Connect with us

Kerala

സ്‌കൂളുകളിലെ ഉച്ചഭക്ഷണം ഇനി കുശാല്‍; ഊണിനൊപ്പം രണ്ടുതരം വിഭവങ്ങള്‍

Published

|

Last Updated

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം ഒരു കറിയും രണ്ടുതരം വിഭവങ്ങളും നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രസം, അച്ചാര്‍ എന്നിവ നല്‍കരുതെന്നും നിര്‍ദേശം. ഭക്ഷണത്തില്‍ വൈവിധ്യം ഉറപ്പാക്കി വേണം ഓരോ ദിവസത്തെയും മെനു നിശ്ചയിക്കേണ്ടത്. ചെറുപയര്‍, വന്‍പയര്‍, കടല, ഗ്രീന്‍പീസ്, മുതിര എന്നിവ കറിക്ക് ഉപയോഗിക്കാം. പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങ ള്‍, എണ്ണ, എണ്ണക്കുരുക്കള്‍ എന്നിവയിലൂടെ വിറ്റാമിനുകള്‍, കൊഴുപ്പ്, ധാതുലവണങ്ങള്‍ എന്നിവ ധാരാളമായി ലഭിക്കുന്നതിനാല്‍ ഒരേ തരത്തിലുള്ള ആഹാരത്തിന് പകരം വൈവിധ്യമുള്ള വിഭവങ്ങളാകണം ഉള്‍പ്പെടുത്തേണ്ടത്.

പോഷകാഹാരത്തിന്റെ കുറവ് കുട്ടികളില്‍ വളര്‍ച്ച മുരടിക്കുന്നതിനും ന്യൂനപോഷക രോഗാവസ്ഥകള്‍ ഉണ്ടാക്കുന്നതിനും അനാരോഗ്യത്തിനും ഇടയാക്കും. ഇവയെ പ്രതിരോധിക്കുന്നതിനും കുട്ടികളുടെ ബുദ്ധിശക്തിയും ഓര്‍മശക്തിയും ആരോഗ്യവും കാത്തുസൂക്ഷിക്കാനും ഇത്തരം വൈവിധ്യങ്ങള്‍ വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം പാല്‍, മുട്ട, നേന്ത്രപ്പഴം എന്നിവ ഏതെല്ലാം ദിവസങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് എന്നതും പ്രദര്‍ശിപ്പിക്കണം. ആഴ്ചയില്‍ ഒരു മുട്ട വീതമാണ് നല്‍കേണ്ടത്. ഇത് ഉച്ചഭക്ഷണത്തോടൊപ്പം കറിയായി നല്‍കണം. മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക് പകരമായി നേന്ത്രപ്പഴം നല്‍കണം. ആഴ്ചയില്‍ രണ്ട് തവണ 150 മില്ലി ലിറ്റര്‍ തിളപ്പിച്ച പാല്‍ നല്‍കുകയും കുട്ടികള്‍ കുടിച്ചു എന്ന് ഉറപ്പുവരുത്തുകയും വേണം. ഫണ്ടിന്റെ ലഭ്യതയും കുട്ടികളുടെ താത്പര്യം അനുസരിച്ചും മത്സ്യ, മാംസ ആഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് കുഴപ്പമില്ല. ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ച മെനു സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പതിക്കണം.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് അര്‍ഹതയുള്ളത്. ഇത്തരം വിദ്യാലയങ്ങളില്‍ 2011-2012 അധ്യയന വര്‍ഷം വരെ പി ടി എ നടത്തുന്ന അംഗീകാരമുള്ള പ്രീപ്രൈമറി കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കാം. എന്നാല്‍ ഈവര്‍ഷത്തിന് ശേഷം ആരംഭിച്ച അംഗീകാരമില്ലാത്ത പ്രീപ്രൈമറി കുട്ടികളെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമില്ല. ബദല്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ എന്നിവരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഏതെങ്കിലും സാഹചര്യത്തി ല്‍ ഉച്ചഭക്ഷണ നടത്തിപ്പിന് ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാല്‍ സ്‌കൂളില്‍ ലഭ്യമായ ഏത് ഫണ്ട് ഉപയോഗിച്ചും പദ്ധതി മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകണമെന്ന പ്രത്യേക നിര്‍ദേശവുമുണ്ട്. ഫണ്ട് ലഭ്യമാകുന്നതിന് അനുസരിച്ച് തുക മാറ്റുന്നതിന് പ്രധാനാധ്യാപകന് ചുമതല നല്‍കിയിട്ടുണ്ട്.

അരി, പാചകച്ചെലവിനുള്ള തുക, ഇന്ധനം എന്നിവ ലഭ്യമല്ലാതാകുക, പാചകത്തൊഴിലാളികളുടെ അഭാവം എന്നീ കാരണങ്ങളാല്‍ മാസത്തില്‍ തുടര്‍ച്ചയായി മൂന്ന് ദിവസമോ മാസത്തില്‍ അഞ്ച് ദിവസമോ ഉച്ചഭക്ഷണം മുടങ്ങിയാല്‍ ഉത്തരവാദിത്വമുള്ളവരില്‍ നിന്ന് തുക ഈടാക്കി കുട്ടികള്‍ക്ക് ഫുഡ് സെക്യൂരിറ്റി അലവന്‍സായി മുടങ്ങിയ ദിവസത്തേക്കുള്ള അരി, പാചകച്ചെലവിനുള്ള തുക എന്നിവ വിതരണം ചെയ്യണം. പാല്‍ പ്രാദേശിക സഹകരണ സംഘങ്ങളില്‍ നിന്ന് വാങ്ങാ ന്‍ ശ്രമിക്കണം. അല്ലാത്തപക്ഷം മാത്രമാണ് മില്‍മയില്‍ നിന്ന് വാങ്ങേണ്ടത്. സ്‌കൂളുകളില്‍ അടുക്കള പച്ചക്കറിത്തോട്ടം നിര്‍മിച്ച് ഇതില്‍ നിന്ന് ലഭിക്കുന്ന പച്ചക്കറികള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. ഇതിന് കൃഷി വകുപ്പ് സ്‌കൂളുകള്‍ക്ക് നല്‍കുന്ന 50,000 രൂപയുടെ ധനസഹായം ഉപയോഗപ്പെടുത്താമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമുണ്ട്.