Connect with us

Kerala

പാപമോചനം തേടി ആയിരങ്ങള്‍; മര്‍കസ് പ്രാര്‍ഥനാ സമ്മേളനം സമാപിച്ചു

Published

|

Last Updated

റമസാനിലെ ഇരുപത്തിയഞ്ചാം രാവില്‍ മര്‍കസില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സമ്മേളനത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്നു

കുന്നമംഗലം: റമസാന്‍ ഇരുപത്തിയഞ്ചാം രാവില്‍ മര്‍കസില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പാപമോചന പ്രതീക്ഷയുമായി എത്തിയ വിശ്വാസികള്‍ പ്രത്യേക പാപശുദ്ധീകരണ പ്രാര്‍ഥനയായ തൗബയിലും കാന്തപുരത്തിന്റെ റമസാന്‍ പ്രഭാഷണത്തിലും പങ്കെടുത്തു.

നിപ്പാ വൈറസ് കാരണം ഒരു മാസമായി ഭീതിയിലായ കേരളത്തിന്റെ സാമൂഹിക പരിസരത്തില്‍ സമാധാനം പ്രാപ്യമാക്കാന്‍ പ്രത്യേക പ്രാര്‍ഥന നടന്നു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആത്മീയ സമ്മേളനത്തിന് നേതൃത്വം നല്‍കി.

വിശ്വാസികളുടെ ജീവിതം കളങ്കരഹിതമാകണമെന്നും മതത്തിന്റെ യഥാര്‍ഥ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ നന്മയുടെ വക്താക്കളായി പ്രാപഞ്ചിക ലോകത്തും പരലോക ജീവിതത്തിലും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. റമസാന്‍ മാസത്തില്‍ പരിമിതപ്പെടുത്താതെ ജീവിത വിശുദ്ധി എല്ലാ കാലത്തും ശാശ്വതമാക്കുന്നവരാണ് വിശ്വാസത്തിന്റെ പൂര്‍ണതയിലെത്തിയവര്‍.

പ്രകൃതി സൗഹൃദ ജീവിതം മനുഷ്യര്‍ പരിശീലിക്കുകയും ഹൃദയം ശുദ്ധീകരിക്കുന്നതോടൊപ്പം വീടും പരിസരവും സമൂഹം ഇടപെടുന്ന മേഖലകളും വൃത്തിയായി പരിചരിക്കുകയും വേണം.

നിപ്പാബാധ പ്രതിരോധിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും ആരോഗ്യവകുപ്പും നടത്തിയ കുറ്റമറ്റ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.

ജീവന്‍ പോലും പണയം വെച്ച് സഹജീവികളുടെ ആരോഗ്യസംരക്ഷണത്തിനായി അധ്വാനിച്ച സംസ്ഥാന ആരോഗ്യവകുപ്പിന്റെയും മെഡിക്കല്‍ ജീവനക്കാരുടെയും സേവനങ്ങള്‍ മാതൃകാപരമാണെന്നും കാന്തപുരം പറഞ്ഞു.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ ആരംഭ പ്രാര്‍ഥന നടത്തി. ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രസംഗിച്ചു. തൗബ, തഹ്‌ലീല്‍, ഇസ്തിഗ്ഫാര്‍ മജ്‌ലിസുകള്‍ക്ക് പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും നേതൃത്വം നല്‍കി.

ഉച്ചക്ക് ഒരു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ നടന്ന ആത്മീയ സമ്മേളനത്തിലെ വിവിധ ചടങ്ങുകള്‍ക്ക് സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, മജീദ് കക്കാട്, ജി അബൂബക്കര്‍ നേതൃത്വം നല്‍കി.

Latest