്ള പോലീസുകാരന്റെ ശ്രമം

മസ്‌കത്ത്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ആഞ്ഞുവീശിയ മെകുനു കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം കാണാതായ രണ്ട് പേരില്‍ ബിഹാര്‍ സ്വദേശിയുടെ മൃതദേഹം ഹാഫ കടപ്പുറത്ത് നിന്ന് കണ്ടെത്തി. കാണാതായ മലയാളിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. രാവിലെയും മഴ തുടര്‍ന്നു. വൈകിട്ട് നേരിയ കാറ്റ് അനുഭവപ്പെട്ടു. മേഖലയില്‍ ജനജീവിതം സാധാരണ നിലയിലായിട്ടില്ല.

ഉച്ചയോടെയാണ് രണ്ട് മൃതദേഹങ്ങള്‍ ഹാഫ കടപ്പുറത്ത് നിന്ന് സിവില്‍ ഡിഫന്‍സ് കണ്ടെത്തിയത്. ഒരു മൃതദേഹം ബിഹാര്‍ സ്വദേശിയുടെതാണെന്ന് തിരിച്ചറിയുകയായിരുന്നു. രണ്ടാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വിരലടയാള പരിശോധനക്ക് അയച്ചിരിക്കുകയാണെന്ന് സലാല ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരമാണ് വാദിയില്‍ കുടുങ്ങിയ തലശ്ശേരി പാലയാട് സ്വദേശി മധു ചേലത്തിനെയും ബിഹാര്‍ സ്വദേശി ശംസീറിനെയും കാണാതായത്. മധുവിനായുള്ള തിരച്ചില്‍ റോയല്‍ ഒമാന്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
സലാലയിലെ റൈസൂത്തില്‍ രൂപപ്പെട്ട വാദിയില്‍ രണ്ട് പേരും അപകടത്തില്‍പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സദയിലെ സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശംസീറിന്റെ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

Latest