Connect with us

Ramzan

ബദ്‌രീങ്ങള്‍ അനുസ്മരിക്കപ്പെടേണ്ടവര്‍ തന്നെയാണ്

Published

|

Last Updated

തിരുനബിയും ബദ്‌റില്‍ പങ്കെടുത്ത 313 അതിശ്രേഷ്ഠരായ സ്വഹാബികളുമാണ് ബദ്‌രീങ്ങള്‍. മുത്തുനബിക്ക് ശേഷം ഏറ്റവും കൂടുതല്‍ അനുസ്മരിക്കപ്പെടുന്നവരും സിയാറത്ത് ചെയ്യപ്പെടുന്നവരുമാണവര്‍. അവരുടെ അപദാനം വാഴ്ത്തുന്ന മൗലിദുകള്‍ നമ്മുടെ വീടുകളിലും പള്ളികളിലും സ്ഥാപനങ്ങളിലും സജീവമായി നടക്കേണ്ടതുണ്ട്. ബദ്‌റില്‍ പങ്കെടുത്തവര്‍ക്ക് മറ്റ് വിശ്വാസികള്‍ക്കൊന്നുമില്ലാത്ത പ്രത്യേകതകളുണ്ട്. അറബ് ഉപദ്വീപിന്റെ പുറത്തേക്കുള്ള വാതായനം ഇസ്‌ലാമിന് മലര്‍ക്കെ തുറന്നുകൊടുത്തതും ലോകമാകെ വിശുദ്ധ ഇസ്‌ലാം പ്രചരിക്കാന്‍ പാതയൊരുക്കിയതും അവരാണ്. മുസ്‌ലിം സമൂഹത്തിന് പിന്നീടുണ്ടായ വളര്‍ച്ചയും പുരോഗതിയും ബദ്‌രീങ്ങളുടെ അത്യുജ്ജ്വലമായ ത്യാഗത്തോട് കടപ്പെട്ടിരിക്കുന്നു. സ്വര്‍ഗത്തിലെ അതിശ്രേഷ്ഠമായ പദവി ലഭിക്കുന്നതോടൊപ്പം ഇഹലോകത്ത് ഇസ്‌ലാമിന്റെ ചരിത്രത്തിലുടനീളം പ്രകാശം പരത്തുന്ന താരകങ്ങളായി അവര്‍ പരിലസിക്കുന്നു. അവരുടെ വീരസ്മരണ എക്കാലത്തേയും ധര്‍മയോദ്ധാക്കള്‍ക്ക് ആവേശവും ആത്മധൈര്യവും പകര്‍ന്നുനല്‍കുന്നു. അവരുടെ അനശ്വരമായ ചരിത്രം സത്യവിശ്വാസിയെ ഇന്നും ഹര്‍ഷപുളകിതനാക്കുന്നു.

ബദ്‌രീങ്ങളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് നബി(സ)യുടെ മറുപടി ഇങ്ങനെയായിരുന്നു. “മുസ്‌ലിംകളില്‍ ഏറ്റവും ഉത്തമരാണവര്‍. മലക്കുകളില്‍ നിന്ന് ബദ്‌റില്‍ പങ്കെടുത്തവരും അപ്രകാരം ഉത്തമരാണ്”(ഹദീസ് ബുഖാരി 5313).

ലോകചരിത്രത്തിലേറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍ ജീവാര്‍പ്പണം നടത്തി രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറായവരാണവര്‍. ചരിത്രത്തിന്റെ ഗതി തിരിച്ചുവിടാന്‍ ഭാഗ്യം ലഭിച്ചവര്‍. ബദ്‌രീങ്ങള്‍ വിജയിച്ചില്ലായിരുന്നുവെങ്കില്‍ ഇസ്‌ലാമിന്റെ ഭാവി തന്നെ ഊഹാതീതമാണ്. അന്ത്യനാള്‍ വരെയുള്ള മുസ്‌ലിം ഉമ്മത്തിന്റെ ചരിത്രത്തിലുടനീളം അവരുടെ സ്മരണ അനശ്വരമായി നിലകൊള്ളും. തലമുറകളെ ആവേശഭരിതരാക്കും. ആദര്‍ശത്തിന് വേണ്ടിയുള്ള ആത്മത്യാഗത്തിന്റെ അവര്‍ണനീയമായ അധ്യായം പുതിയ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. അവരെ പറ്റിയുള്ള ഊഷ്മളമായ സ്മരണ വിശ്വാസികളുടെ മനസ്സില്‍ എന്നെന്നും പൂത്തുലഞ്ഞു സുഗന്ധം പരത്തിക്കൊണ്ടിരിക്കും. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചവരെപ്പറ്റി മരിച്ചവരാണെന്ന് ധരിക്കരുത്. പ്രത്യുത, അവര്‍ അല്ലാഹുവിങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്. (ആലു ഇംറാന്‍ 169, 170)

സത്യത്തില്‍ ബദ്‌രീങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. അവരുടെ അനുസ്മരണം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. പ്രകീര്‍ത്തനങ്ങളിലൂടെയും ആശയ പ്രചാരണങ്ങളിലൂടെയും ഓരോ ബദ്ര്‍ദിനത്തോടനുബന്ധിച്ചും വിപുലവും വിശാലവുമായ അനുസ്മരണ സംരംഭങ്ങള്‍, മൗലിദ് മജ്‌ലിസുകള്‍, ഭക്ഷണ വിതരണം തുടങ്ങിയവ നാടാകെ നടക്കുകയാണ്. കോടിക്കണക്കിന് രൂപ അനുസ്മരണങ്ങള്‍ക്ക് സമൂഹം ചെലവഴിക്കുകയാണ്. അവര്‍ സംരക്ഷിക്കുകയും ഉയര്‍ത്തിക്കാണിക്കുകയും ചെയ്ത ആദര്‍ശത്തിലേക്ക് അനുദിനം ജനം ഒഴുകിക്കൊണ്ടിരിക്കുകയാണ്.

ബദ്‌രീങ്ങളുടെ കാവലും സഹായവും പ്രതീക്ഷിക്കുന്ന സുന്നികളെ സംബന്ധിച്ചിടത്തോളം ബദ്ര്‍ ദിനം ഈമാന്‍ റീചാര്‍ജ് ചെയ്യാനുള്ള അനര്‍ഘ അവസരം കൂടിയാണ്. അവരെ തവസ്സുലാക്കി അല്ലാഹുവിനോട് തേടിയാലും അവരോട് നേരിട്ട് സഹായമഭ്യര്‍ഥിച്ചാലും പ്രശ്‌നപരിഹാരം സാധ്യമാകും.