Connect with us

Ramzan

കുറ്റകൃത്യങ്ങളെ നിസ്സാരമായി കാണരുത്

Published

|

Last Updated

കുറ്റകൃത്യങ്ങള്‍ ആഘോഷിക്കുക, പരസ്യമായി വെല്ലുവിളിച്ചു തെറ്റ് ചെയ്യുക. അശ്ലീല കാര്യങ്ങളില്‍ മത്സരിക്കുക തുടങ്ങിയ ആഭാസങ്ങള്‍ ആധുനിക സമൂഹത്തില്‍ അനുദിനം വര്‍ധിച്ചുവരികയാണ്. നന്മകളെ പരിഹസിക്കുകയും തിന്മകളില്‍ തിമിര്‍ത്താടുകയും ചെയ്യുന്നത് ഫാഷനാക്കിയ കാലം.
മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങള്‍ക്ക് രഹസ്യ സ്വഭാവമുണ്ടായിരുന്നു. ഇന്ന് ഒന്നിനും ഒളിയും മറയുമില്ല. ആരുണ്ടിവിടെ ചോദിക്കാന്‍, തടയുന്നവനുണ്ടെങ്കിലൊന്നു കാണട്ടേയെന്ന അഹങ്കാരത്തിന്റെ സംസാരമാണ്.

വൃത്തികേടുകളില്‍ അഭിരമിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്ന സമൂഹത്തില്‍ അതിമാരകവും ഗുരുതരവുമായ പകര്‍ച്ച വ്യാധികളും പൂര്‍വ കാലങ്ങളിലൊന്നുമില്ലാത്ത രോഗങ്ങളും മരണങ്ങളും സംഭവിക്കുമെന്ന് തിരുനബി (സ) ദീര്‍ഘ ദര്‍ശനം നടത്തുന്നുണ്ട്. (ഹദീസ് അഹ്മദ്).
ഭൗതിക സമൂഹത്തെ ആശങ്കകളുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിപ്പായും ഹെന്‍ഡ്രയും ഡെങ്കിയും വൈറസുകളുമെല്ലാം മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങളുടെ പ്രതിപ്രവര്‍ത്തനമാണെന്ന് ചുരുക്കം. മരണമല്ലാതെ മരുന്നില്ലാത്ത മഹാമാരികള്‍ നമ്മുടെ നാട്ടിലും താണ്ഡവമാടിക്കൊണ്ടിരിക്കുകയാണല്ലോ. തിരുനബി (സ) പറയുന്നു. “”നിങ്ങള്‍ പാപങ്ങളെ പ്രത്യേകം സൂക്ഷിക്കുക, കാരണം അത് മനുഷ്യനെ നശിപ്പിക്കും. ഒരിക്കലും അതിനെ നിസ്സാരമായി കാണരുത്. അതീവ ജാഗ്രതയോടെയും ഗൗരവത്തോടെയും കുറ്റകൃത്യങ്ങള്‍ സംഭവിക്കാനുള്ള സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്. സാധാരണ ഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചെറുപാപങ്ങളെ പോലും ഗൗരവമായി കാണാന്‍ സത്യവിശ്വാസിക്ക് കഴിയണം. നിസ്സാരമായിത്തോന്നുന്ന അബദ്ധങ്ങളും ആവര്‍ത്തിച്ചു ചെയ്യുമ്പോള്‍ വലിയ പ്രത്യാഘാതമുണ്ടാക്കാനിടയുണ്ട്. അത്തരം ചെറുദോഷങ്ങളും അല്ലാഹുവിങ്കല്‍ വിചാരണ ചെയ്യപ്പെടുമെന്ന് പ്രമുഖമായ ഹദീസില്‍ വന്നിട്ടുണ്ട്. (ഹദീസ് ഇബ്‌നുമാജ 42, 43).

ചെറുപാപങ്ങള്‍ കൊച്ചു മരക്കഷ്ണങ്ങള്‍ പോലെയാണ്. അവ ഒറ്റപ്പെട്ടു കിടന്നാല്‍ ഒരാള്‍ക്കും ഉപകാരമോ ഉപദ്രവമോ ഉണ്ടാകില്ല. ഒന്നിച്ചു കൂട്ടിയാല്‍ തീക്കുണ്ഡാരം തന്നെ ഉണ്ടാക്കുകയുമാകാം. നിസ്സാര പാപങ്ങള്‍ ഒരുമിച്ചു കൂട്ടി വിചാരണ ചെയ്യുപ്പെടുമ്പോള്‍ അവ വിശ്വാസിയുടെ നന്മകളെയും സല്‍കര്‍മങ്ങളെയും മുച്ചൂടും നശിപ്പിച്ചുകളയാന്‍ കാരണാകും. നിരന്തരം ചെയ്തു കൂട്ടുന്ന ചെറുദോഷങ്ങള്‍ അന്ത്യനാളില്‍ വന്‍ദോഷങ്ങളായി പരിണമിക്കും. (അഹ്മദ് 1/402).

പാപമോചനത്തിന്റെ പരിശുദ്ധമായ പത്ത് നാളുകളില്‍ പശ്ചാത്തപിച്ച് മടങ്ങാനുള്ള മനോഭാവമുണ്ടാവുകയാണ് വേണ്ടത്. റമസാന്‍ മധ്യ പത്ത് പശ്ചാത്താപത്തിന്റെ അനര്‍ഘ അവസരമാണ്.