Connect with us

Gulf

വിദ്യാലയങ്ങള്‍ നാളെ അടക്കും, വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നു; പ്രവാസികളുടെ യാത്ര പ്രതിസന്ധിയില്‍

Published

|

Last Updated

ഷാര്‍ജ: വേനലവധിക്കായി രാജ്യത്തെ വിദ്യാലയങ്ങള്‍ നാളെ അടക്കാനിരിക്കെ നാട്ടിലേക്കുള്ള ഭീമമായ വിമാനടിക്കറ്റ് നിരക്ക് പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കുന്നു. രണ്ട് മാസത്തിലേറെ നീളുന്ന അവധിക്ക് പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ നാളെയാണ് അടച്ചുതുടങ്ങുക. ചില പൊതുവിദ്യാലയങ്ങള്‍ ഇതിനകം അടച്ചിട്ടുണ്ട്. ശേഷിക്കുന്നവയാണ് അടുത്ത ദിവസങ്ങളില്‍ അടക്കുക. ഇന്ത്യന്‍ വിദ്യാലയങ്ങള്‍ ഭൂരിഭാഗവും വ്യാഴാഴ്ച മുതല്‍ അടക്കും. ഔദ്യോഗികമായി അവധി ആരംഭിക്കുന്നത് ഈ മാസം 30നാണെങ്കിലും തൊട്ടുമുമ്പുള്ള ദിവസങ്ങള്‍ വാരാന്ത്യ അവധികളായതിനാലാണ് നേരത്തെ അടക്കുന്നത്. അടുത്ത സെപ്തംബര്‍ രണ്ടിനാണ് തുറക്കുക. ഏകദേശം 64 ദിവസത്തോളം ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് അവധി ലഭിക്കും. കഴിഞ്ഞ വര്‍ഷം രണ്ടര മാസത്തിലേറെ അവധി ലഭിച്ചിരുന്നു.
വിദ്യാലയങ്ങള്‍ അടക്കുമെങ്കിലും ഓഫീസുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ക്ക് അടുത്ത മാസം ആദ്യവാരത്തിലാണ് അവധിയാരംഭിക്കുക. പല വിദ്യാലയങ്ങളിലും വ്യത്യസ്തമായാണ് ജീവനക്കാരുടെ അവധി.

കഴിഞ്ഞ തവണയെ അപേക്ഷിച്ച് ഇക്കുറി ജീവനക്കാര്‍ക്കും അവധി കുറവാണ്. കാല്‍പാദ പരീക്ഷയും ഓപ്പണ്‍ ഹൗസുകളും മിക്ക വിദ്യാലയങ്ങളിലും ഇതിനോടകം നടന്നു.
വിദ്യാലയങ്ങള്‍ അടക്കുന്നതിന് മുമ്പേ ചില കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ടത്തോടെയുള്ള യാത്ര അടുത്ത ദിനങ്ങളിലേ ആരംഭിക്കുകയുള്ളൂ. കുറഞ്ഞ നിരക്കില്‍ നേരത്തെ വിമാന ടിക്കറ്റെടുത്തവരാണ് നാട്ടിലേക്ക് പോയവരില്‍ പലരും. വിദ്യാലയങ്ങള്‍ അടക്കുന്നത് വരെ കാത്തിരുന്നവരാണ് നിരക്ക് വര്‍ധനവ്മൂലം പ്രതിസന്ധിയിലായത്. അവധി അടുക്കുമ്പോഴേക്കും നിരക്ക് കുറയുമെന്ന പ്രതീക്ഷയിലായിരുന്നു മിക്കവരുമെങ്കിലും അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്.
കേരളമുള്‍പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വലിയ നിരക്കാണ്. കഴിഞ്ഞ തവണയെ അപേക്ഷിച്ച് ഇരട്ടി നിരക്കാണ് ഇത്തവണയുള്ളത്. ദുബൈയില്‍ നിന്ന് കേരളത്തിലേക്കും മംഗലാപുരത്തേക്കും മടക്കയാത്ര അടക്കം 2,500 ദിര്‍ഹമിന് മുകളിലാണ് നിരക്ക്. മുംബൈം, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കില്‍ വലിയ വ്യത്യാസമൊന്നുമില്ല. സാധാരണ ഗതിയില്‍ കേരളമൊഴികെയുള്ള മേഖലകളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കാറുണ്ടായിരുന്നു. നിലവില്‍ മംഗലാപുരത്തേക്കും കേരളത്തിലേക്കും വണ്‍വേ ടിക്കറ്റിന് മാത്രം ആയിരത്തിലധികം ദിര്‍ഹം നല്‍കണം. മുംബൈ വഴി മംഗലാപുരത്തേക്കും വലിയ കുറവൊന്നുമില്ല.
സഊദി അറേബ്യ, കുവൈത്ത്, ഒമാന്‍ വഴിയുള്ള യാത്രക്കും ഇത്തവണ ഉയര്‍ന്ന നിരക്ക് തന്നെ. എങ്കിലും അതുവഴിയും യാത്ര പോകുന്നവരുണ്ട്. അടുത്ത മാസം പകുതി വരെയെങ്കിലും നിരക്കില്‍ വലിയ കുറവൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

മടക്കയാത്രക്കുള്ള ടിക്കറ്റിന് ഇപ്പോള്‍ തന്നെ അടുക്കാനാവാത്ത നിരക്കായി കഴിഞ്ഞു. കേരളത്തില്‍ നിന്നും മംഗലാപുരത്ത് നിന്നും മടക്കയാത്രക്ക് 40,000 രൂപ വരെയാണ് നിരക്ക് കാണിക്കുന്നത്. ഒരു നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി മടങ്ങണമെങ്കില്‍ മടക്കയാത്ര അടക്കമുള്ള ടിക്കറ്റിന് ചുരുങ്ങിയത് 10,000 ദിര്‍ഹമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ വേണ്ടിവരും.
വേനലവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇത്തവണ ബലി പെരുന്നാള്‍, ഓണം എന്നിവ കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. അവധിക്കാലത്തായതിനാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനായി നല്ലൊരു വിഭാഗം പ്രവാസികളും, പ്രത്യേകിച്ച് മലയാളികള്‍ നാട്ടിലെത്തും. അവധിക്കാലവും ആഘോഷവും കഴിഞ്ഞ് എല്ലാവരും ഒന്നിച്ച് മടങ്ങുന്നതിനാലാണ് മടക്കയാത്രക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ കൂടിയത്.