Connect with us

Articles

പവിത്രത കൂടിയ പത്ത് ദിനങ്ങള്‍

പരിശുദ്ധ റമസാനിലെ എല്ലാ ദിനരാത്രങ്ങളും മഹത്വമുള്ളവയാണെങ്കിലും പവിത്രതയുടെ കാര്യത്തില്‍ ഒരുപോലെയല്ല. പ്രത്യേകിച്ച് അവസാനത്തെ പത്ത് നാളുകള്‍. വിശ്വാസികളുടെ നരക മോചനത്തിനായുള്ളവയാണവ. റമസാനില്‍ പ്രത്യേകം പുണ്യമുള്ള ദാന ധര്‍മങ്ങള്‍ വര്‍ധിപ്പിക്കല്‍, ഭാര്യ- സന്താനങ്ങള്‍ക്ക് ഭക്ഷണത്തിലും മറ്റും സമൃദ്ധി ചെയ്തുകൊടുക്കല്‍, അടുത്ത ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും നന്മ ചൊരിയല്‍, സാമ്പത്തിക ശേഷിയുള്ളവര്‍ വിപുലമായും അല്ലാത്തവര്‍ കഴിവിനനുസൃതമായും നോമ്പുതുറ സംഘടിപ്പിക്കല്‍, ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കല്‍, ഇഅ്തികാഫ് (പുണ്യം പ്രതീക്ഷിച്ച് പള്ളിയില്‍ കഴിയല്‍) തുടങ്ങിയ സത്കര്‍മങ്ങള്‍ അവസാനത്തെ പത്ത് ദിവസങ്ങളില്‍ വര്‍ധിപ്പിക്കല്‍ പ്രത്യേകം പ്രതിഫലാര്‍ഹമാണ്. (ഫത്ഹുല്‍ മുഈന്‍) ഇത്തരം സത്കര്‍മങ്ങള്‍ റമസാനിലാകുമ്പോള്‍ 70 ഇരട്ടി പ്രതിഫലം ലഭിക്കുകയും ചെയ്യും.

മാത്രമല്ല, റമസാനില്‍ അവ്യക്തമാക്കി വെച്ച ഖദറിന്റെ രാത്രിയിലാണിത് സംഭവിക്കുന്നതെങ്കില്‍ ആയിരം മാസം പുണ്യം ചെയ്തതിന് സമാനമാകുകയും ചെയ്യും. റമസാനിലെ ഏത് രാത്രിയാണിതെന്ന് വ്യക്തമല്ലെങ്കിലും അവസാനത്തെ പത്ത് രാത്രികളിലാണ് സാധ്യത. ഒറ്റയിട്ട രാവിലാണ് കൂടുതല്‍ സാധ്യത. എങ്കിലും എല്ലാ കാലങ്ങളിലും എല്ലാ സ്ഥലങ്ങളിലും ഇത് 27 -ാം രാവായി കണക്കാക്കുകയും ആ രാത്രിയില്‍ വിശ്വാസികള്‍ പ്രത്യേകമായി അമല്‍ ചെയ്തുപോരുകയും ചെയ്യുന്നു. (ശര്‍വാനി) ഇതിനെ പ്രബലമാക്കുന്ന ഹദീസുകള്‍ മുസ്‌ലിമില്‍ സ്ഥിരപ്പെട്ടിട്ടുമുണ്ട്.
വിശ്വാസികള്‍ക്ക് പുണ്യം ചെയ്ത് ആത്മ സായൂജ്യമടയുന്നതിന് വേണ്ടി പ്രത്യേകം സംവിധാനിച്ചതാണീ അതി മഹത്തായ സമയങ്ങള്‍. പ്രവാചകന്‍ മുഹമ്മദ് നബി(സ) തന്റെ അനുചരര്‍ക്ക് ഉത്‌ബോധനം നടത്തിക്കൊണ്ടിരിക്കെ ആയിരം മാസക്കാലം ശത്രുക്കളില്‍ നിന്നുള്ള പ്രയാസങ്ങള്‍ നേരിട്ടും ത്യാഗങ്ങള്‍ സഹിച്ചും ദീനീ സേവനം ചെയ്ത പൂര്‍വ സച്ചരിതരുടെ ചരിത്രം അയവിറക്കുകയുണ്ടായി. ഇതുകേട്ട സ്വഹാബാക്കള്‍ ചോദിച്ചു. നബിയേ, ആയിരം മാസക്കാലം ദീനിന് വേണ്ടി സേവനം ചെയ്യാനും അതോടൊപ്പം ആരാധനകള്‍ക്കൊണ്ട് ജീവിതം ധന്യമാക്കാനും ഭാഗ്യം ലഭിച്ച മഹാത്മാക്കളുണ്ടെങ്കില്‍ കേവലം നൂറില്‍ താഴെ ആയുസ്സുള്ള ഞങ്ങള്‍ക്കെന്തു സ്ഥാനമാണ് സ്രഷ്ടാവിന്റെയടുക്കല്‍. ഈയവസരത്തിലാണ് അത്യുത്തമമായ രാത്രിയുടെ മഹത്വം പറയുന്ന സൂറതിന്റെ അവതരണം സംഭവിക്കുന്നത്.

കുറഞ്ഞ സത്കര്‍മങ്ങള്‍ കൊണ്ട് പ്രവിശാലമായ പ്രതിഫലം ലഭിക്കുന്ന രാപകലുകള്‍ ഈ സമുദായത്തിന് അല്ലാഹു നല്‍കിയതിനു പിന്നില്‍ ചില തത്വങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ട്. മുന്‍കഴിഞ്ഞവരേക്കാള്‍ ശ്രേഷ്ഠ സമൂഹമാണ് മുഹമ്മദ് നബി(സ)യുടെ അനുയായികള്‍. നിങ്ങള്‍ ഖൈറ് ഉമ്മത്ത് (ഉത്തമ സമുദായം) ആണെന്ന് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ട്. സമൂഹത്തിന് ഔന്നിത്യവും ബഹുമതിയും കൈവരുന്നത് ആരാധനാ കര്‍മങ്ങളില്‍ നിരതരായി അല്ലാഹുവിലേക്ക് അടുക്കുമ്പോഴാണ്. സത്കര്‍മങ്ങള്‍ ചെയ്യുന്ന വിഷയത്തിലാകട്ടെ പൂര്‍വീകരാണ് മുന്‍പന്തിയില്‍. നൂറ്റാണ്ടുകളോളം അല്ലാഹുവിന് വേണ്ടി ആരാധനയില്‍ മുഴുകിയവരായിരുന്നു അവരിലധികവും. ഈ സമൂഹത്തിന്റെ ആയുസ്സ് അറുപതിന്റെയും എഴുപതിന്റെയും ഇടയിലാണല്ലോ. ഈ ചുരുങ്ങിയ കാലഘട്ടത്തില്‍ മാത്രമേ ഇവര്‍ക്ക് സത്കര്‍മങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതേസമയം നൂറ്റാണ്ടുകള്‍ സുകൃതങ്ങള്‍ ചെയ്ത് പുണ്യം കരസ്ഥമാക്കിയ പൂര്‍വീകരേക്കാള്‍ ബഹുമതി ലഭിക്കുകയും വേണം.

ഈ കുറവ് നികത്തുന്നതിന് വേണ്ടി സര്‍വശക്തനായ അല്ലാഹു അവന്റെ നീതിപരമായ തീരുമാന പ്രകാരം ഈ സമുദായത്തിന് കനിഞ്ഞേകിയ മഹത്തായ അനുഗ്രഹമാണ് തുച്ഛമായ സമയങ്ങള്‍ക്ക് വര്‍ധിച്ച പ്രതിഫലം നല്‍കുക എന്നത്. അതിന്റെ ഭാഗമായാണ് പവിത്രമായ റമസാനും ലൈലതുല്‍ ഖദ്‌റും നമുക്കായി സംവിധാനിച്ചത്. പവിത്രമായ ദിനരാത്രങ്ങളുടെ മഹത്വം മനസ്സിലാക്കി അവ ആരാധനകള്‍കൊണ്ട് പുഷ്‌കലമാക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.

മുഹമ്മദ് നബി (സ)റമസാനിലെ അവസാനത്തെ പത്തില്‍ മുഴുസമയം ആരാധനകളില്‍ മുഴുകിയിരുന്നു. അവസാനത്തെ പത്ത് ദിവസങ്ങള്‍ക്ക് ഒരിക്കലുമില്ലാത്ത പരിഗണനയായിരുന്നു അവിടുന്ന് നല്‍കിയിരുന്നത്. പരിപൂര്‍ണമായും പള്ളിയിലായിരുന്നു കഴിച്ചുകൂട്ടിയിരുന്നത്. അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിക്കാന്‍ ഉപകാരപ്രദമായ ഏറ്റവും നല്ല ആരാധനയാണ് പ്രത്യേക ഉദ്ദേശ്യത്തോടെ പ്രതിഫലം പ്രതീക്ഷിച്ച് അവന്റെ ഭവനത്തില്‍ കഴിച്ചുകൂട്ടല്‍- ഇഅ്തികാഫ്. അല്ലാഹുവിന്റെ ഭവനത്തോടുള്ള ആദരവും ബഹുമാനവും ഇതില്‍ അടങ്ങിയിരിക്കുന്നു (തുഹ്ഫ, മിന്‍ഹാജ്). എല്ലാ കാലത്തും ഇത് പുണ്യമാണെങ്കിലും അവസാന ദിവസങ്ങളില്‍ ഇതിന് പ്രതിഫലം കൂടും. എല്ലാ പള്ളികളിലും ആവാമെങ്കിലും ജുമുഅത്ത് പള്ളികളിലാണ് ഏറ്റവും ഉത്തമം. (മിന്‍ഹാജ്). പള്ളിയില്‍ താമസിക്കല്‍ കൊണ്ട് മാത്രം മറ്റ് ആരാധനകള്‍ പോലെ പ്രതിഫലം കരസ്ഥമാക്കാവുന്ന സത്കര്‍മമാണെങ്കിലും അശ്രദ്ധകൊണ്ട് മാത്രം ഇത് നഷ്ടപ്പെടുന്നവരുണ്ട്. ഇനിയുള്ള ഓരോ നിമിഷങ്ങളും വിലമതിക്കാനാകാത്തതാണെന്ന ഉത്തമ ബോധ്യത്തോടെ എല്ലാ സമയവും പാരത്രിക മോക്ഷത്തിന് ഉപകാരപ്രദമാകും വിധം ചെലവഴിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.

തയ്യാറാക്കിയത്: അബ്ദുസ്സമദ് സഖാഫി വാളക്കുളം