Connect with us

Ramzan

ദാനധര്‍മം നാളേക്കുള്ള കരുതിവെപ്പ്

Published

|

Last Updated

സഹജീവികളോടുള്ള സഹാനുഭൂതി സത്യവിശ്വാസിയുടെ സവിശേഷ ഗുണങ്ങളില്‍ പെട്ടതാണ്. തനിക്ക് ലഭിച്ച സമ്പത്തും സൗകര്യങ്ങളും മറ്റുള്ളവര്‍ക്കുകൂടി പങ്കുവെക്കാനുള്ളതാണെന്ന വിശുദ്ധ മതത്തിന്റെ വീക്ഷണം എക്കാലത്തും ഏറെ പ്രസക്തമാണ്. ലോകമെമ്പാടുള്ള വിശ്വാസിലക്ഷങ്ങളുടെ ഉദാരശീലവും സാന്ത്വന ചിന്തയും സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്ക് കുറച്ചൊന്നുമല്ല ആശ്വാസം നല്‍ക്കുന്നത്.

സമ്പത്തിനോട് അതിശക്തമായ പ്രിയമുള്ളതോടൊപ്പം തന്നെ പാര്‍ശ്വവത്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ അനേകായിരങ്ങളുടെ വേദനകള്‍ക്കും രോദനങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയുന്നത് വിശ്വാസിമനസ്സുകളില്‍ പ്രകൃതിപരമായി ഒളിഞ്ഞു കിടക്കുന്ന ഉദാരശീലമാണ്. ഐഹിക സംതൃപ്തിക്കുമപ്പുറം പാരത്രിക ലോകത്ത് ലഭിക്കാനിരിക്കുന്ന അത്യുന്നതമായ പ്രതിഫലമാണ് അതിന് അവരെ പ്രേരിപ്പിക്കുന്നത്.
ദാനശീലര്‍ക്ക് അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യവും അനുഗ്രഹവും ലഭിക്കുമെന്ന തിരുവചനം ശ്രദ്ധേയമാണ്. “നിശ്ചയം ദാനം അതിന്റെ ആളുകളില്‍ നിന്ന് ഖബ്‌റുകളിലെ ഉഷ്ണത്തെ കെടുത്തിക്കളയുന്നതാണ്. അന്ത്യനാളില്‍ വിശ്വാസി അവന്റെ ദാനധര്‍മങ്ങളുടെ തണലിലായിരിക്കും കഴിഞ്ഞുകൂടുക”. (ത്വബ്‌റാനി)

ദാനം ചെയ്യുന്നതിലൂടെ ധനം തീര്‍ന്നുപോകുമെന്ന മിഥ്യാധാരണ തിരുത്തുകയാണ് ഇസ്‌ലാം. ഒരിക്കലും നഷ്ടപ്പെടാത്തവിധമുള്ള സമ്പാദ്യമാണ് സത്യത്തില്‍ ദാനധര്‍മങ്ങള്‍. അക്ഷരാര്‍ഥത്തില്‍ നാളേക്കുവേണ്ടിയുള്ള കരുതിവെപ്പാണത്. പലിശ ധനത്തെ നാമാവശേഷമാക്കുകയും ദാനം സമ്പത്തിനെ സംസ്‌കരിച്ചു വളര്‍ത്തുകയും ചെയ്യുമെന്നാണ് ഖുര്‍ആനിക ഭാഷ്യം. ദാനം ധനത്തെ ക്ഷയിപ്പിക്കുകയോ ക്ഷീണിപ്പിക്കുകയോയില്ല. ദാനശീലന്‍ തന്റെ ധനം അല്ലാഹുവിനാണ് കൈമാറുന്നത്. അതോടെ അത് മറ്റാര്‍ക്കും തട്ടിയെടുക്കാനാകാത്ത സുരക്ഷിത കേന്ദ്രത്തില്‍ ചെന്നെത്തുന്നു. മരണാനന്തരവും അവനെ പിരിയാതെ കൂടെത്തന്നെ നില്‍ക്കുന്നു. അന്ത്യനാളില്‍ ഇരട്ടിയായി അല്ലാഹു തിരിച്ചു നല്‍കുകയും ചെയ്യുന്നു.

ഖുര്‍ആന്‍ പറയുന്നു: “ദൈവമാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണം ഒരു ധാന്യമണിപ്പോലെയാണ്. അത് ഏഴ് കതിരുകള്‍ ഉത്പാദിപ്പിക്കുന്നു. ഓരോ കതിരിലും നൂറ് വീതം മണികളുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ എത്രയോ ഇരട്ടി പ്രതിഫലം നല്‍കുന്നു (2/261). തിരുനബി പറയുന്നു: മനുഷ്യന്‍ പറഞ്ഞുകൊണ്ടിരിക്കും, എന്റെ ധനം എന്ന്. സത്യത്തില്‍ അവന്റെ ധനത്തില്‍ മുന്നെണ്ണമേ സ്വന്തമായിട്ടുള്ളൂ. അവന്‍ തിന്നത്, അത് തീര്‍ന്നുപോയി. അവന്‍ ധരിച്ചത്, അത് ദ്രവിച്ചുപോയി. അവന്‍ ദാനം ചെയ്തത്, അത് ശേഖരിച്ചുവെച്ചു. ബാക്കിയുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി വിട്ടേച്ചുപോകുന്നു (മുസ്‌ലിം 2959).

വിശ്വാസി ദാനം ചെയ്യുന്നത് മാത്രമാണ് സ്വന്തമെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന ധനം. ബാക്കി സ്വന്തമാണെന്ന് കരുതി ഉരുകി അധ്വാനിച്ചതെല്ലം അനന്തരാവകാശികള്‍ക്ക് തര്‍ക്കിച്ചു ഓഹരി ചെയ്യാനുള്ളതാണ്. ഒരിക്കലും തീര്‍ന്നു പോകാത്ത ലോകത്തിന് വേണ്ടി കരുതിവെക്കാനുള്ള സുവര്‍ണാവസരമാണ് റമസാന്‍. വിശ്വാസി ഏറ്റവും കൂടുതല്‍ ഉദാരനാകേണ്ട മാസം.

Latest