Connect with us

Ramzan

നരകത്തിനെതിരെ ജാഗ്രത

Published

|

Last Updated

നരകമോചനത്തിനുള്ള സ്‌പെഷ്യല്‍ ഓഫര്‍ ആരംഭിച്ചുകഴിഞ്ഞു. വിശുദ്ധ റമസാനിലെ അന്ത്യ പത്ത് നരകമോചനത്തിന്റെതാണ്. അല്ലാഹുവിന്റെ പ്രത്യേക കാരുണ്യവും പാപ- നരക മോചനവും ലഭിച്ചാല്‍ പിന്നെ സ്വര്‍ഗപ്രവേശമാണ് ലഭിക്കുക. നരകം തൊടാതെയുള്ള സ്വര്‍ഗപ്രവേശം ആഗ്രഹിക്കുന്നവരാണ് സത്യവിശ്വാസികള്‍. നരകത്തെ അതേപടി നമ്മുടെ കണ്‍മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തുല്യമായ പ്രതിപാദനമാണ് ഖുര്‍ആനിലും ഹദീസിലുമുള്ളത്. നരകത്തിനെതിരെ സദാ ജാഗ്രത പാലിക്കാന്‍ തിരുനബി (സ) നിരന്തരം ഉദ്‌ബോധിപ്പിക്കുമായിരുന്നു. സ്വന്തത്തേയും കുടുംബത്തേയും നരകത്തില്‍ നിന്ന് രക്ഷിക്കുകയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.(അത്തഹ്‌രീം 6). നരകത്തെ കുറിച്ച് താക്കീതുകാരനായാണ് ഞാന്‍ നിയോഗിക്കപ്പെട്ടതെന്നും നിങ്ങള്‍ നിരന്തരം നരകമോചനം തേടിക്കൊണ്ടിരിക്കണമെന്നും നബി(സ) പഠിപ്പിച്ചു. തിരുനബി ഏറ്റവുമധികം പ്രാര്‍ഥിക്കാറുണ്ടായിരുന്നത് ഇങ്ങനെയായിരുന്നു: ഞങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും നല്ലത് തരികയും നരകശിക്ഷയില്‍ നിന്ന് നീ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ നാഥാ (ബുഖാരി). നിങ്ങള്‍ ഒരു ചീള്‍ കാരക്ക കൊണ്ടെങ്കിലും നരകത്തെ സൂക്ഷിക്കുക. അത് കിട്ടാത്തവര്‍ ഒരു നല്ല വാക്ക് കൊണ്ടെങ്കിലും (ബുഖാരി മുസ്‌ലിം).

വിശ്വാസികളുടെ അഞ്ച് നേരത്തെ നിസ്‌കാരങ്ങളിലെ അവസാനത്തെ അത്തഹിയ്യാത്തില്‍ നരകശിക്ഷയില്‍ നിന്ന് കാവല്‍ തേടാന്‍ ആഹ്വാനമുണ്ട്. സുന്നത്ത് നിസ്‌കാരങ്ങളില്‍ പോലും ഇത് ചെയ്യേണ്ടതുണ്ട്. “അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അദാബിന്നാര്‍ എന്ന പ്രാര്‍ഥനയാണിത്. സത്യത്തില്‍ നരകശിക്ഷയെ സംബന്ധിച്ച അത്യഗാധമായ ഭയാശങ്കയാണ് കുറ്റകൃത്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നത്.

അതിഭീകരവും ഭയാനകവുമാണ് നരകം. അത് കേവലം ഒരു തീക്കുഴി മാത്രമല്ല. എല്ലാതരം മൂര്‍ത്തമായ ശിക്ഷകളും അതിലുണ്ട്. അതികഠിനമായ തണുപ്പും ചൂടും എരിവും പുകയും എല്ലാം അതിനകത്തുണ്ട്. അഗ്നി ശിക്ഷ അവയിലൊന്ന് മാത്രമാണ്. കാലാകാലങ്ങളായി കത്തിയെരിഞ്ഞ് കൊണ്ടിരിക്കുന്ന അഗ്നിഗര്‍ത്തം ആയിരം വര്‍ഷം തുടര്‍ച്ചയായി എരിയുമ്പോള്‍ അതിന്റെ ജ്വാലകള്‍ക്ക് വര്‍ണപരിണാമം സംഭവിക്കും. പിന്നെയും ആയിരം വര്‍ഷം എരിഞ്ഞുകത്തുമ്പോള്‍ ചുവക്കുന്നു. വീണ്ടും ആയിരം വര്‍ഷം കത്തുമ്പോള്‍ ധവളവര്‍ണവും അടുത്ത ആയിരം വര്‍ഷം കത്തുമ്പോള്‍ കടും കറുപ്പുമായി മാറുന്നു (തിര്‍മിദി). എഴുപതിനായിരം കടിഞ്ഞാണുകളോട് കൂടിയാണതിനെ പരലോകത്ത് കൊണ്ടുവരിക. ഓരോ കടിഞ്ഞാണിലും എഴുപതിനായിരും മലക്കുകള്‍ പിടിച്ചിരിക്കുമെന്നും ഹദീസുകളിലുണ്ട്. മനുഷ്യന്‍ കത്തിക്കുന്ന ഭൂമിയിലെ തീയുടെ എഴുപതിനായിരം ഇരട്ടി ചൂടാണ് നരകത്തിലെ തീക്ക്. കല്ലുകളും മനുഷ്യരുമാണ് അതിലെ ഇന്ധനം. നരകത്തിലെ ശ്വാസോഛാസമാണ് ഭൂമിയിലെ കടുത്ത ചൂടും തണുപ്പുമായി അനുഭവപ്പെടുന്നത്. നരകത്തിലെ ഏറ്റവും ലഘുവായ ശിക്ഷ കാലുകളില്‍ അഗ്നിചെരുപ്പുകള്‍ ധരിപ്പിക്കലാണ്. അതുവഴി ചെമ്പ് പാത്രം തിളക്കുന്നത് പോലെ തലച്ചോര്‍ തിളച്ച് മറിയുന്നതാണ്. അതിനേക്കാള്‍ വലിയ ശിക്ഷ നരകത്തിലില്ലെന്നാണവര്‍ കരുതുന്നത്. അത് ഏറ്റവും ചെറിയ ശിക്ഷയാണ് താനും. (ബുഖാരി മുസ്‌ലിം).

ഇല്ല, ഒരു നിമിഷം പോലും നരകശിക്ഷ അനുഭവിക്കാന്‍ നമുക്കാവില്ല. പിന്നെയല്ലേ ശാശ്വത നരകം. എത്ര ചെറിയ ശിക്ഷക്ക് വേണ്ടിയും നരക പ്രവേശം നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല. നരകത്തില്‍ ഒറ്റപ്പെടുകയെന്നത് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയ ഭീകരാവസ്ഥയാണ്. നരകാവകാശികളായ കോടാനുകോടി ആളുകള്‍ക്ക് മോചനം നല്‍കുന്ന നാളുകളില്‍ നമുക്ക് ശരിക്കും നരകമോചനം തേടാം. “അല്ലാഹുമ്മ അഅ്തിഖ്‌നീ മിനന്നാര്‍…”