Connect with us

Ramzan

വദാ അന്‍ യാ ശഹ്‌റ റമസാന്‍

Published

|

Last Updated

വിശുദ്ധ റമസാന്‍ വിടപറയുന്നതിന്റെ ദുഃഖത്തിലാണ് വിശ്വാസികള്‍. സമാഗതമായതില്‍ സന്തോഷിക്കുകയും സജീവമായി ആരാധനകളില്‍ മുഴുകുകയും ചെയ്തത് സ്വീകരിക്കാന്‍ വേണ്ടിയുള്ള അവസാന പ്രാര്‍ഥനകളിലാണവര്‍. നിയമാനുസൃതം ഹൃദിസ്ഥമായ ഇബാദത്തുകള്‍ നിര്‍വഹിച്ചവര്‍ക്ക് ആത്മനിര്‍വൃതിയും അശ്രദ്ധയില്‍ റമസാനിനെ തള്ളിനീക്കിയവര്‍ക്ക് അടക്കാനാകാത്ത ദുഃഖവുമാണ് അനുഭവപ്പെടുക.

ഓഫര്‍ അവസാനിക്കുമ്പോള്‍ അതിവേഗം ഉപയോഗപ്പെടുത്താന്‍ ജാഗ്രത കാണിക്കുന്നതുപോലെ റമസാന്‍ തീരാന്‍ നേരത്തുള്ള ശുഷ്‌കാന്തി ആരാധനാ കാര്യങ്ങളിലും ഉണ്ടാകേണ്ടതുണ്ട്. 27-ാം രാവ് കഴിഞ്ഞാല്‍ റമസാന്‍ കഴിഞ്ഞുവെന്ന പൊതുധാരണ തിരുത്തി കൂടുതല്‍ കാര്യക്ഷമതയോടെ ആരാധനകളില്‍ സജീവമാകേണ്ടതുണ്ട്.

തിരുനബി പറയുന്നു: റമസാനിന്റെ അവസാന രാത്രി സമാഗതമായാല്‍ ഏഴ് ഭൂമിയും ഏഴ് ആകാശങ്ങളും മാലാഖമാരും സങ്കടപ്പെട്ട് കരയുന്നു. റമസാന്‍ വിടപറയുകയെന്ന സമുദായത്തിന്റെ മുസ്വീബത്ത് കാരണമാണ് പ്രകൃതിയുടെ നിലവിളി. പുണ്യമാസത്തിലെ വിശേഷപ്പെട്ട ആരാധനകള്‍ ഈ മാസം കഴിയുന്നതോടെ അവസാനിക്കുമല്ലോ? ഇബാദത്തുകളുടെ ആനുകൂല്യം ഭൂമിക്കും ആകാശത്തിനും മലക്കുകള്‍ക്കും നഷ്ടപ്പെടുകയും ചെയ്യുമല്ലോ? അതാണവയുടെ മനഃസങ്കടം. (ഹദീസ് ശരീഫ്)

റമസാനിന്റെ തുടക്കം മുതല്‍ അവസാനം വരെ നരകമോചിതരായ മൊത്തം ആളുകളുടെ അത്രയും പേര്‍ക്ക് നരകമോചനം ഓഫര്‍ ചെയ്യപ്പെട്ട സുപ്രധാന രാത്രിയാണ് അവസാന രാത്രി. അധ്വാനിക്കുന്നവര്‍ പ്രതിഫലം പ്രതീക്ഷിച്ചിരിക്കുന്ന പ്രധാനപ്പെട്ട രാത്രിയാണത്. ഖദ്‌റിന്റെ രാത്രിക്ക് സാധ്യതയുള്ള 29-ാം രാവ് ഇനിയും ബാക്കിയുണ്ട്. അന്ന് പ്രത്യേകം ഇബാദത്തില്‍ ശ്രദ്ധിക്കേണ്ട രാത്രി തന്നെയാണ്. 27-ാം രാവ് കഴിഞ്ഞാല്‍ പള്ളിയില്‍ ജനം കുറയുന്നത് കാണാറുണ്ട്. ഇബാദത്തുകളില്‍ കുറവ് വരാറുണ്ട്. അത് ഒരിക്കലും ശരിയല്ല.

വിശുദ്ധ റമസാനില്‍ ആര്‍ജിച്ചെടുത്ത ആത്മചൈതന്യം പെരുന്നാളാഘോഷത്തിന്റെ അടിപൊളി ഒരുക്കത്തില്‍ തകര്‍ന്നുപോകാന്‍ അനുവദിച്ചുകൂടാ. റമസാനില്‍ നിര്‍വഹിച്ചുപോന്ന പുണ്യകര്‍മങ്ങളെല്ലാം റമസാന്‍ കഴിഞ്ഞാലും തുടര്‍ന്ന് ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്. റമസാന്‍ കഴിഞ്ഞാല്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങുകയല്ല.

Latest