Connect with us

Gulf

വിശുദ്ധ ഖുര്‍ആന്‍ വഴികാട്ടുന്നു

Published

|

Last Updated

വിശുദ്ധ ഖുര്‍ആന്റെ മാസമാണ് റമസാന്‍. മാനവ സമൂഹത്തോടാകെയുമുള്ള അഭിസംബോധനയാണ് ഖുര്‍ആന്‍. മാനവ സമൂഹത്തിനു വഴികാട്ടിയായി വിശുദ്ധ വേദഗ്രന്ഥം ഇന്നും പ്രോജ്ജ്വലിച്ചു നില്‍ക്കുന്നു.

ഖുര്‍ആന്റെ മാഹാത്മ്യവും പ്രാധാന്യവും വളരെ വിശദമായി ജര്‍മന്‍ മഹാകവി ജോഹാന്‍ ഗഥെ രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം പറയുന്നു;
“ഖുര്‍ആന്‍ പഠിക്കാന്‍ തുനിഞ്ഞാല്‍ ഒരുപക്ഷേ, ആദ്യം ഇഷ്ടക്കുറവ് തോന്നും, ക്രമേണ അത് ആകര്‍ഷിക്കാന്‍ തുടങ്ങും, പിന്നെ അമ്പരപ്പിക്കും. തുടര്‍ന്ന് നമ്മെ കീഴടക്കും. അതിന്റെ ശൈലിയും ഉള്ളടക്കവും വിട്ടുവീഴ്ചയില്ലാത്തതും ഉദാത്തവുമാണ്. ഖുര്‍ആന് ശേഷം വന്ന തലമുറകളെ മുഴുവന്‍ അത് വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ ഖുര്‍ആന്‍ വായിച്ചപ്പോഴെല്ലാം ആത്മാവ് എന്റെ ശരീരത്തിനുള്ളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഖുര്‍ആനിലെ യാഥാര്‍ഥ്യങ്ങളും അത് കൊണ്ടുവന്നിട്ടുള്ള ദൈവദൂതന്റെ മഹത്വവും ഗ്രഹിക്കുന്നതില്‍ നിന്നും വര്‍ഷങ്ങളായി പുരോഹിതന്മാര്‍ ഞങ്ങളെ തടഞ്ഞിരുന്നു. പക്ഷെ ശാസ്ത്രം പുരോഗമിക്കുമ്പോള്‍ ജനസമൂഹങ്ങള്‍ ഈ ഗ്രന്ഥം ഏറെ ശ്രദ്ധിക്കാന്‍ തുടങ്ങും. ചിന്തകളുടെ അച്ചുതണ്ടായി ഭാവിയില്‍ അത് മാറുകയും ചെയ്യും. ദിവ്യ ഗ്രന്ഥം യുഗയുഗാന്തരങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടേയിരിക്കും. ഈ ബോധനം ഒരിക്കലും പരാജയപ്പെടില്ല. നമ്മുടെ സര്‍വ മൂല്യ സംഹിതകളെയും കണക്കിലെടുത്ത് പറയട്ടെ, ഈ ബോധനത്തെക്കാള്‍ അല്‍പം പോലും മുന്നോട്ടു പോകാന്‍ നമുക്കാവില്ല”” (ഉദ്ധരണം: ടി.പി ഹ്യൂഗ്സിന്റെ ഡിക്ഷണറി ഓഫ് ഇസ്ലാം, 1999, പേജ് 526).

മനുഷ്യന്റെ മൂല്യബോധത്തെയും ധാര്‍മിക ചിന്തയെയും ഖുര്‍ആന്‍ രൂപപ്പെടുത്തുന്ന വിധത്തെ കുറിച്ചാണ് ഫ്രഞ്ച് ഓറിയന്റലിസ്റ്റ് ചരിത്രകാരന്‍ ലൂയിസ് സെഡിലൊക്ക് വെളിപ്പെടുത്താനുള്ളത്. അദ്ദേഹം പറയുന്നതിങ്ങനെ; “സൃഷ്ടിജാലങ്ങളോടുള്ള ദൈവത്തിന്റെ തീവ്രമായ സ്നേഹം പ്രസരിപ്പിക്കാത്ത ഒരൊറ്റ വചനം പോലും ഖുര്‍ആനില്‍ കാണപ്പെടുകയില്ല. ഉത്തമമൂല്യങ്ങള്‍ ജീവിതത്തില്‍ വളര്‍ത്തിയെടുക്കാനുള്ള വമ്പിച്ച പ്രേരണ അതിലുണ്ട്. ഉല്‍കൃഷ്ടമായ വികാരങ്ങളും ആഗ്രഹങ്ങളും വിട്ടുവീഴ്ചയും സഹിഷ്ണുതയും പങ്കുവെക്കാന്‍ അത് ആഹ്വാനം ചെയ്യുന്നു. മറ്റുള്ളവരോട് നിന്ദ്യതയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നത് അത് വെറുക്കുന്നു. ചിന്തയിലും നോട്ടത്തിലുംവരെ പാപങ്ങള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ടെന്ന് അത് സൂചന നല്‍കുന്നു. ദൈവനിഷേധികളോട് പോലും കരാര്‍ പാലിക്കുകയും വാഗ്ദാനം നിറവേറ്റുകയും വേണമെന്ന് അത് നിര്‍ദേശിക്കുന്നു. എല്ലാവരോടും വിനയം കാട്ടണമെന്നും ദുര്‍ബലര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കണമെന്നും, ദ്രോഹിക്കുന്നവര്‍ക്കുപോലും മാപ്പ് നല്‍കണമെന്നും, അവരെ ശപിക്കരുതെന്നും ആഹ്വാനം ചെയ്യുന്നു. ചുരുക്കത്തില്‍, ഖുര്‍ആന്‍ മാനവികതക്ക് മുന്നില്‍ വെക്കുന്ന മൂല്യങ്ങള്‍ എന്നും ലോകത്തിന് ആവശ്യമുള്ളത് തന്നെയാണ്. വിശുദ്ധ ഖുര്‍ആന്‍ സകല വിഷയങ്ങളിലും ഏറ്റവും ഉള്‍ക്കാഴ്ച നല്‍കുന്ന ഗ്രന്ഥം തന്നെ”” (അറബികളുടെ പൊതുചരിത്രം, പേജ് 89).

ഖുര്‍ആന്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളെ കുറിച്ചാണ് ഇന്ത്യയുടെ വാനമ്പാടിയായിരുന്ന സരോജനി നായിഡു സംസാരിക്കുന്നത്; “വിശുദ്ധ ഖുര്‍ആന്‍ നീതിയുടെയും സംസ്‌കാരത്തിന്റെയും പ്രമാണമാണ്, സ്വാതന്ത്ര്യത്തിന്റെ രേഖയാണ്, കര്‍മരംഗത്ത് സത്യത്തിന്റെയും നീതിയുടെയും അധ്യാപനങ്ങള്‍ നല്‍കുന്ന മഹത്തായ നിയമഗ്രന്ഥമാണ്. മറ്റൊരു ഗ്രന്ഥവും വിശുദ്ധ ഖുര്‍ആനെപ്പോലെ, ജീവിതത്തിന്റെ മുഴുമണ്ഡലങ്ങള്‍ക്കും വിശദീകരണമോ പരിഹാരമോ സമര്‍പ്പിക്കുന്നില്ല. ഖുര്‍ആന്‍ വായിച്ചപ്പോള്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സങ്കല്‍പ്പങ്ങളല്ല, മുഴുവന്‍ ലോകത്തിനും പ്രായോഗികമായ നിയമങ്ങളാണ് എന്നാണ്” (പ്രഭാഷണം, മുസ്ലിം ഇന്‍സ്റ്റിറ്റിയൂട്ട് ഹാള്‍, കല്‍ക്കത്ത, 1/1/1945, ഉദ്ധരണം: ഞാന്‍ സ്നേഹിക്കുന്ന ഇസ്ലാം, പേജ് 46)

ലിയോ ടോള്‍സ്റ്റോയി ഖുര്‍ആനെ കുറിച്ച് പറയുന്നതിങ്ങനെയാണ്; “ഖുര്‍ആന്‍ വായിച്ചപ്പോഴാണ് മനുഷ്യസമൂഹത്തിനു വേണ്ടതൊക്കെയും ഈ ന്യായ പ്രമാണത്തിലുണ്ട് എന്ന സത്യം എനിക്ക് തിരിച്ചറിയാന്‍ സാധിച്ചത്. ഖുര്‍ആനിക നിയമമായിരിക്കും ഇനി ലോകത്തെ നയിക്കുക. കാരണം, അത് മനസ്സുമായും യുക്തിയുമായും വിജ്ഞാനവുമായും വലിയ തോതില്‍ യോജിക്കുന്നു.”

വൈദ്യശാസ്ത്ര വിദഗ്ധനും ഫ്രഞ്ച് ശാസ്ത്രജ്ഞനുമായിരുന്ന ഡോ. മോറിസ് ബുക്കായ് പറയുന്നത് ഇങ്ങനെ: “യാതൊരു മുന്‍ധാരണയുമില്ലാതെ നിഷ്പക്ഷമായി ഞാന്‍ ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങി. ഖുര്‍ആന്‍ വചനങ്ങളും ശാസ്ത്രസത്യങ്ങളും താരതമ്യം ചെയ്യുകയായിരുന്നു ലക്ഷ്യം. ഖുര്‍ആന്‍ നിരവധി ശാസ്ത്രസത്യങ്ങള്‍ വിളിച്ചു പറയുന്നുണ്ടെന്ന് മുമ്പ്തന്നെ അതിന്റെ പരിഭാഷകളില്‍ നിന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു. പക്ഷേ, എന്റെ അറിവ് പരിമിതമായിരുന്നു. അറബിയില്‍ തന്നെ ഖുര്‍ആന്‍ വളരെ ആഴത്തില്‍ പഠിച്ചപ്പോള്‍ ഒരുകാര്യം ബോധ്യപ്പെട്ടു. ആധുനിക ശാസ്ത്രീയ സത്യങ്ങളുമായി ഏറ്റുമുട്ടുന്ന ഒരു വചനം പോലും ഖുര്‍ആനിലില്ല!” (ഖുര്‍ആന്‍, ബൈബിള്‍, ശാസ്ത്രം. പേജ് 150)

ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി ഈ ഗ്രന്ഥം നമ്മെ മാടിവിളിക്കുന്നുണ്ട്. ഗൗരവമായ ചോദ്യങ്ങള്‍ ഖുര്‍ആന്‍ നിരന്തരം നമ്മോട് ചോദിക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ നമുക്ക് ബാധ്യതയുണ്ട്. ഖുര്‍ആനിലൂടെ നമ്മുടെ ജീവിതം കെട്ടിപ്പടുക്കാനാവണം നമുക്ക്. അതിനാവട്ടെ ഈ റമസാന്‍ നാളുകളില്‍ നമ്മുടെ പരിശീലനങ്ങള്‍. മുത്ത് നബിയുടെ സ്വാഭാവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ “വിശുദ്ധ ഖുര്‍ആന്‍” എന്നാണല്ലോ ആഇശാ ബീവി (റ) ഉത്തരം പറഞ്ഞത്. ഖുര്‍ആന്‍ നമ്മുടെ ജീവിതത്തോട് ചേര്‍ത്ത് വെക്കാന്‍ നമുക്ക് കഴിയട്ടെ.

Latest