Connect with us

Articles

ബാക്കി വയലുകള്‍ക്കും മരണമണി

Published

|

Last Updated

1970ല്‍ കേരളത്തില്‍ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങളില്‍ മുക്കാല്‍ ഭാഗത്തിലധികവും കഴിഞ്ഞ 45 വര്‍ഷം കൊണ്ട് നികത്തിക്കഴിഞ്ഞ സാഹചര്യത്തിലാണ് 2008 ല്‍ നെല്‍ത്തട തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയില്‍ പാടശേഖരങ്ങളും തണ്ണീര്‍തടങ്ങളും അഞ്ച് ശതമാനമായി അവശേഷിക്കുന്ന കാലത്താണ് സര്‍ക്കാര്‍ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചുകൊണ്ട് ഭേദഗതികള്‍ പാസാക്കി എടുത്തത്. ഭൂസ്വാമിമാര്‍ക്ക് വേണ്ടി കേരളത്തിന്റെ പച്ചപ്പ് വിറ്റുതുലക്കുകയാണ് ചെയ്യുന്നത്.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് നിയമത്തിന്റെ അലകും പിടിയും മാറ്റി പണിയുകയാണ്. നെല്‍വയല്‍ നികത്തുമ്പോള്‍ അരിയുത്പാദനം ഇടിയുക മാത്രമല്ല ജലസുരക്ഷയും തൊഴില്‍ സുരക്ഷയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

2008 ലെ നിയമത്തില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും കൃത്യമായി നിര്‍വചിക്കുകയൂം അവയെ പരിവര്‍ത്തനം ചെയ്യുന്നത് തടയാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭേദഗതിയില്‍ വിജ്ഞാപനം ചെയ്യാത്ത ഭൂമി എന്നൊരു പുതിയ വര്‍ഗീകരണം നിര്‍മിക്കുക വഴി നെല്‍പ്പാടങ്ങള്‍ നികത്തിയെടുക്കാനുള്ള ഒത്താശ ചെയ്തു നല്‍കുകയാണ് സര്‍ക്കാര്‍.
വിജ്ഞാപനം ചെയ്യപ്പെടാത്ത എന്ന പ്രശ്‌നം ഒഴിവാക്കാനുള്ള ലളിതമായ പോംവഴി വിജ്ഞാപനം ചെയ്യുക എന്നത് മാത്രമാണ്. അധികാരത്തിലെത്തി ആറ് മാസത്തിനുള്ളില്‍ ഡാറ്റ ബാങ്ക് പ്രസിദ്ധീകരിച്ച് ഈ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കുമെന്നാണ് ഇടതു മുന്നണി ഉറപ്പ് നല്‍കിയിരുന്നത്. ഡാറ്റ പ്രസിദ്ധീകരണം ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തയ്യാറായി എന്ന് സര്‍ക്കാര്‍ അറിയിക്കുമ്പോള്‍ തന്നെ നിരവധി തെറ്റുകള്‍ സംഭവിച്ചതിനെ കുറിച്ച് മൗനം പാലിക്കുന്നു.
പൊതു ആവശ്യത്തിന് പരിവര്‍ത്തനം ചെയ്യാന്‍ അനുവദിക്കുന്നത് സംബന്ധിച്ച് 2008ലെ നിയമത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നായിരുന്നു പ്രാദേശിക നിരീക്ഷക സമിതിക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം. ഈ അധികാരം കേവലം റിപ്പോര്‍ട്ട് ചെയ്യാനുള്ള അധികാരമായി മാത്രം ഭേദഗതിയിലൂടെ പരിമിതപ്പെടുത്തുകയാണ്. നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നതിനായുള്ള പ്രാദേശിക ഭരണകൂടത്തിന്റെ അധികാരം എടുത്തുകളയുന്നത് ഭൂമാഫിയക്ക് കടന്നുകയറ്റത്തിനുള്ള ലൈസന്‍സ് നല്‍കലാണ്.

പരിവര്‍ത്തനം ചെയ്യുമ്പോള്‍ സംഭവിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ഈ വ്യവസ്ഥകളെ ലഘൂകരിച്ചതോടെ നിയമത്തിന്റെ പല്ലും നഖവും തല്ലിക്കൊഴിച്ചു. പൊതു ആവശ്യം എന്നതിന് പകരം സര്‍ക്കാര്‍ പദ്ധതികള്‍ക്കായി നികത്താം എന്നാക്കി ഭേദഗതി സി പി ഐ അംഗങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കേരളം ഏറെ പ്രതീക്ഷിച്ചു. നിയമം അവതരിപ്പിച്ച മുന്‍ റവന്യു മന്ത്രി കെ പി രാജേന്ദ്രനോട് അല്‍പമെങ്കിലും നീതി പുലര്‍ത്താന്‍ ഇ ചന്ദ്രശേഖരന് കഴിഞ്ഞല്ലോ എന്നോര്‍ത്ത് ആശ്വസിച്ചു. എന്നാല്‍ ഈ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഉച്ചിയ്ക്ക് വെച്ച കൈകൊണ്ട് ഉദക ക്രിയ ചെയ്യുന്ന അപരാധത്തില്‍ നിന്നും മുഖം രക്ഷിക്കാന്‍ സി പി ഐ നടത്തിയ നാടകമായിരുന്നു ഇതെന്ന് മനസിലാക്കാന്‍ അധിക സമയം വേണ്ടിവന്നില്ല.
വയല്‍ നികത്തുന്നത് വയലിന്റെ കരയില്‍ കണ്ടു നില്‍ക്കാന്‍ മാത്രമേ ഇനി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു കഴിയൂ. സങ്കടം അനുഭവിക്കുന്നവര്‍ മാത്രം പരാതിയുമായി വന്നാല്‍ മതിയെന്ന പുതിയ വ്യവസ്ഥ ലക്ഷണമൊത്ത ഫാസിസമാണ്. ഭാവിയില്‍ ഉണ്ടാകാനിടയുള്ള നിയമ പോരാട്ടത്തെ കൂടി ഒരു മുഴം മുമ്പേ എറിഞ്ഞു ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇരയാകുന്നവര്‍ പരാതി നല്‍കണമെങ്കില്‍ പോലും 500 രൂപ കെട്ടിവെക്കേണ്ടി വരുന്നു. പത്ത് രൂപ അടച്ചാല്‍ വിവരാവകാശ പ്രകാരം അപേക്ഷ നല്‍കാവുന്ന നാട്ടിലാണ് അന്‍പതിരട്ടി തുക അടച്ചു പരാതി നല്‍കേണ്ടി വരുന്നത്.

ആറ് മാസം മഴയും 44 നദികളും കൊണ്ട് ജലസമ്പന്നമാണ് നമ്മുടെ സംസ്ഥാനമെങ്കിലും കുടിവെള്ളക്ഷാമം മൂലം പലപ്പോഴും വിഷമിക്കാറുണ്ട്. മികച്ച ജലസംഭരണിയായി പ്രവര്‍ത്തിക്കുന്നതാണ് നമ്മുടെ പാടങ്ങളും തണ്ണീര്‍ തടങ്ങളും. നെല്‍കൃഷി വര്‍ധിച്ചു എന്ന് വ്യാപക പരസ്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും നെല്‍കൃഷി ചെയ്യുന്ന പാടങ്ങളുടെ തോതും ഉത്പാദനവും ഉത്പാദനക്ഷമതയും കുത്തനെ ഇടിയുന്നു എന്നാണ് സാമ്പത്തിക സര്‍വേ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. പരസ്യവും വസ്തുതയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നിരിക്കെ ഇതെല്ലാം അവഗണിച്ചു പരിസ്ഥിതിയെ മാരകമായി പരിക്കേല്‍പ്പിച്ചു ഭേദഗതി വരുത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.
വരും തലമുറക്ക് വേണ്ടി പ്രകൃതി വിഭവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായി മാറേണ്ടവരാണ് നമ്മളെന്നു സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ അടിസ്ഥാന പ്രമാണം ഓര്‍മിപ്പിക്കുന്നു. ഹരിത കേരളത്തിന്റെ പേര് പറഞ്ഞു അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ കേരള ജനതയെ വഞ്ചിച്ച ദിനം എന്നപേരില്‍ ആയിരിക്കും 2018 ജൂണ്‍ 25 ചരിത്രത്തില്‍ അടയാളപ്പെടുത്തുക. നെല്‍വയല്‍ സംഹാര നിയമത്തിനെതിരെ പ്രതിപക്ഷം അവസാന നിമിഷം വരെ സര്‍വശക്തിയും ഉപയോഗിച്ചു എതിര്‍ത്തു നിന്നു. അംഗബലം കൊണ്ട് നിയമസഭയില്‍ ഇടതുപക്ഷം മറികടന്നെങ്കിലും നീതിന്യായ കോടതിയിലേക്കും ജനങ്ങളുടെ കോടതിയിലേക്കും പ്രതിപക്ഷം ഇറങ്ങുകയാണ്.

Latest