Ramzan
ഇഅ്തികാഫ്: സകല സത്കര്‍മങ്ങളുടെയും സംഗമം
ഇഅ്തികാഫ് അതിശ്രേഷ്ഠമായ ഐഛിക അനുഷ്ഠാന കര്‍മമാണ്. ബാഹ്യവും ആന്തരികവുമായ ഒട്ടേറെ നന്മകള്‍ സമ്പാദിക്കാനും തിന്മകളെ തടഞ്ഞുനിര്‍ത്താനുള്ള പ്രതിരോധം തീര്‍ക്കാനും വിശ്വാസിയെ പ്രാപ്തനാക്കുന്ന പുണ്യകര്‍മം. വ്യക്തിത്വ വികസനത്തിനും സ്വന്തത്തെ പുതിക്കിപ്പണിയാനും നിമിത്തമാകുന്ന സവിശേഷ അനുഷ്ഠാനം. ശരിക്കും ചിന്തിച്ചാല്‍ ഇഅ്തികാഫ് വിശ്വാസിയെ അടിമുടി മാറ്റിയെടുക്കും.
ഭൗതിക ജീവിതത്തിന്റെ ജീര്‍ണതകളെ ദൈവീക ഉപാസന കൊണ്ട് മറികടക്കാനുള്ള കഴിവും കരുത്തും ആര്‍ജിച്ചെടുക്കാവുന്ന ആരാധനയാണെന്ന തിരുവചനം എന്തുമാത്രം ശ്രദ്ധേയമാണ്. “ഇഅ്തികാഫ് അനുഷ്ഠിക്കുന്നവന് തെറ്റുകുറ്റങ്ങള്‍ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്നു. മുഴുവന്‍ സത്കര്‍മങ്ങളും ചെയ്യുന്നവനെപ്പോലെ തന്റെ പേരില്‍ ധാരാളം സത്കര്‍മങ്ങള്‍ എഴുതപ്പെടാന്‍ അത് നിമിത്തമാവുകയും ചെയ്യുന്നു.(ഇബ്‌നുമാജ 1781)
ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന പ്രമുഖമായ ഹദീസ് കാണുക. ഒരാള്‍ അല്ലാഹുവുന്റെ പ്രീതിക്കായി ഒരു ദിവസം ഇഅ്തികാഫ് ഇരുന്നാല്‍ അല്ലാഹു അവനും നരകത്തിനുമിടയില്‍ മൂന്ന് കിടങ്ങുകളുണ്ടാക്കും. അവയിലോരോന്നും രണ്ട് ചക്രവാളങ്ങള്‍ തമ്മിലുള്ളതിനേക്കാള്‍ അകലമുണ്ടാകും. (ശുഅബുല്‍ ഈമാന്‍ 3965)
ജീവിതത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്ന് ദൈവിക സ്മരണകളിലും ഇബാദത്തുകളിലും മുഴുകി ഇഅ്തികാഫിന്റെ നിയ്യത്തോടെ പള്ളിയില്‍ കഴിഞ്ഞുകൂടുന്നതാണ് മതകീയ അര്‍ഥത്തില്‍ ഇഅ്തികാഫ് (തുഹ്ഫ 3/460, 461)
തിരുനബി(സ)യും അനുചരന്മാരും റമസാനില്‍ അവസാന പത്ത് ദിവസങ്ങളില്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. മരണപ്പെടുന്ന വര്‍ഷം ഇരുപത് ദിവസവും അവിടുന്ന് ഇഅ്തികാഫിലായിരുന്നു. അവസാന പത്തില്‍ തന്നോടൊത്ത് ഇഅ്തികാഫിന് താത്പര്യമുള്ളവര്‍ തയ്യാറാകാന്‍ പറഞ്ഞ ഹദീസ് ശ്രദ്ധേയമാണ് (ബുഖാരി).
എല്ലാ കാലത്തും ഇഅ്തികാഫ് പുണ്യകര്‍മമണെങ്കിലും റമസാന്‍ അന്ത്യ പത്തില്‍ ഏറെ പ്രതിഫലാര്‍ഹമാണ്. ഏത് പള്ളിയിലും അത് അനുവദനീയമാണെങ്കിലും ജുമുഅത്ത് പള്ളിയില്‍ ഏറെ ഉത്തമമാണ്. പള്ളിയായി വഖ്ഫ് ചെയ്യാത്ത പള്ളിച്ചെരുകളിലും വീട്ടുമുറികളിലുമൊന്നും ഇഅ്തികാഫ് സ്വീകാര്യമല്ല. ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം നേടിയെടുക്കാന്‍ അവസരം ലഭിക്കുന്നതാണ് അവസാന പത്തില്‍ ഇഅ്തികാഫ് പ്രത്യേകം പുണ്യമായത്.
“ഈ മസ്ജിദില്‍ ഇഅ്തികാഫിനെ ഞാന്‍ കരുതി” എന്ന് മനസ്സില്‍ കരുതിയാല്‍ നിയ്യത്തായി. അറബിയില്‍ തന്നെയാകണമെന്നില്ല. ഇഅ്തികാഫ് അനുഷ്ഠിക്കുന്നവര്‍ പള്ളിയില്‍ ചടഞ്ഞിരിക്കണമെന്ന നിബന്ധനയില്ല. ഇരുത്തവും നടത്തവും കിടന്നുറക്കവുമെല്ലാം അനുവദനീയമാണ്.
ഇഅ്തികാഫ് ലക്ഷ്യമാക്കി മസ്ജിദില്‍ കഴിയുന്നവര്‍ അനാവശ്യ സംസാരം ഉപേക്ഷിക്കണം. പരദൂഷണം, ചീത്ത ഭാഷണം, നിഷിദ്ധ ഭക്ഷണം, അനാവശ്യ തര്‍ക്കം തുടങ്ങിയവ ഉപേക്ഷിച്ചില്ലെങ്കില്‍ പ്രതിഫലം ലഭിക്കില്ല. (ഫത്ഹുല്‍ മുഈന്‍ 201)
ഇഅ്തികാഫ് വേളയില്‍ ദിക്ര്‍, ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, വൈജ്ഞാനിക പഠനം തുടങ്ങിയ പുണ്യകര്‍മങ്ങള്‍ക്കായി വിനിയോഗിക്കണം. പള്ളിയില്‍ പ്രവേശിക്കുന്ന ഏത് സമയത്തും നിശ്ചിത നിയ്യത്തുണ്ടെങ്കില്‍ ഇഅ്തികാഫിന്റെ പുണ്യം ലഭിക്കും. (ബുശ്‌റല്‍ കരീം 2/84)
അല്‍പസമയം പള്ളിയില്‍ നിയ്യത്തോടെ ചെലവഴിച്ചാല്‍ ഇഅ്തികാഫ് ആകുമെങ്കിലും കുറച്ചധികം സമയം ചെലവഴിക്കുമ്പോഴാണ് മുകളില്‍ പറഞ്ഞ പരിവര്‍ത്തനം സാധ്യമാവുക. ഒരു ദിവസം പൂര്‍ണമാകുന്നതാണ് ഉത്തമം.
വര്‍ത്തമാന കാലത്ത് ഇല്ലതായിക്കൊണ്ടിരിക്കുന്ന ഈ പുണ്യകര്‍മത്തെ സജീവമാക്കാവുന്ന സുവര്‍ണാവസരമാണിത്. പള്ളിച്ചുമരുകളിലെ മനോഹരമായ ബോര്‍ഡുകളില്‍ പരിമിതപ്പെടാന്‍ ഒരിക്കലും അനുവദിച്ചകൂടാ ഇഅ്തികാഫിനെ.