Gulf
ആര്‍ ടി എ നിര്‍ധനര്‍ക്ക് മീര്‍ റമസാന്‍ വിതരണം ചെയ്തു
ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളിലെ 400 നിര്‍ധന കുടുംബങ്ങള്‍ക്ക് മീര്‍ റമസാന്‍ (പ്രത്യേക റേഷന്‍ പദ്ധതി) വിതരണം ചെയ്തു. യൂണിയന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സഹായ വിതരണം നടത്തിയത്. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ വഫാത് ദിനമായ റമസാന്‍ 19ന് ശൈഖ് സായിദിന്റെ മനുഷ്യത്വ പരമായ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്നതിനാണ് ആര്‍ ടി എയുടെ പദ്ധതി. റമസാന്‍ മാസത്തിലെ പവിത്രത ജനങ്ങളില്‍ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതിനാണ് ദുബൈയുടെ ലക്ഷ്യമെന്നും ആര്‍ ടി എക്ക് കീഴിലെ കോര്‍പ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സര്‍വീസ് സെക്ടര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മൗസ അല്‍ മര്‍റി പറഞ്ഞു.
ഷാര്‍ജ സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്‌മെന്റിന്റെ സഹകരണത്തോടെ ആര്‍ ടി എയുടെ പ്രത്യേക സന്നദ്ധ സേവകര്‍ 50 അനാഥരായ കുരുന്നുകള്‍ക്ക് ഈദ് ജോയ് സംരംഭത്തിലൂടെ പെരുന്നാള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയും നടത്തിയിരുന്നു. പെരുന്നാള്‍ വസ്ത്രങ്ങള്‍, മറ്റ് സമ്മാനങ്ങള്‍ എന്നിവ വാങ്ങുന്നതിന് സഹായിക്കുന്നതാണ് പദ്ധതി.
ആര്‍ ടി എ ബസുകളിലെ തിരഞ്ഞെടുത്ത 50 ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഇഫ്താര്‍ പരിപാടിയും ആര്‍ ടി എ ഒരുക്കിയിരുന്നു.
റമസാന്‍ 19നാണ് യു എ ഇ സായിദ് ഹ്യുമാനിറ്റേറിയന്‍ ദിനമായി ആചരിക്കുന്നത്. രാഷ്ട്ര പിതാവ് ശൈഖ് സായിദ് അല്‍ നഹ്യാന്റെ വഫാത് ദിനത്തില്‍ യു എ ഇയുടെ മാനുഷിക പരിഗണനാ വീക്ഷണങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കുന്നതിനാണ് വിവിധ സര്‍ക്കാര്‍ വകുപ്പ്പുകളുടെ കീഴിലുള്ള ദിനാചരണ പരിപാടികള്‍.