Articles
സമ്പത്തും വിനിയോഗവും
നബിയേ സമ്പന്നരായ ആളുകള്‍ അവരുടെ പണം ചെലവഴിച്ച് അശരണരെയും അഗതി അനാഥകളെയും സഹായിക്കുന്നു. അവര്‍ക്ക് വീട് വെച്ച് കൊടുക്കുന്നു. പള്ളികള്‍ നിര്‍മിക്കുന്നു. ദീനിന്നാവശ്യമായ മറ്റ് പല സാമ്പത്തിക സഹായങ്ങളും ചെയ്ത് അവര്‍ പാരത്രിക ജീവിതത്തിലേക്ക് സമ്പാദിക്കുകയാണ്. ഞങ്ങള്‍ക്ക് അതിന് സാധിക്കുന്നില്ലല്ലോ. എന്ന് ചില സ്വഹാബികള്‍ നബിയോട് പരിഭവപ്പെട്ടപ്പോള്‍ നബി (സ) അവരോട് പറഞ്ഞു. അവര്‍ക്ക് സമ്പത്തുണ്ടായത് അല്ലാഹുവില്‍ നിന്നുള്ള ഔദാര്യമാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് നല്‍കും. നിങ്ങള്‍ അതില്‍ വിഷമിക്കേണ്ടതില്ല.
സമ്പത്ത് ഉണ്ടാവുക എന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്. അതിന്റെ ഉപയോഗം ക്രിയാത്മകമായി ക്രമപ്പെടുത്തല്‍ മുസ്‌ലിമിന്റെ ബാധ്യതയാണ്. സമ്പത്തുണ്ടെന്ന് കരുതി അലക്ഷ്യമായി അനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. കുട്ടികളുടെ കൈയിലോ ബുദ്ധി കുറഞ്ഞ ആളുടെ കൈയിലോ ധനം ഏല്‍പ്പിച്ച് അത് നശിപ്പിക്കരുതെന്നാണ് ഖുര്‍ആനികാധ്യാപനം. അത്തരം സമ്പത്തുകളുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ ഭാവിയിലേക്ക് ഉപകരിക്കുന്ന രൂപത്തില്‍ അതിനെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്.
മനുഷ്യന്റെ നിലനില്‍പ്പിന്ന് സമ്പത്ത് വേണം. മറ്റൊരുത്തനോട് യാചിക്കാതെ ജീവിക്കണമെങ്കില്‍ സമ്പത്ത് വേണം. മക്കാ നിവാസികളോട് അല്ലാഹു പറയുന്നു: “നിങ്ങള്‍ കച്ചവടം നടത്തുക. ഈ കച്ചവടം നിങ്ങള്‍ക്ക് തന്നവന്‍ അല്ലാഹുവാണ്. അതുകൊണ്ട് നിങ്ങള്‍ ഈ കഅ്ബയുടെ റബ്ബിനെ ആരാധിക്കണം.” സമ്പത്ത് ഉണ്ടാക്കുമ്പോള്‍ അല്ലാഹുവിനെ മറന്നുകൊണ്ട് ജീവിക്കരുതെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു. സമ്പത്തുണ്ടാകലിനെ ഇസ്‌ലാം ഒരിക്കലും എതിര്‍ക്കുന്നില്ല. പക്ഷേ ആ സമ്പത്ത് നമുക്ക് സ്വര്‍ഗത്തിലേക്കുള്ള വഴികാട്ടിയാകണം. നരകത്തിലേക്ക് നയിക്കുന്നതാകരുത്. സമ്പത്തിനെ നല്ല രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് ദുന്‍യാവും ആഖിറവും നശിപ്പിക്കുന്നതാകും.
സൂറത്തുല്‍ ഖസ്വസില്‍ ഖാറൂനിന്റെ കഥ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. സമ്പത്തുണ്ടായതിനെ തുടര്‍ന്ന് പാവപ്പെട്ടവരെ പരിഗണിക്കാതെ അഹങ്കരിച്ച് നടന്നതിന് അല്ലാഹു അയാള്‍ക്ക് കൊടുത്ത ശിക്ഷ കഠിനമായിരുന്നു. അയാളുടെ സര്‍വ സമ്പത്തും അടക്കം ഭൂമിയിലേക്ക് താഴ്ത്തിക്കളഞ്ഞു. അതുകൊണ്ടാണ് സൂക്ഷ്മതക്ക് വേണ്ടി പണ്ഡിതന്‍മാര്‍ അമിതമായ സമ്പത്തിനെ ഇഷ്ടപ്പെടാതിരുന്നത്. ഇന്ന് നമ്മുടെ നാടുകളിലെ പലരുടെയും അവസ്ഥ ഇതു തന്നെയാണ്. കച്ചവടവും സമ്പത്തും അധികരിച്ചപ്പോള്‍ ദീനീ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ പോകുന്നു.
സ്വഹാബികളുടെ കൂട്ടത്തിലെ വലിയ പണക്കാരനായിരുന്നു സഅ്ദ് (റ). ഔലിയാക്കളുടെ കൂട്ടത്തിലെ സമ്പന്നനായിരുന്നു മുഹ്‌യിദ്ദീന്‍ ശൈഖ് (റ). സുലൈമാന്‍ നബി (അ) നബിമാരുടെ കൂട്ടത്തില്‍ വലിയ ധനികനായിരുന്നു. അവരൊക്കെ അവരുടെ സമ്പത്തിനെ യഥാവിധി ഉപയോഗിച്ചത് കൊണ്ട് അവര്‍ വിജയികളായിത്തീര്‍ന്നു.
ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ വര്‍ധിപ്പിച്ച് തരും. ഉമറുല്‍ ഫാറൂഖ് (റ) വലിയ സമ്പന്നനായിരുന്നു. കച്ചവടത്തിന്റെ വിഷയത്തില്‍ ശ്രദ്ധകൊടുക്കുമ്പോള്‍ നബി (സ) യുടെ പല സദസ്സുകളിലും പങ്കെടുക്കാന്‍ കഴിയാതെ വന്നു. അദ്ദേഹം തന്റെ കച്ചവടത്തിലേക്ക് ഒരാളെ ഷെയര്‍ ചേര്‍ത്തു. ഒരു ദിവസം അയാള്‍ കച്ചവടത്തിന് പോകും. അന്ന് ഉമര്‍ (റ) നബിയോടൊപ്പം ക്ലാസില്‍ പങ്കെടുക്കും. വൈകുന്നേരം സുഹൃത്ത് കച്ചവടം കഴിഞ്ഞ് തിരിച്ചുവന്നാല്‍ ക്ലാസില്‍ കേട്ട സംഭവങ്ങളെല്ലാം പറഞ്ഞു കൊടുക്കും. പിറ്റേദിവസം ഉമര്‍ (റ) കച്ചവടത്തിന് പോകും. സുഹൃത്ത് ക്ലാസ് കേള്‍ക്കും. വൈകുന്നേരം സദസ്സില്‍ കേട്ട മുഴുവന്‍ കാര്യങ്ങളും ഉമര്‍ (റ) പറഞ്ഞുകൊടുക്കും. അവരൊക്കെ അത്രയും പ്രാധാന്യം നല്‍കി കച്ചവടവും ദീനീ കാര്യങ്ങളും ഒരുമിച്ചുകൊണ്ടുപോയിരുന്നു.
പണക്കാരുടെ ലക്ഷ്യത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു. ബലഹീനരെ കൈപ്പിടിച്ചുയര്‍ത്തുക എന്നതായിരിക്കണം മുഖ്യമായ ലക്ഷ്യം. ആ ലക്ഷ്യ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഇസ്‌ലാം സകാത്ത് നിര്‍ബന്ധമാക്കിയത്. സകാത്തിന്റെ അവകാശികള്‍ക്ക് ഉപയോഗപ്പെടുന്ന രൂപത്തില്‍ സകാത്ത് നല്‍കാന്‍ കൊടുക്കുന്നവര്‍ ശ്രദ്ധിക്കണം. ഉപജീവന മാര്‍ഗത്തിന് ഉപകരിക്കുന്ന രൂപത്തിലുള്ള തുക സകാത്തായി നല്‍കാന്‍ കഴിഞ്ഞാല്‍ അത് വളരെ ഗുണമുള്ളതാകും. ആ തുക ഉപയോഗിച്ച് പണിയായുധങ്ങള്‍ വാങ്ങിയോ കച്ചവടം തുടങ്ങിയോ മറ്റോ സ്വയം അദ്ധ്വാനിച്ച് ജീവിക്കുന്ന സ്ഥിതിയിലേക്ക് ഒരു അവകാശി മാറിയാല്‍ അത് വലിയ പ്രതിഫലമുള്ളതാകും.