International
കാഴ്ചപരിമിതര്‍ക്ക് പ്രതീക്ഷയേകി ശാസ്ത്രജ്ഞര്‍ നേത്രപടലത്തിന്റെ ത്രീ ഡി പ്രിന്റ് തയ്യാറാക്കി
ലണ്ടന്‍: ലോകത്തിലെ ദശലക്ഷക്കണക്കിന് കാഴ്ച പരിമിതര്‍ക്ക് പ്രതീക്ഷയേകിക്കൊണ്ട് ശാസ്ത്രജ്ഞര്‍ ആദ്യമായി മനുഷ്യന്റെ നേത്രപടലത്തിന്റെ ത്രീ ഡി പ്രിന്റ് യാഥാര്‍ഥ്യമാക്കി. കണ്ണുകള്‍ ദാനം ചെയ്യുന്നതിലെ കുറവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ പുതിയ കണ്ടുപിടുത്തം നിരവധി പേര്‍ക്ക് കാഴ്ചയേകും. കാഴ്ചയില്‍ ഏറെ സുപ്രധാനമാണ് കണ്ണിന്റെ ഏറ്റവും പുറം ഭാഗത്തുള്ള കോര്‍ണിയ അഥവ നേത്രപടലം. എന്നാല്‍ ഇവ മാറ്റി വെക്കാന്‍ ലഭ്യമല്ലാത്തതിനാല്‍ നിരവധി പേര്‍ ഇപ്പോഴും ഇരുട്ടിന്റെ ലോകത്ത് കഴിയുകയാണ്.
രോഗങ്ങളുള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാല്‍ കാഴ്ച നഷ്ടപ്പെട്ട പത്ത് ലക്ഷത്തിലധികം പേര്‍ ലോകത്താകമാനമുണ്ട്. ഈ സാഹചര്യത്തിലാണ് ത്രീ ഡി പ്രിന്റിന്റെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നത്. ചിലവ് കുറഞ്ഞതും സമയമെടുക്കാതെ തയ്യാറാക്കാനാവുന്നതുമാണ് ഇപ്പോള്‍ കണ്ടുപിടിച്ച കോര്‍ണിയ ത്രീഡി പ്പിന്റ്. ബയോ ഇങ്ക് ഉപയോഗിച്ച് പത്ത് മിനുട്ടിനുള്ളില്‍ ഇത് തയ്യാറാക്കാനാകുമെന്ന് കണ്ടുപിടുത്തത്തിന് നേത്യത്വം നല്‍കിയ ബ്രിട്ടണിലെ ന്യുകാസ്റ്റില്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ചെ കോനോന്‍ പറഞ്ഞു.ഇത് സംബന്ധിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.