Connect with us

Articles

റമസാനാനന്തരം വിശ്വാസിയുടെ ജീവിതം

Published

|

Last Updated

വിശുദ്ധ റമസാന്‍ സമാപിക്കുകയാണ്. ഓരോ വിശ്വാസിയുടെയും ഹൃദയം നൊമ്പരപ്പെടുന്ന ഘട്ടമാണിത്. സുകൃതങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന നാളുകളാണ് അവസാനിക്കുന്നത്. ഏറെ വിശിഷ്ടതയോടെ അല്ലാഹുവും റസൂലും പറഞ്ഞ ദിവസങ്ങള്‍ അവസാനിക്കുന്നു.
എങ്ങനെയായിരിക്കണം റമസാന് ശേഷമുള്ള വിശ്വാസികളുടെ ജീവിതം? യഥാര്‍ഥത്തില്‍ റമസാന്റെ മൂല്യങ്ങള്‍ എത്രമാത്രം അഗാധമായി വിശ്വാസി ഹൃദയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത് റമസാന് ശേഷമുള്ള അവരുടെ ജീവിതത്തിന്റെ സ്വഭാവത്തെ കേന്ദ്രീകരിച്ചു നില്‍ക്കുന്നു. ഈ മാസം അനുകൂലമായി സാക്ഷ്യം വഹിക്കുന്നവരുടെ സവിശേഷതയായി പറയപ്പെട്ടത്, റമസാന്റെ മൂല്യങ്ങള്‍ തുടര്‍ന്നുള്ള അവരുടെ ജീവിതത്തിലും പ്രകടമാകും എന്നതാണ്. വളരെ പ്രധാനമാണ് ഈ സന്ദേശം. കാരണം, റമസാന്‍ ഒരര്‍ഥത്തില്‍ ഒരുക്കപ്പെട്ടത് മനുഷ്യനെ ആത്മീയമായി പരിശീലിപ്പിക്കാനാണ്. സൂറത്തുല്‍ ബഖറയില്‍ ആ സന്ദേശത്തെ വളരെ കൃത്യമായി അല്ലാഹു പറയുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്കും മുന്‍ഗാമികളായ സമൂഹങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയത് നിങ്ങള്‍ ഭയഭക്തി ഉള്ളവരാകാന്‍ വേണ്ടിയാണ് എന്നാണത്. ഭക്തിമാര്‍ഗത്തില്‍ സഞ്ചരിക്കാനുള്ള പരിശീലനം റമസാനില്‍ കൈവരിച്ചു, തുടര്‍ന്നുള്ള ജീവിതം മുഴുവന്‍ അതിന്റെ ഊര്‍ജത്തോടെ സഞ്ചരിക്കാന്‍ പറ്റണം വിശ്വാസികള്‍ക്ക്.
റമസാനില്‍ ആത്മീയമായി അനവധി കാര്യങ്ങളില്‍ വിശ്വാസികള്‍ പരിശീലനം നേടിയിട്ടുണ്ട്. അഞ്ച് കാര്യങ്ങള്‍ റമസാന് ശേഷവും സൂക്ഷ്മമായി പിന്തുടര്‍ന്നാല്‍ നമ്മുടെ ജീവിതത്തില്‍ ഇഹത്തിലും പരത്തിലും വലിയ വിജയങ്ങളില്‍ എത്താന്‍ കഴിയും. ഒന്ന്: നിസ്‌കാരത്തിലെ ശ്രദ്ധയും ഔസുല്‍ക്യവുമാണ്. നാട്ടിന്‍പുറത്തെ പള്ളികളെല്ലാം ഓരോ ജമാഅത്തിനും സമ്പന്നമായിരുന്നു ഈ മാസത്തില്‍. ഫര്‍ള് നിസ്‌കാരത്തോടൊപ്പം തന്നെ സുന്നത്ത് നിസ്‌കാരങ്ങള്‍ അനുഷ്ഠിച്ചു. രാത്രി 20 റകഅത്ത് തറാവീഹ് നിസ്‌കരിച്ചു. അത്താഴത്തോടൊപ്പം തഹജ്ജുദിന് സമയം കണ്ടെത്തി. അഞ്ച് വഖ്ത് നിസ്‌കാരം ജീവിതത്തിന്റെ ഭാഗമാക്കി ചേര്‍ത്തുപിടിച്ചു. ഒരു വിശ്വാസിയുടെ എല്ലാ സമയത്തെയും ജീവിതത്തില്‍ നിസ്‌കാരത്തോടു ഇത്തരത്തിലുള്ള സൂക്ഷ്മമായ ശ്രദ്ധ വേണം. വിശേഷിച്ചും ഫര്‍ള് നിസ്‌കാരം.

കാരണം, വിശ്വാസിയുടെ അനിവാര്യ ബാധ്യതയാണ് നിസ്‌കാരത്തിലൂടെയുള്ള വണക്കം. അതെല്ലാഴ്‌പ്പോഴും ജമാഅത്തായി നിര്‍വഹിക്കാന്‍ താത്പര്യം കാണിക്കണം. ഓരോ സുന്നത്തും അനുവര്‍ത്തിക്കണം. റവാത്തിബും വിത്‌റും ളുഹയും നിര്‍വഹിക്കാന്‍ സമയം കണ്ടെത്തണം. അങ്ങനെയുള്ളവരുടെ ഹൃദയം കളങ്കരഹിതമായിരിക്കും. നിസ്‌കാരം കൃത്യമായി നിര്‍വഹിക്കാനുള്ള പ്രതിജ്ഞ വിശ്വാസികള്‍ക്ക് ഉണ്ടാവട്ടെ.

രണ്ട്: ഖുര്‍ആനുമായുള്ള ആത്മബന്ധം. റമസാനിനു സവിശേഷമായ തരത്തിലുള്ള പ്രാധാന്യം കിട്ടാന്‍ നിമിത്തം ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസമാണ് എന്നതാണല്ലോ. അതിനാല്‍ വിശ്വാസികള്‍ ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്തു ഈ മാസത്തില്‍. പലരും അനവധി തവണ ഖത്തം തീര്‍ത്തു. പള്ളികളിലും മദ്‌റസകളിലും ഖുര്‍ആന്‍ പാരായണപഠന ക്ലാസുകള്‍ നടന്നു. ഖുര്‍ആന്‍ വിശ്വാസികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ഈ മാസത്തില്‍. അതിന്റെ തുടര്‍ച്ച റമസാനിനു ശേഷവും ഉണ്ടാവണം. ദിനേനെ അല്‍പമെങ്കിലും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ സമയം കണ്ടെത്തണം. എല്ലാ പശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണല്ലോ ഖുര്‍ആന്‍.

മൂന്ന്: പ്രാര്‍ഥന വിശ്വാസിയുടെ കവചമാവണം. റമസാനിലെ ഓരോ പത്തിലും പ്രത്യേക പ്രാര്‍ഥനകള്‍ നിര്‍വഹിച്ചു അല്ലാഹുവിനോട് ഇരക്കുകയായിരുന്നു മുഅ്മിനീങ്ങള്‍. പ്രാര്‍ഥന നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അര്‍ശിന്റെ തണല്‍ ലഭിക്കുന്ന മുഅ്മിനീങ്ങളുടെ സ്വഭാവമായി റസൂല്‍ പഠിപ്പിച്ചത് കണ്ണീരൊഴുക്കി പ്രാര്‍ഥിക്കുന്നവരാണ് അവരെന്നാണ്. പ്രാര്‍ഥനയുടെ ഈ സംസ്‌കാരം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. നമ്മുടെ എല്ലാ പ്രശ്‌നങ്ങളും അല്ലാഹുവിനു മുമ്പില്‍ അവതരിപ്പിച്ചു സമാധാനവും പരിഹാരവും കണ്ടെത്താന്‍ ശ്രമിക്കണം. ഒറ്റക്കും കൂട്ടമായും എല്ലാമുള്ള ഈ ദുആയുടെ സംസ്‌കൃതി മുഅ്മിനീങ്ങളുടെ ജീവിതത്തില്‍ നിത്യമാവണം.

നാല്: അനുകമ്പാശീലരാവണം. നമുക്ക് ചുറ്റുമുള്ളവരുടെ വേദനയറിയാന്‍ കഴിയുന്നവരാവണം വിശ്വാസികള്‍. റമസാനില്‍ നോമ്പ് തുറപ്പിക്കുന്നവര്‍ക്ക് വലിയ പ്രതിഫലമാണല്ലോ അല്ലാഹു വാഗ്ദാനം ചെയ്തത്. മറ്റുള്ളവരുമായി ബന്ധപ്പെടാനും സാമൂഹിക ബന്ധം ദൃഢപ്പെടുത്താനും ദൈന്യത അനുഭവിക്കുന്നവരെ സഹായിക്കാനും ഒക്കെയുള്ള മാസമായിരുന്നു ഇത്. തിരുനബി (സ) ധാരാളം സ്വദഖ ഈ മാസത്തില്‍ വര്‍ധിപ്പിച്ചിരുന്നു എന്നാണല്ലോ. ചുറ്റുമുള്ള കഷ്ടപ്പെടുന്നവരുടെ മേലെ നമ്മുടെ ദൃഷ്ടി എപ്പോഴും ഉണ്ടാകണം. അഭിമാന ബോധം കൊണ്ട് സ്വന്തം പ്രയാസങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്ന എത്രയോ ദരിദ്രരുണ്ടാകും. അത്തരക്കാരെ കണ്ടെത്തി സഹായമെത്തിക്കാന്‍ നമുക്കാവണം. സഹവിശ്വാസിയുടെ ഹൃദയത്തില്‍ തട്ടിയുള്ള പ്രാര്‍ഥനക്ക് അല്ലാഹു പെട്ടെന്ന് ഉത്തരം ചെയ്യും.

അഞ്ച്: ഭക്ഷണ ക്രമീകരണം. റമസാന്റെ പ്രകടമായ സവിശേഷത അന്നപാനീയ വര്‍ജനമാണല്ലോ. മനുഷ്യന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്നതിലും അലസത വര്‍ധിപ്പിക്കുന്നതിലും ദൈവിക ചിന്തകള്‍ കുറക്കുന്നതിലും അമിതമായ ഭക്ഷണശീലം സ്വാധീനം ചെലുത്തും.
പുതിയ ആരോഗ്യവിദഗ്ധര്‍ പറയുന്നത്, മലയാളികളുടെ അമിത രോഗങ്ങള്‍ക്ക് കാരണം തെറ്റായ ഭക്ഷണ ശീലമാണ് എന്നതാണ്. അതിനാല്‍, ഭക്ഷണം നാം ക്രമീകരിക്കണം. ആവശ്യത്തിന് മാത്രം പാചകം ചെയ്യുക. കഴിക്കുക. ശരീരത്തിന് ഹാനിയുണ്ടാക്കുന്നവ പരമാവധി ഒഴിവാക്കുക. ഇടക്കിടെ സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിച്ചു റമസാന്‍ ഉണ്ടാക്കിയ ശാരീരിക താളം നിലനിറുത്താന്‍ പരിശ്രമിക്കുക.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ