Connect with us

Ramzan

സകാത്ത്: ഔദാര്യമല്ല, അവകാശമാണ്

Published

|

Last Updated

സകാത്ത് സംസ്‌കരണത്തിനും സമൂദ്ധാരണത്തിനും വേണ്ടി സംവിധാനിക്കപ്പെട്ട സവിശേഷ നിര്‍ബന്ധ ദാനമാണ്. വ്യക്തിയുടെയും സമ്പത്തിന്റെയും സമൂഹത്തിന്റെയും സമൃദ്ധിയും സംസ്‌കരണവും സാധ്യമാകുന്നു. സത്യവിശ്വാസിയുടെ സംസ്‌കാരത്തിന്റെ ഭാഗമാകുന്നു. അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെയും സാന്ത്വനപ്പെടുത്തുന്നതിന്റെയും ഭാഗമാകുന്നു. വിശുദ്ധ ഇസ്‌ലാം വിഭാവന ചെയ്യുന്ന സാമ്പത്തിക സംവിധാനം കുറ്റമറ്റതും സുന്ദരവുമാണെന്ന് ബോധ്യപ്പെടുന്നതുമാകുന്നു. “നിങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയാണ് അല്ലാഹു സമ്പത്ത് നല്‍കിയത്” (ഖുര്‍ആന്‍-നിസാഅ് 5)

സമ്പന്നരുടെ സമ്പത്തില്‍ സാധുക്കള്‍ക്കും അത് നല്‍കപ്പെടാത്തവര്‍ക്കും അവകാശമുണ്ട്. പണക്കാര്‍ക്ക് മാത്രമുള്ളതല്ല. അവരെ കൈകാര്യത്തിന് ഏല്‍പ്പിച്ചിരിക്കുകയാണ്. പാവങ്ങളുടെ അവകാശമാണ് സകാത്തും സ്വദഖയും. അത് സമയത്ത് കൃത്യമായി നല്‍കല്‍ നിര്‍ബന്ധ ബാധ്യതയാണ്. സമ്പത്തിന്റെ സകാത്ത് കണക്ക് കൂട്ടി ശരിയായ രീതിയില്‍ കൊടുത്തു വീട്ടുന്നവര്‍ വിരളമാണ്. കൊടുക്കുന്നവരില്‍ തന്നെ കൃത്യമായി നല്‍കുന്നവര്‍ പിന്നെയും കുറവ്. റമസാനില്‍ പാവങ്ങള്‍ക്ക് നല്‍കുന്ന ചില്ലിക്കാശുകളും സ്ഥാപനങ്ങള്‍ക്ക് പിരിവ് കൊടുക്കുന്നതും കിറ്റ് വിതരണം ചെയ്യുന്നതും പുത്തനാശയക്കാരുടെ സകാത്ത് കമ്മിറ്റിക്ക് നല്‍കുന്നതുമൊന്നും ഇസ്‌ലാമിക സകാത്തിന്റെ ഗണത്തില്‍ പെടുന്നതല്ല.

സകാത്ത്, കേവലമൊരു സംഭാവനയല്ല. പണക്കാരന്റെ ഔദാര്യവുമല്ല. പാവപ്പെട്ടവരുടെ അവകാശമാണ്. ലോകചരിത്രത്തില്‍ ആദ്യമായി ചുമത്തപ്പെട്ട ന്യായപൂര്‍ണമായ നിര്‍ബന്ധ നികുതി പോലെയാണ് സകാത്ത്. പണമുള്ളവന്റെ ധനത്തില്‍ നിന്ന് അവകാശികളുടെ വിഹിതം കൃത്യമായി നല്‍കുന്നതോടെ സമ്പത്തും ദാതാവും ശുദ്ധിയായി. സമൃദ്ധിയും സംശുദ്ധിയും സാധ്യമായി.

ഖുര്‍ആന്‍ പറയുന്നു: അവരുടെ സമ്പത്തില്‍ നിന്ന് അവരെ സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ദാനം വാങ്ങുക (അത്തൗബ 104)
ഓരോ പ്രദേശത്തെയും സാമ്പത്തിക ശേഷിയുള്ളവര്‍ അവരുടെ സമ്പത്ത് കൃത്യമായി കണക്ക് കൂട്ടി സകാത്ത് നല്‍കുന്നപക്ഷം നാട്ടില്‍ പാവങ്ങളും യാചകരും ഉണ്ടാകില്ല. 595 ഗ്രാം വെള്ളിയോ 35 ഗ്രാം സ്വര്‍ണമോ അതില്‍ കൂടുതലോ ലഭിക്കത്തക്ക കറന്‍സി ഒരു വര്‍ഷം സ്റ്റോക്കുണ്ടായാല്‍ ആകെയുള്ളതിന്റെ രണ്ടര ശതമാനം നിര്‍ബന്ധമായും ദാനം ചെയ്യണം. റമസാനിന്റെ പ്രത്യേക പുണ്യം ലഭിക്കുന്നതിന് സകാത്തിന്റെ വര്‍ഷം തികയുന്നതിന് മുമ്പ് നല്‍കിയാലും മതിയാകുമെന്നാണ് കര്‍മശാസ്ത്രം. സമയം കഴിഞ്ഞാല്‍ പിന്നെ പിന്തിക്കുന്നത് ശരിയല്ല. അവകാശികളെ കഷ്ടപ്പെടുത്തലാണത്. ചിലപ്പോള്‍ പാവപ്പെട്ടവര്‍ പട്ടിണി കിടന്ന് മരിക്കാന്‍ പോലും പിന്തിക്കല്‍ കാരണമാകും. ഉടമസ്ഥന്‍ നേരിട്ട് നല്‍കുകയാണ് വേണ്ടത്. വിശ്വസ്തരെ ഏല്‍പ്പിക്കുകയുമാകാം. വക്കാലത്താക്കിയവര്‍ നല്‍കിയാലേ സകാത്ത് വീട്ടിയവനായി പരിഗണിക്കുകയുള്ളൂ എന്നത് ശ്രദ്ധേയമാണ്. കമ്മിറ്റിയെ ഏല്‍പ്പിച്ചാല്‍ സകാത്ത് വീടുകയില്ല. ഇസ്‌ലാമിക ഭരണകൂടത്തിന്റെ നിയമപരിധിയില്‍ നമ്മുടെ നാട്ടുകമ്മിറ്റികള്‍ ഒരിക്കലും പെടുകയില്ല.

സാമ്പത്തികശേഷി ഉണ്ടാകുമ്പോള്‍ സകാത്തില്‍ നിന്ന് ഒഴിവാകാനുള്ള കുറുക്ക് വഴികള്‍ തേടുന്നത് ശരിയല്ല. ധനം എന്റെ സമുദായത്തിന്റെ പരീക്ഷണമാണെന്ന തിരുവചനവും മദ്യലഹരിപോലെ ധനത്തിലൊരു മത്തുണ്ടെന്ന ഉമര്‍(റ)ന്റെ വാക്കും ശ്രദ്ധേയമാണ്.

Latest