Connect with us

Ongoing News

നിങ്ങള്‍ കേട്ടതൊന്നുമല്ല ഈ നാട്

Published

|

Last Updated

അജ്ഞാതമായ ഒരു രാജ്യത്തേക്കുള്ള യാത്രയായിരുന്നു അത്. നിഗൂഢതകള്‍ നിറഞ്ഞ ഒറ്റപ്പെട്ട ഒരു രാജ്യമായി അറിയപ്പെടുന്ന ഉത്തര കൊറിയ എന്ന ഭൂപ്രദേശം കാണാനായാണ് ഏപ്രില്‍ മാസം ഞാനും സുഹൃത്തും പ്യോംഗ്യാംഗ് നഗരത്തില്‍ എത്തിയത്. അവര്‍ മനുഷ്യനെ തിന്നുന്നവരാണെന്നുപോലും പ്രചാരണം നടക്കുന്ന കാലം. വിദേശികളെ പ്രവേശിപ്പിക്കാത്ത, ഹൈഡ്രജന്‍ ബോംബ് നിര്‍മിച്ച് ലോകത്തെ വെല്ലുവിളിക്കുന്ന ആ “സ്വേച്ഛാ” രാജ്യത്തിന്റെ ഉള്ളറകള്‍ കണ്ടറിയാന്‍ വേണ്ടിത്തന്നെയാണ് ഞങ്ങള്‍ വിസ സംഘടിപ്പിച്ച് പോയത്.
കണ്ടപ്പോള്‍ കേട്ടതൊന്നുമല്ലാ സത്യമെന്ന് തിരിച്ചറിയാന്‍ അധികം സമയം വേണ്ടിവന്നില്ല. തികച്ചും വ്യത്യസ്തമായ ഒരു രാജ്യമാണത്. സംസ്‌കാര സമ്പന്നരായ ഒരു ജനതയുടെ ഊഷ്മളമായ സ്‌നേഹ സ്വാഗതങ്ങള്‍ എല്ലായിടത്തും ഞങ്ങള്‍ ഏറ്റുവാങ്ങി. നിഷ്‌കളങ്കരായ കൊറിയന്‍ കര്‍ഷകജനതയാണ് അവിടെ അധികവും. നിരന്തരമായി അധ്വാനിക്കുന്ന ഒരു ജനവിഭാഗത്തെ പ്രത്യേകിച്ചും സ്ത്രീകളെ ഞങ്ങള്‍ കണ്ടുമുട്ടി. സ്ത്രീകള്‍ സ്വതന്ത്രരാണ്. പുരുഷനോടൊപ്പം പരിപൂര്‍ണസ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീകളുടെ അതിവിശാലമായ സഞ്ചാരലോകമായിട്ടാണ് നഗരവും ഗ്രാമങ്ങളും കാണപ്പെട്ടത്. എല്ലാ രംഗത്തും സ്ത്രീകള്‍ക്ക് പ്രാമുഖ്യവും പ്രാധാന്യവും പ്രാമാണ്യവും ലഭിക്കുന്ന മറ്റൊരു രാജ്യം ലോകത്തെവിടെയെങ്കിലും കാണുമോ? സ്വാതന്ത്ര്യത്തിന്റെ പറുദീസയായി അറിയപ്പെടുന്ന അമേരിക്കയിലും പാരീസിലും ബ്രിട്ടനില്‍പോലും സ്ത്രീകള്‍ പൂര്‍ണസുരക്ഷിതരല്ല. പക്ഷേ, ഉത്തര കൊറിയയില്‍ സ്ത്രീപുരുഷ ഭേദങ്ങളില്ല. സ്ത്രീപീഡനങ്ങള്‍ എന്തെന്ന്‌പോലും അവര്‍ക്കറിയില്ല.

ഇന്റര്‍നെറ്റിലൂടെ അമേരിക്ക കടന്നുവരും

കാരണം മുതലാളിത്ത ജീര്‍ണതയുടെ അവശിഷ്ടങ്ങള്‍പോലും ആ രാജ്യത്തെ ഒരളവിലും ബാധിച്ചിട്ടില്ലായെന്നതുതന്നെ. അതെങ്ങനെ സാധ്യമാകുന്നു? പ്രത്യേകിച്ചും ഈ നൂറ്റാണ്ടില്‍? ഉത്തര കൊറിയയില്‍ അതിനുള്ള ഉത്തരം ലളിതമാണ്. ഇന്റര്‍നെറ്റ് അവിടെ ലഭ്യമല്ല. അതിലൂടെ പ്രചരിക്കുന്ന അശ്ലീലത അവരാരും കണ്ടിട്ടില്ല. ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ ഇല്ലാത്ത ഒരു ലോകരാജ്യമോ? വിദേശികള്‍ മൂക്കത്ത് വിരല്‍വെക്കുന്നു.
ഞങ്ങള്‍ റാ-മോ-സോംഗ് എന്ന സുഹൃത്തിനോട് ചോദിച്ചു. ഇന്റര്‍നെറ്റില്ലാതെ നിങ്ങള്‍ക്ക് എങ്ങനെ ജീവിക്കാന്‍ കഴിയുന്നു? അദ്ദേഹം പറഞ്ഞു, ഞങ്ങള്‍ക്ക് ഞങ്ങളുടെതായ ഇന്റര്‍നെറ്റ് ഉണ്ട്. പക്ഷേ വിദേശ വെബ്‌സൈറ്റുകള്‍ പ്രമോട്ട് ചെയ്യുന്നില്ല. എന്തുകൊണ്ട്? ഞങ്ങള്‍ വീണ്ടും ചോദിച്ചു. അദ്ദേഹം പറഞ്ഞു “കാരണം അതിലൂടെ അമേരിക്ക കടന്നു വരും.”

അതേ, അവര്‍ ഏറ്റവുമധികം ഭയപ്പെടുന്നത് അമേരിക്കന്‍ സംസ്‌കാരത്തെയാണ്. വഷളന്‍ സംസ്‌കാരം വന്നാല്‍ ആ രാജ്യം നശിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. ഓരോ ഉത്തര കൊറിയക്കാരന്റെയും മനസ്സില്‍ അമേരിക്കന്‍വിരുദ്ധതയുണ്ട്. 1950ലെ കൊറിയന്‍ യുദ്ധത്തില്‍ ആ രാജ്യത്തെ ദശലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ അമേരിക്കന്‍ പൈശാചികതയുടെ ചിത്രങ്ങള്‍ പുതിയ തലമുറയുടെ മനസ്സിലും മായാതെ നില്‍ക്കുന്നുണ്ട്. അതുകൊണ്ട് അവര്‍ ജാഗരൂകരാണ്. അമേരിക്കന്‍ സൈന്യത്തിന് ഉത്തര കൊറിയയെ പരാജയപ്പെടുത്താന്‍ കഴിയില്ല. ഒരു ടാക്‌സി ഡ്രൈവര്‍ പറഞ്ഞു. “പക്ഷേ, അവര്‍ക്ക് ഇന്റര്‍നെറ്റിലൂടെയും ബൈബിളിലൂടെയും സാമ്രാജ്യത്വ ആശയങ്ങള്‍ കടത്തിവിടാന്‍ കഴിയും.”

അശ്ലീലതയുടെ ലാഞ്ചനകള്‍ മനുഷ്യമനസ്സില്‍ ഇല്ലെങ്കില്‍ അതെത്ര സുന്ദര രാജ്യമായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. അതിന്റെ സുഗന്ധം വേറെതന്നെ. അതുകൊണ്ടാണ് വ്യത്യസ്തമായ സംസ്‌കാരമെന്ന് ആദ്യമേ പറഞ്ഞത്. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ വാര്‍ത്തകളാണല്ലോ പുറത്തുവരുന്നത്. ക്ഷേത്രങ്ങള്‍ പോലും ബലാത്സംഗകേന്ദ്രങ്ങളാകുന്ന ഈ നാട്ടില്‍ ജീവിക്കുന്ന നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര ഔന്നത്യത്തിലാണ് ഉത്തര കൊറിയയുടെ സാംസ്‌കാരിക ജീവിതം.

രാത്രി ജീവിതമില്ല

നൈറ്റ് ലൈഫ് ആധുനിക മുതലാളിത്ത ലോകത്ത് ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. അനാശാസ്യങ്ങള്‍ രാത്രിയിലാണ് അരങ്ങേറുക. എന്നാല്‍, ഉത്തര കൊറിയയിലെ എല്ലാ കടകളും വാണിജ്യ, വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് തന്നെ അടക്കും. രാത്രി വ്യാപാരങ്ങളില്ല. അവിടത്തെ കാലാവസ്ഥയില്‍ രാത്രിജീവിതം അസാധ്യവുമാണ്. എന്തായാലും അപഥ സഞ്ചാരങ്ങള്‍ക്ക് ഒരു പഴുതുമില്ല.

എന്നാല്‍, പകല്‍ അതിരാവിലെ ജീവിതം ആരംഭിക്കുന്നു. ഏവരും അതികാലത്ത് ഉണര്‍ന്ന് കര്‍മമണ്ഡലങ്ങള്‍ സജീവമാക്കുന്നു. പുരുഷനെപ്പോലെ സ്ത്രീകളും എല്ലാ ജോലികളിലും മുന്നിട്ടു നില്‍ക്കുന്ന അപൂര്‍വ സുന്ദരകാഴ്ചയാണ് ആ രാജ്യത്തെ വ്യത്യസ്തമാക്കുന്നത്. യുദ്ധ മുന്നണിയിലും പുരുഷനോടൊപ്പം സ്ത്രീകള്‍ സജീവമാണ്. എന്നുവെച്ച്, സ്ത്രീ മേധാവിത്വം ഉണ്ടെന്ന് തെറ്റിദ്ധരിക്കേണ്ട. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ആവശ്യമായ രൂപത്തില്‍ സ്ത്രീ- പുരുഷ സമത്വം അവിടെയുണ്ട് എന്നുപറയുന്നതാവും ശരി.

ആണ്‍പെണ്‍ ഭേദമില്ലാ ലോകം

ഞങ്ങള്‍ സന്ദര്‍ശിച്ച സ്ഥാപനങ്ങളില്‍ ഒന്ന് പ്യോംഗ്യാംഗ് നഗരത്തിലെ ഒരു സ്വിമ്മിംഗ് പൂളായിരുന്നു. അലംകൃതമായ ആധുനിക സജ്ജീകരണങ്ങളുള്ള നീന്തല്‍കുളം. അവിസ്മരണീയമായ കാര്യം സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് നീന്തുന്നുവെന്നതാണ്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ വ്യത്യാസം കാണാന്‍ കഴിയാത്ത വിധം ഇഴുകിചേര്‍ന്നാണ് നീന്തുന്നത്. പക്ഷേ, ഒരുവിധ പ്രശ്‌നങ്ങളുമില്ല. പരസ്പരം മോശമായ കാഴ്ചകളോ പെരുമാറ്റമോ ഇല്ല.

നമ്മുടെ രാജ്യവുമായോ മറ്റേതെങ്കിലും വികസിത മുതലാളിത്ത രാജ്യവുമായോ തുലനം ചെയ്യാനാവാത്ത വിധം വിഭിന്നമായ ഒരു സംസ്‌കാരത്തിന്റെ ഉടമകളാണ് ഉത്തര കൊറിയക്കാര്‍ എന്ന് വ്യക്തമാക്കുന്നു അവരുടെ ഓരോ പെരുമാറ്റവും. ഇതൊരു യാത്രാ വിവരണമല്ല. അവിസ്മരണീയമായ ആ യാത്രയില്‍ കണ്ട അനേകം അനുഭവങ്ങളില്‍ ചിലത് വായനക്കാര്‍ക്കുവേണ്ടി പങ്കുവെക്കുന്നുവെന്ന് മാത്രം. അമേരിക്കയുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഉണ്ടാക്കിയ ഉടമ്പടിപ്രകാരം ഭാവികാര്യങ്ങള്‍ എന്തായിത്തീരുമെന്ന് പറയാനാകില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഉത്തര കൊറിയ ലോകത്തിന്റെ മുഖ്യധാരയിലേക്കു വരാന്‍ പോകുന്നു. അതിനുള്ള വിളംബരമാണ് ജൂണ്‍ 12ന് സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ഉത്തര കൊറിയ നടത്തിയത്. അന്ന് ഉന്നിന്റെ പട്ടാഭിഷേകമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയാതെയാണെങ്കിലും നടത്തിക്കൊടുത്തത്.
.

Latest