Connect with us

Ongoing News

ദ്വീപ് എന്ന സുപ്ര

Published

|

Last Updated

അന്തമാനിലേക്കും ലക്ഷദ്വീപിലേക്കും യാത്ര ചെയ്യുന്നത് വരെ അച്ഛന്‍ പറഞ്ഞുതന്ന അറിവുകളേ ദ്വീപുകളെയും കപ്പലുകളെയും കുറിച്ച് എനിക്കുണ്ടായിരുന്നുള്ളൂ. തീരങ്ങളില്‍ നിന്ന് തീരങ്ങളിലേക്കൊന്നും അച്ഛന്‍ യാത്ര ചെയ്തിട്ടില്ല. പക്ഷേ ആഴക്കടലിലേക്ക് പോയിട്ടുണ്ട്. നിത്യജീവിതത്തിന്റെ പങ്കപ്പാടുകള്‍ക്കിടയില്‍ പല ജോലി ചെയ്ത കൂട്ടത്തിലാണ് അദ്ദേഹം ആഴക്കടലിലേക്ക് യാത്ര ചെയ്തത്.

പൊന്നാനിയിലായിരുന്നു അച്ഛന്റെ വീട്. പോസ്റ്റോഫീസിലെ ജീവനക്കാരനായിരുന്നു. ആ വരുമാനം കൊണ്ട് ജീവിക്കാന്‍ പ്രയാസമായപ്പോള്‍ മറ്റ് ജോലികള്‍ ചെയ്തിരുന്നു അച്ഛന്‍. അക്കൂട്ടത്തില്‍ ചെയ്ത ഒരു ജോലി തേങ്ങാക്കച്ചവടക്കാര്‍ക്ക് വേണ്ടി കണക്കെഴുതലായിരുന്നു. പൊന്നാനിയില്‍ നിന്ന് തേങ്ങ കയറ്റിയയക്കും കച്ചവടക്കാര്‍; മുംബൈയിലേക്കും ഗുജറാത്തിലേക്കുമൊക്കെ. പൊന്നാനിയില്‍ നിന്ന് ചെറിയ ഉരുക്കള്‍ വഴി തേങ്ങ ആഴക്കടലിലേക്കെത്തിക്കും. അവിടെ നങ്കൂരമിട്ടു കിടക്കുന്ന കപ്പലിലേക്ക് തേങ്ങ കയറ്റും. അങ്ങനെയാണ് അച്ഛന്‍ കപ്പലുകള്‍ പരിചയപ്പെട്ടത്. അക്കാലത്ത് ചരക്കുകപ്പലിലെ ഉയര്‍ന്ന ജോലിക്കാരൊക്കെ യൂറോപ്യന്‍മാരായിരുന്നു. കപ്പലില്‍ ജോലിക്ക് ചേരുന്നോയെന്ന് അവരിലൊരാള്‍ അച്ഛനോട് ചോദിച്ചു. എന്തുകൊണ്ടോ അച്ഛന്‍ ആ ഓഫര്‍ സ്വീകരിച്ചില്ല. അച്ഛന്‍ നാടുവിട്ടുപോകുന്നതില്‍ വല്യച്ഛനും വല്യമ്മക്കും താത്പര്യമില്ലായിരുന്നു. ഒരു പക്ഷേ ആ ജോലി സ്വീകരിച്ചിരുന്നുവെങ്കില്‍ എത്രയോ രാജ്യങ്ങള്‍ അച്ഛന് കാണാമായിരുന്നുവെന്ന് ഞാന്‍ വിചാരിക്കാറുണ്ട്.

കടല്‍യാത്രയുടെ രീതികളെ കുറിച്ച് അച്ഛന് ഒരുപാട് കാര്യങ്ങള്‍ അറിയാമായിരുന്നു. അപരിചിതര്‍ കപ്പലില്‍ യാത്ര ചെയ്താല്‍ കടല്‍ച്ചൊരുക്കുവരും. ഛര്‍ദിക്കും. നിരന്തരം യാത്ര ചെയ്ത് കടല്‍ച്ചൊരുക്ക് മറികടക്കണം. ഉണക്കിയെടുത്ത ആഹാര സാധനങ്ങളാണ് കടല്‍യാത്രികര്‍ കൊണ്ടുപോയിരുന്നത്. പത്തേമാരിയില്‍ യാത്രികര്‍ വികസിപ്പിച്ചെടുത്ത പലതരം ആഹാരസാധനങ്ങളുണ്ട്. ഇളംപഴുപ്പുള്ള നേന്ത്രപ്പഴം പഞ്ചസാരപ്പാലില്‍ മുക്കിയുണക്കിയ ഒരു തരം ആഹാരസാധനമുണ്ട്. അവിലോ വറുത്ത അരിയോ എണ്ണയില്ലാതെ വറുത്തെടുത്ത മുള്ളന്‍ മീനുമായി ചേര്‍ത്ത് ഇടിച്ചുണ്ടാക്കുന്ന മറ്റൊരുതരം ഭക്ഷണസാധനമുണ്ട്. ഇങ്ങനെ പലതും. ചിലപ്പോള്‍ കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ കടലില്‍ ദിവസങ്ങളോളം അകപ്പെട്ടുപോകും. അത്രയും ദിവസത്തേക്കുള്ള ആഹാരവും വെള്ളവും ഉരുവില്‍ കരുതിവെക്കണം. കാറ്റിന്റെ ഗതിക്കനുസരിച്ചാണ് യാത്ര. അതിനാല്‍ ഒന്നും മുന്‍കൂട്ടി നിശ്ചയിക്കുക വയ്യ. പായ്മരത്തില്‍ കയറി പായ് മാറ്റിക്കെട്ടാന്‍ ഒരു ബാലനെയും കൊണ്ടുപോയിരുന്നുവത്രെ. മുകളിലേക്ക് കയറാന്‍ ഭാരമുള്ള ശരീരം പറ്റില്ലല്ലൊ. സമയം പോകാന്‍ പാട്ടുമാത്രമായിരുന്നു വഴി. പിന്നെ ചീട്ടുകളി. ഉരുപ്പണിക്കാര്‍ കെട്ടിയുണ്ടാക്കിയ ധാരാളം പാട്ടുകള്‍ തീരദേശത്ത് പ്രചാരത്തിലുണ്ടായിരുന്നു. അവയെല്ലാം നാടോടി വിജ്ഞാനീയത്തിന്റെ കലവറകളുമായിരുന്നു. കടല്‍പ്പണിക്കാര്‍ ഒട്ടും മയമില്ലാത്തവരാണെന്നാണ് പറയുക. കടലിന്റെ പേശികളോട് കുതറിമാറി ജീവിച്ചതുകൊണ്ടുമാകാമത്.

പൊന്നാനിയില്‍ ഉരു നിര്‍മിച്ചിരുന്ന ആശാരിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. അതിന് പ്രത്യേക പരിശീലനം വേണം. ആ സാങ്കേതികവിദ്യയൊക്കെ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി. എന്നാല്‍, ലക്ഷദ്വീപിലേക്ക് ഇപ്പോഴും ഉരു സഞ്ചരിക്കുന്നു. കേരളത്തില്‍ നിന്നും മംഗലാപുരത്ത് നിന്നും ചരക്കുകൊണ്ടുപോകുന്നത് ഇപ്പോഴും ഉരുവിലാണ്. കേരള തീരത്തുനിന്ന് ചെങ്കല്ല് കയറ്റിവന്ന ഉരു നങ്കൂരമിട്ട് നില്‍ക്കുന്നത് ആന്ത്രോത്ത് ദ്വീപില്‍ ഞാന്‍ കണ്ടിട്ടുണ്ട്.

ലക്ഷദ്വീപിലേക്കുള്ള എന്റെ യാത്ര രസകരമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞും ആ ഓര്‍മകള്‍ മായാതെ നില്‍ക്കുന്നു. കടമത്ത് ദ്വീപില്‍ യൂനിവേഴ്‌സിറ്റി സെന്ററിന്റെ വാര്‍ഷികാഘോഷത്തില്‍ അതിഥിയായി പോയതായിരുന്നു ഞാന്‍. അതൊരു ചെറിയ ദ്വീപാണ്. തുറമുഖമില്ല. തീരത്തെ പവിഴപ്പുറ്റുകളാണ് കാരണം. ആഴക്കടലില്‍ നിന്ന് തോണിയില്‍ കരയിലേക്ക് പോകണം. പത്ത് കിലോമീറ്റര്‍ നീളം കാണും ഈ ദ്വീപിന്. ഒരു കിലോമീറ്റര്‍ വീതിയും.

അതിഥികളോട് കാണിക്കുന്ന അപാരമായ സ്‌നേഹത്തിന്റെ ചില മുദ്രകള്‍ മായാതെ നില്‍ക്കുന്നു. അതിലൊന്ന് വെറുതെ വഴിയിലൂടെ നടക്കുമ്പോള്‍ എന്നോ പരിചയമുള്ള ഒരാളോടെന്നപോലെ ഒരു സ്ത്രീ എന്നോട് സംസാരിച്ചതാണ്. വീട്ടില്‍ എല്ലാവരെയും പരിചയപ്പെടാമെന്നും വീട്ടില്‍ പായസമുണ്ടാക്കിയ ദിവസമാണ് അതെന്നും പറഞ്ഞു. ഞാന്‍ സ്‌നേഹത്തോടെ അത് നിരസിച്ചു.

കടമത്തെ യൂനിവേഴ്‌സിറ്റി സെന്ററില്‍ അധ്യാപകനായ ആലിക്കുട്ടിക്കൊപ്പം ഒരു വീട്ടിലേക്ക് കയറിച്ചെന്നപ്പോള്‍ മാസ് ഉണക്കാനിട്ടിരിക്കുന്നത് കണ്ടു. മാസ് എന്നാല്‍ ടൂണ മത്സ്യം. ചുവന്ന മാംസമാണ് അതിന്റെത്. കടല്‍വെള്ളത്തില്‍ പുഴുങ്ങിയാണ് മാസ് ഉണക്കുക. പിന്നീട് ചകിരി കത്തിച്ച് അതിന്റെ പുകയിലും ഉണക്കണം. പിന്നീടത് കയറ്റിയയക്കും. മണ്‍സൂണിലെ വറുതിമാസങ്ങളില്‍ മാസ് ആണ് ലക്ഷദ്വീപുകാര്‍ക്ക് ആശ്വാസമാകുന്നത്. മഴക്കാലത്ത് കപ്പലുകള്‍ വരില്ല. ആഹാരത്തിന് പ്രയാസപ്പെടും. അക്കാലത്തേക്കായി മാസ് സൂക്ഷിച്ചുവെക്കും. മാസ് മാത്രം തിന്ന് ജീവിച്ച കാലത്തെ കുറിച്ച് പഴയ തലമുറ ഓര്‍ക്കും. മാസ് കൊണ്ട് അച്ചാറുണ്ടാക്കും.

ഞാന്‍ കയറിച്ചെന്ന വീട്ടില്‍ മാസ് തന്നാണ് അവര്‍ സത്കരിച്ചത്. മാസ് ചെറുതായി അരിഞ്ഞ് ഒരു കിണ്ണത്തില്‍ കൊണ്ടുവെച്ചു. മറ്റൊരു കിണ്ണത്തില്‍ തേങ്ങാപ്പൂളും. രണ്ടും കൂട്ടിച്ചേര്‍ത്ത് കഴിക്കുന്നത് അസാമാന്യ കോമ്പിനേഷനാണ്.

മീന്‍ചക്കരയാണ് ലക്ഷദ്വീപിലെ മറ്റൊരു വിശിഷ്ട വിഭവം. ചക്കരക്കള്ള് കുറുകിയെടുക്കുന്നതാണ് മീന്‍ചക്കര. അല്‍പ്പം ദ്രവരൂപമാണത്. കൊപ്രയും വറുത്ത അരിയും ചേര്‍ത്തിടിച്ച് അതില്‍ മീന്‍ചക്കര ചേര്‍ത്ത് കുഴച്ച് ലഡ്ഡു പോലെ ഉരുട്ടും. പിന്നെയത് വാഴയിലയില്‍ പൊതിഞ്ഞുകെട്ടും. പിണ്ടിഹലുവ. മുമ്പത് ലക്ഷദ്വീപിന്റെ മാത്രം ട്രേഡ് മാര്‍ക്കായിരുന്നു. മിഠായിത്തെരുവിലും അത് എത്തിയിരുന്നു.

പവിഴപ്പുറ്റു കാണാന്‍ എന്നെ കൊണ്ടുപോയത് യൂനിവേഴ്‌സിറ്റി സെന്ററിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആയ മുത്തുക്കോയയാണ്. മാസ്‌ക് അണിഞ്ഞ് ലഗൂണില്‍ അദ്ദേഹം ഊളിയിടുന്നത് കൗതുകത്തോടെ കരയിലിരുന്ന് കണ്ടു. ലഗൂണില്‍ നിന്ന് മീന്‍ പിടിക്കാനും അദ്ദേഹത്തിനറിയാം. പവിഴപ്പുറ്റുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന അസാധാരണ മത്സ്യങ്ങളുണ്ട്. പവിഴപ്പുറ്റിന് മുകളിലെ വെള്ളം സ്ഫടികം പോലെ. അതിലൂടെ നടക്കാം. കടല്‍ മീനുകള്‍ കാലുകളില്‍ ഇക്കിളികൂട്ടും. പവിഴപ്പുറ്റുകള്‍ ഉള്ള ഭാഗത്ത് തിര കാണില്ല. ദൂരെ തിര കാണാം. അതുവരെയും പവിഴപ്പുറ്റുകള്‍ക്ക് മുകളിലൂടെ നടക്കാം. ചുണ്ണാമ്പുകല്ലാണ് പവിഴപ്പുറ്റ് നിക്ഷേപം. വെട്ടുകല്ലുപോല അത് വെട്ടിയെടുക്കും; വീടിന്റെ ചുമരുണ്ടാക്കാന്‍. ഇത് വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കും. ലക്ഷദ്വീപുകാരുടെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തും. പ്രകൃതിക്കിണങ്ങുന്ന ചെറിയ വീട് എന്ന സങ്കല്‍പ്പമൊക്കെ ഇവിടെയും മാറി. വലിയ മാളികകള്‍ ഉയരുന്നു. ഡീസല്‍ പവര്‍പ്ലാന്റിലൂടെ വൈദ്യുതിയുമെത്തി.
ലക്ഷദ്വീപില്‍ ഞാന്‍ കൗതുകത്തോടെ നിരീക്ഷിച്ചത് സൈക്കിളാണ്. അവിടെ സൈക്കിളുകള്‍ക്ക് പ്രത്യേകിച്ച് ഉടമസ്ഥരില്ല. മിക്കവാറും വഴിയോരത്തെ തെങ്ങുകളില്‍ സൈക്കിളുകള്‍ ചാരിവെക്കും. തിരിച്ച് അവിടെത്തന്നെ വെക്കണമെന്നില്ല. അവിടുന്ന് അതെടുത്ത് ഇഷ്ടമുള്ള സ്ഥലത്തേക്ക് പോകും. മറ്റൊരിടത്ത് അതുകൊണ്ടുവെക്കും. അങ്ങനെ സൈക്കിളിന്റെ സഞ്ചാരങ്ങള്‍.

കടമത്ത് ദ്വീപിലെ യൂനിവേഴ്‌സിറ്റി സെന്ററില്‍ ആന്ത്രോത്തില്‍ നിന്നുള്ള ഒത്തിരി കുട്ടികള്‍ പഠിക്കുന്നുണ്ട്. ഞാന്‍ ലക്ഷദ്വീപിലേക്ക് പോയത് കൊച്ചി വഴിയാണെങ്കിലും മടക്കം ആന്ത്രോത്തില്‍ നിന്ന് ബേപ്പൂരിലേക്കായിരുന്നു. അത് സ്പീഡ് ബോട്ടാണ്. വളരെ വേഗം ബേപ്പൂരിലെത്തും. ആന്ത്രോത്തില്‍ പോകുമെന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ ചോദിച്ചത് അവരുടെ വീട്ടില്‍ പോകുമോയെന്നാണ്. ഒരാളുടെ വീട്ടില്‍ പോയാല്‍ മറ്റേയാള്‍ക്ക് വേദനയാവും. എല്ലാവരുടെയും വീട്ടില്‍ പോകാമെന്ന് ഞാന്‍ പറഞ്ഞു. ആന്ത്രോത്തിലെത്തിയപ്പോള്‍ ആ വാക്ക് പാലിക്കലായിരുന്നു പ്രശ്‌നം. ആലിക്കുട്ടി ഒരു ഉപായം പറഞ്ഞു. സൈക്കിളെടുത്ത് ഒന്ന് ചുറ്റിയാല്‍ എല്ലാ വീടുകളിലും പോകാം.

ഞങ്ങള്‍ സൈക്കിളെടുത്ത് ചുറ്റാനിറങ്ങി. മിക്കവാറും വീടുകളിലേക്ക് കുട്ടികള്‍ വിളിച്ചുപറഞ്ഞിരുന്നു, ഞങ്ങള്‍ വരുന്ന കാര്യം. എല്ലായിടത്തും സല്‍ക്കാരം. ലക്ഷദ്വീപിലെ തനതു പലഹാരങ്ങള്‍ മേശ നിറയുന്നു. പല അറകളില്‍ നിന്നാണവ വരുന്നത്. അറകള്‍ പ്രധാനമാണ് ലക്ഷദ്വീപ് ഗൃഹങ്ങളില്‍. മരുമക്കത്തായ ക്രമമാണവിടെ. പെണ്‍കുട്ടികള്‍ ഭര്‍തൃഗൃഹത്തിലേക്ക് പോകുക പതിവില്ല. തീരേ പോവില്ല എന്നല്ല. വിരുന്ന് പോകുമ്പോലെ പോയ്‌വരും. പുയ്യാപ്ല പെണ്‍വീട്ടിലേക്ക് വരും. അതും സ്ഥിരതാമസത്തിനല്ല. അമ്മാവനാണ് കുടുംബനാഥന്‍. എല്ലാ പുയ്യാപ്ലമാരും മറ്റൊരു വീട്ടിലെ അമ്മാവനാണ്. കുടുംബത്തിലെ എത്ര പെണ്‍കുട്ടികളുണ്ടോ അവര്‍ക്കൊക്കെ അറയുണ്ടാകും. ഞാന്‍ പോയ വീടുകളിലെ ഓരോ അറയിലും കരുതിവെച്ച വിശിഷ്ടഭോജനവസ്തുക്കള്‍ അതിഥിയെ തേടി വരും. മീന്‍ചക്കര ചേര്‍ത്തുണ്ടാക്കിയ പലതരം മധുരപലഹാരങ്ങള്‍. പിണ്ടിയലുവയില്ലാത്ത ഒരു വീടുമില്ല. നേര്‍ത്ത പത്തിരിയാണ് ഒരു വിഭവം. മീന്‍ ചക്കര ചേര്‍ത്ത് കുറുക്കിയെടുത്ത തേങ്ങാപ്പാലില്‍ അത് ചേര്‍ത്ത് കഴിക്കുമ്പോഴുള്ള രുചി ലക്ഷദ്വീപിന്റെ തനത് രുചിയായി നാവിലുണ്ട് ഇപ്പോഴും.

പല സൂഫി മഖ്ബറകളിലും ഞാന്‍ പോയി. സൂഫിസത്തിന് ആഴത്തില്‍ വേരുകളുണ്ട് ഇവിടെ. ലക്ഷദ്വീപ് ഒരു കാന്തക്കല്ലു പോലെ സൂഫികളെ ആകര്‍ഷിച്ചു. നീലവിതാനങ്ങള്‍ താണ്ടി അവര്‍ വന്നു. ദ്വീപുനിവാസികള്‍ അവരെ നെഞ്ചോട് ചേര്‍ത്തു. അവര്‍ മണ്‍മറഞ്ഞപ്പോള്‍ മഖ്ബറകള്‍ തീര്‍ഥാടന കേന്ദ്രങ്ങളായി. സൂഫി പാരമ്പര്യം വഴിക്കാണ് ദോലക് എന്ന വാദ്യോപകരണവും ലക്ഷദ്വീപിലെത്തിയത്. അതടിച്ച് പാടുന്ന ദോലിപ്പാട്ട് ലക്ഷദ്വീപിന്റെ തനത് സംഗീതമാണ്. പ്രകൃതി പ്രതിഭാസങ്ങളെ നിരീക്ഷിച്ച് ലക്ഷദ്വീപുകാര്‍ വികസിപ്പിച്ച ജ്ഞാനമണ്ഡലവും വിസ്മയകരമാണ്.

വിഷാദം ലക്ഷദ്വീപ് നിവാസികളെ ചൂഴ്ന്ന് നില്‍ക്കുമ്പോലെ എനിക്ക് തോന്നിയിട്ടുണ്ട്. മെയിന്‍ ലാന്‍ഡുമായി ബന്ധമില്ലാത്തതിനാല്‍ ഒറ്റപ്പെട്ടു എന്ന തോന്നലാണവര്‍ക്ക്. എവിടെ തിരിഞ്ഞാലും കടല്‍. കാണുന്നത് ഒരേ മനുഷ്യരെ. ദൂരെനിന്ന് വരുന്നവരോട് അത്രക്ക് പ്രിയമുണ്ടാകാന്‍ കാരണമതാണ്. കടല്‍നീലിമ വിഷാദത്തിന്റെ പുതപ്പ് വിരിക്കുന്നു ലക്ഷദ്വീപിന് മേല്‍.
.