Ramzan
കര്‍മങ്ങള്‍ നന്നാക്കേണ്ടതില്ലേ
നന്മയോടുള്ള പ്രതിബദ്ധത വിശ്വാസിയുടെ മുഖമുദ്രയാണ്. വിശുദ്ധ റമസാന്‍ നന്മകളുടെ നടുത്തളങ്ങളില്‍ ജീവിക്കാനുള്ള സുവര്‍ണാവസരവും. എത്ര കാലമായി നാം ആരാധനകളില്‍ സജീവമാകാന്‍ തുടങ്ങിയിട്ട്? വര്‍ഷങ്ങള്‍ കഴിയുംതോറും മാറ്റം വരുന്നുണ്ടോ? ഇബാദത്തുകള്‍ കൂടുതല്‍ നന്നാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലേ? എക്കാലവും ഒരേ രീതിയില്‍ മുന്നോട്ട് പോയാല്‍ മതിയോ? ഒരിക്കലും അത് പറ്റില്ല. ഇബാദത്തുകള്‍ ഇനിയും നന്നാക്കേണ്ടതുണ്ട്. നിലവിലെ ആരാധനകള്‍ നിയമാനുസൃതമായി സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക പങ്കുവെക്കുന്ന നാം എന്തുമാത്രം മാറ്റം വരുത്തണം!
ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍ ഇങ്ങനെ മൂന്നായി വിഭജിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ആരാധനാ കര്‍മങ്ങള്‍ നിയമാനുസൃതവും അതിസൂക്ഷ്മവുമായി ചെയ്യുന്നതാണ് ഇഹ്‌സാന്‍ കൊണ്ട് വിവക്ഷിക്കുന്നത്. അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന ബോധത്തോടെ കര്‍മങ്ങള്‍ നന്നാക്കി ചെയ്യുക.
ഓരോ സത്യവിശ്വാസിയും നിസ്‌കാര ശേഷം നടത്തുന്ന ഉത്തരം പ്രതീക്ഷിക്കുന്ന പ്രാര്‍ഥനകളില്‍ ആവര്‍ത്തിക്കുന്ന ഒരു ഭാഗം ഇങ്ങനെയാണ്- അല്ലാഹുവേ നിന്നെ ഓര്‍ക്കാനും നിനക്ക് നന്ദി ചെയ്യാനും നിനക്ക് വേണ്ടി നന്നായി ഇബാദത്ത് ചെയ്യാനും നീ എന്നെ സഹായിക്കേണമേ. (ഹദീസ് ശരീഫ്).
അല്ലാഹു പറയുന്നു “”നിങ്ങളില്‍ ആരാണ് നന്നായി കര്‍മങ്ങള്‍ ചെയ്യുന്നതെന്ന് നാം പരോശോധിക്കുക തന്നെ ചെയ്യും. (സൂറത്തുല്‍ മുല്‍ക്). നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് നല്ലതാണ്, നിങ്ങള്‍ അവന് മടക്കിക്കൊടുക്കുന്ന ആരാധനയും നല്ലതാകണം എന്ന് ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു. എങ്കില്‍ അല്ലാഹുവില്‍ നിന്നും രണ്ട് ലോകത്തും നല്ല പ്രതിഫലം ലഭിക്കും. അല്ലാഹു ചോദിക്കുന്നു. “നന്മക്ക്” നന്മയല്ലോ പ്രതിഫലം (സൂറത്തുര്‍റഹ്മാന്‍).
റമസാന്‍ വ്രതത്തിലും തറാവീഹ് ഉള്‍പ്പടെയുള്ള നിസ്‌കാരങ്ങളിലും നിര്‍ബന്ധവും ഐച്ഛികവുമായ മുഴുവന്‍ ആരാധനകളിലും ഈ നന്മയുടെ ചിന്തകള്‍ സജീവമാകേണ്ടതുണ്ട്. തിരുനബി (സ) പറയുന്നു “”നിങ്ങള്‍ ശുദ്ധീകരണം നടത്തുകയാണെങ്കില്‍ നന്നായി വുളു ചെയ്യുക. നിസ്‌കരിക്കുകയാണെങ്കില്‍ നന്നായി നിസ്‌കരിക്കുക””. മര്യാദകളും നിബന്ധനകളും പൂര്‍ണമായും പാലിച്ച് നിസ്‌കരിക്കുന്നതിനാണ് നന്നായി നിസ്‌കരിക്കുക എന്ന് പറയുന്നത്.
ആരാധനകളിലെ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് വിഷയ സംബന്ധിയായ പഠന പരിശീലനങ്ങള്‍ നിരന്തരം നടക്കേണ്ടതുണ്ട്. റമസാനിലും മറ്റുമുള്ള പഠനക്ലാസുകളും പ്രഭാഷണങ്ങളും വിഷയാധിഷ്ഠിതമായ പഠനവും പരിശീലനവും സാധ്യമാക്കുന്നതാകണം. വര്‍ഷംതോറും ചെയ്തു വരുന്ന വഴിപാട് കര്‍മങ്ങളെക്കാണ്ട് രക്ഷപ്പെടണമെന്നില്ല. കര്‍മങ്ങള്‍ നന്നായി നിര്‍വഹിക്കുന്നവരോടാണ് അല്ലാഹുവിന് താത്പര്യം. നല്ലത് മാത്രം ലഭിക്കാനാണ് നാം ആഗ്രഹിക്കുന്നത്. മറ്റുള്ളവര്‍ക്ക് നല്ലത് നല്‍കാനും നന്നായി കൊടുക്കാനും നന്നായി പെരുമാറാനും നാം സന്നദ്ധരാകേണ്ടതുണ്ട്. നിശ്ചയം, അല്ലാഹു എല്ലാറ്റിലും നന്മ തീരുമാനിച്ചിട്ടുണ്ട്. ഒരു മൃഗത്തെ അറുക്കുന്നതില്‍ പോലുമുണ്ടത്. കൂടുതല്‍ സമയം പ്രയാസം അനുഭവിക്കാതിരിക്കാന്‍ കത്തി മൂര്‍ച്ച കൂട്ടി മര്യാദപൂര്‍വം അറക്കുകയാണ് അറവ് മൃഗത്തോട് കാണിക്കേണ്ട നന്മയെന്ന ഹദീസ് ശ്രദ്ധേയമാണ്.