Articles
നോമ്പിന്റെ പവിത്രതകള്‍ കാത്തുസൂക്ഷിക്കാം
എഴുത്തിലും പ്രസംഗങ്ങളിലുമെല്ലാം “വ്രതം വിശുദ്ധിയുടെ മാസം” എന്നൊരു പ്രയോഗം കാണാം. ആകര്‍ഷണീയമായ ഒരുപദക്കൂട്ട് എന്നതിനപ്പുറം എത്ര പേര്‍ ഇതിനെ ഉള്‍ക്കൊള്ളുന്നുവെന്നാലോചിച്ചിട്ടുണ്ടോ? വിശ്വാസികളെ സംബന്ധിച്ചിടത്തോളം വ്രതാനുഷ്ഠാനം വിശുദ്ധ റമസാനില്‍ (ഉപാധികളോടെ) നിര്‍ബന്ധമാണ്. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും വ്യക്തമാക്കിയ പ്രസ്തുത കര്‍മം കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആര്‍ക്കെല്ലാം നിര്‍ബന്ധമാകും, ആര്‍ക്ക് നിര്‍ബന്ധമില്ല, എപ്പോള്‍ തുടങ്ങണം, എപ്പോള്‍ അവസാനിക്കണം, എന്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കണം എന്നിങ്ങനെ വ്രതാനുഷ്ഠാനത്തിന്റെ സാധുതക്ക് വേണ്ടതെല്ലാം മദ്‌റസാ പാഠപുസ്തകങ്ങള്‍ മുതല്‍ ഗഹനമായ ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളുന്ന തുഹ്ഫ പോലുള്ള ഗ്രന്ഥങ്ങള്‍ വരെ സ്പഷ്ടമായി വിവരിച്ചതാണ്.
എന്നാല്‍, വ്രതാനുഷ്ഠാനത്തിന്റെ വര്‍ണനകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ് പലപ്പോഴും വ്രതവിശുദ്ധി, സഹനം, സാഹോദര്യം, സ്‌നേഹം തുടങ്ങിയ ഗുണവിശേഷങ്ങള്‍. ഇമാം അബൂ ഹാമിദ് അല്‍ ഗസ്സാലി(റ) ഇഹ്‌യാ ഉലൂമുദ്ദീനില്‍ നടത്തിയ നിരീക്ഷണം ഏറെ പ്രസക്തമാണ്. കേവലം പട്ടിണി കിടക്കലോ ലൈംഗിക സുഖാസ്വാദനത്തില്‍ നിന്നുള്ള വിട്ടുനില്‍ക്കലോ മാത്രമല്ല, ഇസ്‌ലാമിലെ വ്രതാനുഷ്ഠാനം എന്ന് അതില്‍ നിന്ന് മനസ്സിലാക്കാനാകും. സാധാരണ ഒരു വിശ്വാസിയുടെ വ്രതവും മഹാന്മാരായ പണ്ഡിതന്മാരുടെയും ഭക്തന്മാരുടെയും വ്രതവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്.
കര്‍മശാസ്ത്ര നിയമങ്ങള്‍ക്കൊപ്പം വ്രതാനുഷ്ഠാനത്തിന്റെ യഥാര്‍ഥ ഫലം ലഭിക്കാന്‍ അത്തരം മര്യാദകള്‍ കൂടി പാലിച്ചിരിക്കണം എന്നതുകൊണ്ട് തന്നെ വിശുദ്ധ റമസാന്‍ ആകുമ്പോഴേക്കും പത്ത് കിതാബിലെ കിതാബുസ്സൗമും ഇഹ്‌യാ ഉലൂമുദ്ദീനിലെ നോമ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും വായിച്ച് തീര്‍ക്കുന്ന പതിവ് മുന്‍കാലത്തെ മതവിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും ഉണ്ടായിരുന്നു.
ഇന്ന് നോമ്പ് തുറ സത്കാരങ്ങളും മതപ്രഭാഷണ വേദികളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരും അല്ലാത്തവരും ഒരുപോലെ പള്ളികളിലെ നിസ്‌കാരം, ഇഅ്തികാഫ്, പഠനക്ലാസുകള്‍ തുടങ്ങിയവയില്‍ സജീവമാകുന്നു. ഏറെ സന്തോഷം തരുന്ന അത്തരം നല്ല കാര്യങ്ങള്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടണം.
അപ്പോഴും വ്രതവിശുദ്ധിയുടെ അര്‍ഥം അന്യം നിന്നുപോകുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത് മനുഷ്യര്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടിയാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. “തഖ്‌വ” എന്നാല്‍, അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിക്കലും വിരോധനകളെ വെടിഞ്ഞുനില്‍ക്കലുമാണ്. അഥവാ, വ്രതാനുഷ്ഠാനത്തിലൂടെ ശരീരത്തെ മെരുക്കിയെടുക്കാനും അതുവഴി എല്ലാ അര്‍ഥത്തിലും ഒരുത്തമ വിശ്വാസിയായിത്തീരാനുമാണ് റമസാന്‍ മാസം വഴിയൊരുക്കേണ്ടത്. ഒരര്‍ഥത്തില്‍ വ്യക്തിവിശുദ്ധിയെന്ന വാക്കിനെ നമുക്ക് അങ്ങനെ വ്യാഖ്യാനിക്കാം. അനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും സത്കര്‍മങ്ങളിലേക്ക് ആകുന്നത്ര മുന്നിടാനും വിശ്വാസിയെ പാകപ്പെടുത്തുന്ന ഒന്നാകണം വ്രതാനുഷ്ഠാനം. പൂര്‍ണമായ പട്ടിണിയെ പോലെ വയറ് നിറയലും ആപത്താണ്. തിന്മയിലേക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്നതും നല്ല കാര്യങ്ങളിലേക്കുള്ള താത്പര്യത്തെ തല്ലിക്കെടുത്തു ന്നതുമാണവ.
ഏതൊരു വിശ്വാസിയെ സംബന്ധിച്ചും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഒരു ഹദീസ് ഇമാം തുര്‍മുദി (റ) ഉദ്ധരിക്കുന്നുണ്ട്. നബി(സ) തങ്ങള്‍ പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: “”അനാവശ്യ കാര്യങ്ങളെ വെടിയല്‍ ഒരു വിശ്വാസിയുടെ ഗുണത്തില്‍ പെട്ടതാണ്.”” അപ്പോള്‍, ആവശ്യങ്ങള്‍, അനാവശ്യങ്ങള്‍ എന്നിവ വേര്‍തിരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി(റ) അല്‍ ഫത്ഹുല്‍ മുബീന്‍ എന്ന ഹദീസ് വിശദീകരണ ഗ്രന്ഥത്തില്‍ പ്രസ്തുത ഭാഗം വളരെ കൃത്യമായി വിശദീകരിക്കുന്നുണ്ട്.
ഐഹിക ജീവിതത്തില്‍ അനിവാര്യമായ വിശപ്പടക്കുക, ദാഹമകറ്റുക, നഗ്നത മറക്കുക, ലൈംഗിക ചോദനകളെ ശമിപ്പിക്കുക പോലുള്ള അത്യാവശ്യങ്ങളെ പരിഹരിക്കുന്ന കാര്യങ്ങളും പരലോക ജീവിതത്തിന്റെ രക്ഷക്കുള്ള ഇസ്‌ലാമും ഈമാനും ഇഹ്‌സാനുമാണ്. ഇതിലേക്ക് ചേര്‍ത്തുനോക്കിയാല്‍ അനാവശ്യ കാര്യങ്ങള്‍ എത്രയോ അധികമാണ്. നമ്മുടെ അമിതവ്യയവും ആസ്വാദനങ്ങളധികവും അനാവശ്യമാണെന്ന് ചുരുക്കം. ആവശ്യമായതില്‍ മാത്രം ഇടപെട്ട് ജീവിക്കന്നവന് എല്ലാ തരത്തിലുമുള്ള സുരക്ഷയും സമാധാനവും ലഭ്യമാകുകയാണ്. പരലോക ജീവിതത്തില്‍ തനിക്ക് ഗുണകരമല്ലാത്ത എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന പക്ഷം ഐഹികമായ ആഡംബരങ്ങളോ സ്ഥാനമാനങ്ങളോ പ്രശംസയോ ഒന്നും അവന്റെ മുമ്പില്‍ ഒരു വിഷയമായി ഭവിക്കുന്നില്ല.
ഇവിടെയാണ് ആധുനിക ലോകത്തിന്റെ അപചയം നാം കാണേണ്ടത്. മുമ്പൊന്നും ഇല്ലാത്ത അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളും കുടില്‍ മുതല്‍ കൊട്ടാരം വരെ വികാസം പ്രാപിച്ചിരിക്കുമ്പോള്‍ മനുഷ്യന്‍ കൂടുതല്‍ അലസനായിത്തീരുകയാണ് എന്ന് പറയാതെ വയ്യ. സ്വന്തമായി പാഠപുസ്തകമോ മറ്റു പഠനോപകരണങ്ങളോ ഇല്ലാത്ത ഒരു കാലം നമ്മുടെ പൂര്‍വികര്‍ക്ക് കഴിഞ്ഞുപോയിട്ടുണ്ട്. നമുക്കും അതിന്റെ പല തരത്തിലുള്ള അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും കിട്ടുന്നിടത്ത് പോയി അന്വേഷിക്കാനും പഠിക്കാനും തയ്യാറായിരുന്ന അവരുടെ ത്യാഗത്തോട് ചേര്‍ത്തുവെക്കുമ്പോള്‍ വിരല്‍ തുമ്പില്‍ ഭൂലോകം മലര്‍ക്കെ തുറക്കപ്പെടുന്ന കാലത്ത് ജനം ആസ്വാദനത്തിന്റെ ലോകത്ത് അഭിരമിക്കുകയാണ്.
അതിലേറെ ഉണര്‍ത്തേണ്ടത് പുതിയ സോഷ്യല്‍ മീഡിയാ സാധ്യതകളില്‍ ഇടപെടുന്ന വിശ്വാസികളോടാണ്. അവയുടെയെല്ലാം നല്ല വശം ഉപയോഗപ്പെടുത്താം. തെറ്റായ വഴിയില്‍ ഉപയോഗിക്കാതിരുന്നാല്‍ മതിയെന്ന് പോലും പറയാന്‍ കഴിയാത്തത്ര യുവതലമുറയുടെ അവസ്ഥ ഭീകരമായിത്തീരുന്നുവെന്നതാണ് വസ്തുത. മത, ജാതി, ലിംഗ ഭേദമന്യേ ഒരു തുറന്ന ഇടത്തില്‍ ഓരോ വിഷയങ്ങളെയും എങ്ങനെ സമീപിക്കണം എന്ന സോഷ്യല്‍ മീഡിയ സാക്ഷരത കൂടി മുസ്‌ലിം സമൂഹത്തിന് നല്‍കേണ്ടതുണ്ട്. അനാവശ്യമായി അഭിപ്രായം പറയാനും മതവിധി പുറപ്പെടുവിക്കാനും മുതിരുന്നത് സ്വന്തം മതത്തിനും സമുദായത്തിനും എത്ര മാത്രം കളങ്കമാകുന്നുവെന്ന് പോലും പലരും മനസ്സിലാക്കുന്നില്ല. അഭിപ്രായം പറയാന്‍ പ്രസാധകനോ പ്രഭാഷണ വേദിയോ വേണ്ടാത്തത് കൊണ്ട് എഴുതാനും പറയാനും സ്വതന്ത്രമായ ഒരു പ്രതലം ഏറെ ദുരുപയോഗം ചെയ്യപ്പെടുകയാണിന്ന്. പണ്ഡിതന്മാരെ ആക്ഷേപിക്കാനും മതനിയമങ്ങളെ പരിഹസിക്കാനും തലപ്പാവും തട്ടവും മുസ്‌ലിം പേരും എടുത്തണിഞ്ഞെത്തുന്നവര്‍ കാണിക്കുന്ന അപക്വവും എടുത്തുചാടിയുള്ളതുമായ സമീപനത്തെ പുച്ഛത്തോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. കാര്യങ്ങള്‍ അറിയുന്നവര്‍ പറയേണ്ടിടത്ത് പറയുമ്പോഴാണ് ഏതൊരു കാര്യവും പൂര്‍ണമാകുന്നത്. മതവിഷയങ്ങളിലും അല്ലാത്ത പൊതു വിഷയങ്ങളിലും അനാവശ്യമായി വാചാലമാകുന്നതില്‍ ഒരര്‍ഥവുമില്ല.
അതുപോലെ പരിഹാസം, ഏഷണി തുടങ്ങിയ നിഷിദ്ധമായ പലതിലേക്കും ഇവര്‍ ചെന്നെത്തുകയാണ്. ഒരാള്‍ കള്ളം പറയുന്നവനാകാന്‍ അവന്‍ കേട്ടതെല്ലാം പറയുന്നവനായാല്‍ മതിയെന്ന ഇമാം മുസ്‌ലിം(റ)ന്റെ ഹദീസും ഒരു വാക്കിന്‍ കഷ്ണം കൊണ്ടുപോലും തെറ്റിനെ സഹായിച്ചവന്‍ തെറ്റില്‍ പങ്ക് ചേര്‍ന്നവനാണ് എന്ന നബിവചനവും വളരെ ഗൗരവത്തോടെ ഓര്‍ത്തിരിക്കേണ്ടതാണ്. നമ്മുടെ ഒരു വിരല്‍ സ്പര്‍ശം പോലും വലിയ പാപമായിത്തീരുമെന്ന ഉത്തമ ബോധ്യത്തോടെയാകണം എല്ലാ ഇടപെടലും.
ഒരു ബുദ്ധിമാന്‍ തന്റെ കാലത്തെ കുറിച്ച് വളരെ ഉള്‍ക്കാഴ്ചയുള്ളവനും അതിലേക്ക് മുന്നിടുന്നവനും തന്റെ നാവിനെ സൂക്ഷിക്കുന്നവനുമായിരിക്കണം എന്ന് സ്വഹീഹ് ഇബ്‌നു ഹിബ്ബാനില്‍ പറയുന്നുണ്ട്. ഇന്നേറെ പ്രസക്തമായ വരികളാണിത്. സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അവയോട് ആരോഗ്യകരമായ രൂപത്തില്‍ സമീപിക്കാനും അനാവശ്യമായ കോലാഹലങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനുമാണ് വിശ്വാസി ഇന്ന് ശ്രദ്ധിക്കേണ്ടത്. നല്ലതില്‍ സഹകരിക്കാനും തിന്മയില്‍ നിസ്സഹകരിക്കാനും മതം പ്രേരിപ്പിക്കുന്നുണ്ട്. വ്രതവിശുദ്ധിയെ അന്വര്‍ഥമാക്കുംവിധം എല്ലാ നിലക്കും സംശുദ്ധമായ ഒരു ജീവിതം നമുക്ക് നയിക്കാന്‍ കഴിയണം. എല്ലാ അര്‍ഥത്തിലും സ്വീകാര്യമായ വ്രതാനുഷ്ഠാനവും മറ്റു ആരാധനാ കര്‍മങ്ങളുമായി നമ്മെയെല്ലാവരെയും നാഥന്‍ സ്വീകരിക്കട്ടെ. ആമീന്‍