Connect with us

Gulf

ഖുനൂത്; അര്‍ഥവും വ്യാപ്തിയും

Published

|

Last Updated

“രാത്രി സമയം ഭക്തിസാന്ദ്രവും ദീര്‍ഘവുമായ നിസ്‌കാരത്തില്‍ കഴിച്ചുകൂട്ടുകയും പരലോക ശിക്ഷ ഭയക്കുകയും രക്ഷിതാവിന്റെ കാരുണ്യം ആഗ്രഹിക്കുകയും ചെയ്യുന്നവന് സമാനതയുണ്ടോ? പറയുക, അറിവുള്ളവരും ഇല്ലാത്തവരും സന്മാരാണോ? നിശ്ചയം പാഠമുള്‍കൊള്ളുന്നത് ബുദ്ധിമാനികളാണ്” (സുമര്‍ 9).

വിശുദ്ധ ഖുര്‍ആനില്‍ പന്ത്രണ്ട് വ്യത്യസ്ത സൂക്തങ്ങളിലായി പതിമൂന്ന് തവണ ആവര്‍ത്തിച്ചുവന്ന പദമാണ് “ഖുനൂത്” എന്നത്. ഒരു വിഷയത്തില്‍ ദീര്‍ഘസമയം ചെലവഴിക്കുന്നതിനാണ് അറബി ഭാഷയില്‍ പ്രസ്തുത പദം ഉപയോഗിക്കുന്നത്. വിഖ്യാത ഖുര്‍ആന്‍ പണ്ഡിതനായ മുജാഹിദ് (റ) പറയുന്നത് ഇങ്ങനെയാണ്. “ഖുനൂത്” എന്നാല്‍ ഭവ്യതയോടെ കണ്ണടച്ച് മറ്റവയവങ്ങള്‍ കീഴ്‌പെടുത്തി ദീര്‍ഘസമയം നിസ്‌കാരത്തിലെ റുകൂഇല്‍ കഴിയുക. (ഖുര്‍തുബി). ഖുര്‍ആനില്‍ ഉപയോഗിച്ച ഖുനൂത് എന്ന പദം വഴിപാടിന്റെ അര്‍ഥത്തിനാണെന്ന അഭിപ്രായമാണ് ഇമാം ളഹാക് (റ)വിനുള്ളത്.

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം ചെയ്യുന്നു. നബി (സ) നിസ്‌കാരത്തിലായിരിക്കെ ഞങ്ങള്‍ സലാം പറയാറുണ്ടായിരുന്നു. നബി തങ്ങള്‍ മടക്കാറുമുണ്ട്. ഞങ്ങള്‍ നജ്ജാശി രാജാവിന്റെ അരികില്‍ നിന്ന് തിരിച്ചുവന്ന ശേഷം സലാം പറഞ്ഞപ്പോള്‍ മുത്ത് നബി (സ) മടക്കിയില്ല. ഞങ്ങള്‍ ചോദിച്ചു. യാ റസൂലല്ലാഹ്! നിസ്‌കാരത്തിലായിരിക്കെ ഞങ്ങള്‍ സലാം ചൊല്ലാറുണ്ടായിരുന്നു. താങ്കള്‍ അതിന് മറുപടിയും നല്‍കാറുണ്ട്. അപ്പോള്‍ അവിടുന്ന് മറുപടി നല്‍കി. നിശ്ചയം നിസ്‌കാരത്തില്‍ വേറെ ജോലിയുണ്ട്, അഥവാ സലാം മടക്കുന്നതിനും സംസാരിക്കുന്നതിനും വിലക്ക് വന്നിട്ടുണ്ട്. (മുസ്‌ലിം).

നിസ്‌കാരം എന്നത് നാഥന്റെ മുമ്പില്‍ അടിമ നടത്തുന്ന ഇബാദത്താണ്. അവനോട് മാത്രമുള്ള സമ്പര്‍ക്ക സമയം. ആ സമയം പൂര്‍ണ ആനന്ദത്തിലാവാന്‍ അടിമ ശ്രമം നടത്തേണ്ടതുണ്ട്. ഭക്തിയും ദീര്‍ഘമായ റുകൂഉം നിര്‍ത്തവുമെല്ലാം പ്രസ്തുത ആനന്ദത്തിലേക്ക് നിസ്‌കരിക്കുന്നവനെ എത്തിക്കും.

വിശുദ്ധ റമസാനിന്റെ ദിനരാത്രങ്ങളാണ് കൊഴിഞ്ഞുവീഴുന്നത്. ഓരോ സമയവും ഒന്നിനൊന്ന് മെച്ചമാണ്. റമസാനിലെ രണ്ട് പ്രധാന കര്‍മങ്ങളില്‍ രാത്രിയിലുള്ളത് പ്രത്യേക നിസ്‌കാരമാണല്ലോ. അഥവാ ഇരുപത് റകഅത് തറാവീഹ്. ഇതോടൊപ്പം പാതിരാവില്‍ സ്രഷ്ടാവിനോട് സല്ലപിച്ച് നിസ്‌കാരത്തില്‍ സമയം തള്ളിനീക്കുന്ന അടിമകളുണ്ട്. അവരെ വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ആ കൂട്ടത്തില്‍ ഇബ്‌റാഹീം നബി (അ)നെയും മറിയം ബീവി (റ)യെയും പ്രത്യേകം പരാമര്‍ശിക്കുന്നത് കാണാം. ഇബ്‌റാഹീം നബി (അ) ഭക്തിയിലും വഴിപാടിലും അനുഗമിക്കപ്പെടുന്ന നേതൃത്വമാണെന്നും മറിയം ബീവി (റ) ദീര്‍ഘമായി നിന്ന് നിസ്‌കരിക്കാറുണ്ടായിരുന്നുവെന്നും വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നുണ്ട്. മുത്ത് നബി (സ)യുടെ കാലില്‍ വണ്ണം വെച്ചിരുന്നുവെന്ന് ആഇശ ബീവി (റ) വിശദീകരിക്കുന്നുണ്ടല്ലോ. അവിടുന്ന് പറയുകയും ചെയ്തു. “നിസ്‌കാരത്തില്‍ ശ്രേഷ്ഠതയുള്ളത് ദീര്‍ഘമായ നിസ്‌കാരത്തിനാണ്” (മുസ്‌ലിം).

തനിച്ച് നിസ്‌കരിക്കുന്നവന് മാത്രമേ കൂടുതല്‍ ദീര്‍ഘിപ്പിച്ച് നിസ്‌കരിക്കാന്‍ കഴിയുകയുള്ളൂ. റുകൂഇലും സുജൂദിലുമൊക്കെ പ്രാര്‍ഥനാ നിരതനാവാനും. റമസാനിലെ രണ്ടാം പകുതിയില്‍ പ്രത്യേക പ്രാധാന്യം വര്‍ധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്നതും ഈ സമയത്താകയാല്‍ വളരെ പ്രതീക്ഷയോടെ മുന്നേറാനും കഴിയും.

“ഖുനൂത്” നമ്മുടെ മനസ്സില്‍ ചെറുപ്പം മുതല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അത് സുബ്ഹി നിസ്‌കാരത്തിലാണ്. അതുപോലെ റമസാനിലെ രണ്ടാം പകുതിയിലെ വിത്ര്‍ നിസ്‌കാരത്തിന്റെ ഒടുവിലും. അതിന് പ്രത്യേകം വചനങ്ങള്‍ തന്നെ ഹദീസില്‍ വന്നിട്ടുണ്ട്. “അല്ലാഹുമ്മ ഇദിനീ….” എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ വചനം തിര്‍മുദി, അബു ദാവൂദ് ഉള്‍പെടെ ധാരാളം ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. വിശാല അര്‍ഥ വ്യാപ്തിയും ഭൗതിക-പാരത്രിക ലോകത്ത് ആവശ്യമായ സര്‍വ നന്മകളെയും ഉള്‍കൊള്ളുന്നതാണ് പ്രസ്തുത വചനങ്ങള്‍. പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിച്ച പ്രത്യേക പ്രാര്‍ഥനകളുടെ ആകത്തുകയാണ് ഖുനൂത് എന്ന് ചുരുക്കം. അതിനെ അവസാനിപ്പിക്കുന്നത് അല്ലാഹുവിനെ പ്രത്യേകമായി പുകഴ്ത്തിയും സ്തുതിയര്‍പ്പിച്ചുകൊണ്ടുമാണ്. നബി (സ) ഒരാള്‍ നിസ്‌കരിക്കുന്നത് ശ്രദ്ധിക്കാനിടയായി. അയാളുടെ നിസ്‌കാരത്തില്‍ നടത്തുന്ന ഖുനൂതില്‍ അല്ലാഹുവിനെ പ്രത്യേകമായി സ്തുതിക്കുന്നതും നബി (സ)ക്ക് വേണ്ടി സ്വലാത്ത് ചൊല്ലുന്നതും കേട്ടു. അവിടുന്ന് പറഞ്ഞു. “ചോദിച്ചോളൂ, നല്‍കപ്പെടും, ദുആ ചെയ്‌തോളൂ, ഉത്തരം നല്‍കപ്പെടും” (തിര്‍മുദി). ഖുര്‍ആനിന്റെ മാത്രമല്ല. മറ്റു പ്രാര്‍ഥനകള്‍ക്കുമുള്ള അദബുകളില്‍ പെട്ടതാണ് എന്നത് ശ്രദ്ധേയമാണ്. പാപമുക്തി നേടാന്‍ പ്രത്യേകമായി നിശ്ചയിച്ച നാളുകളിലും റമസാന്‍ അവസാന ഭാഗത്തും നാം നാഥനിലേക്ക് കരങ്ങളുയര്‍ത്തുകയാണ്. ഹംദ്, സ്വലാത്ത് കൊണ്ട് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന പ്രാര്‍ഥനക്ക് ഉത്തരം നല്‍കുമെന്ന് ഓഫര്‍ ചെയ്തത് മുത്ത് നബി (സ)യാണ്. വിശ്വാസികളെ, ജാഗ്രതൈ.

Latest