Kerala
ഗ്രൂപ്പ് നീക്കം സജീവം; മുജാഹിദുകള്‍ പിളര്‍പ്പിന്റെ വഴിയില്‍
കോഴിക്കോട്: വേറിട്ടുപോകാന്‍ തന്നെ തീരുമാനിച്ച് മുജാഹിദ് വിഭാഗങ്ങള്‍. വിഘടിച്ചു നില്‍ക്കുന്നവരെ മാറ്റിനിര്‍ത്തി മുന്നോട്ട് പോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് രണ്ട് പേര്‍ക്കെതിരെ കെ എന്‍ എം വിഭാഗം കഴിഞ്ഞ ദിവസം നടപടിയെടുത്തത്. തങ്ങളുടെ കമ്മിറ്റികള്‍ എല്ലാ തലങ്ങളിലും പുനഃസംഘടിപ്പിക്കാന്‍ ഐ എസ് എം നേതൃത്വത്തിലുള്ള മര്‍കസുദ്ദഅ്‌വ വിഭാഗവും സജീവമായി രംഗത്തുണ്ട്.
ഇപ്പോള്‍ കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്നാണ് സി പി ഉമര്‍ സുല്ലമിയെയും മറ്റും പുറത്താക്കിയിരിക്കുന്നത്. ഭാവിയില്‍ മറ്റുള്ളവര്‍ക്കെതിരെയും നടപടിയുണ്ടാകും. അതേസമയം, പുറത്താക്കിയെന്നോ നടപടിയെടുത്തെന്നോ സമ്മതിക്കാന്‍ ഔദ്യോഗിക വിഭാഗം ഒരുക്കമല്ല. ഉമര്‍ സുല്ലമിയെയും ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയെയും പുറത്താക്കിയതു തന്നെ അച്ചടക്ക നടപടിയായി അംഗീകരിക്കാന്‍ അവര്‍ ഒരുക്കമല്ല. പുതുതായി രണ്ട് പേരെ കെ ജെ യുവില്‍ എടുത്തു എന്ന നിലക്കു പോലും നടപടിയെ വിശദീകരിക്കുന്നവരുണ്ട്. ഐക്യത്തിനു ശേഷം ഇവര്‍ രണ്ട് പേരും കെ ജെ യു യോഗത്തില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സമ്മേളനത്തിന് പിന്നാലെ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്ത ശേഷം ഇവര്‍ സംഘടനയുമായി സഹകരിക്കാറില്ലെന്നും സംഘടനാവിരുദ്ധ പരിപാടികളിലാണ് സജീവമായതെന്നും അവര്‍ വിശദീകരിക്കുന്നു.
അത്തരക്കാര്‍ക്കു പകരം പുതിയ രണ്ട് പേരെ കമ്മിറ്റിയില്‍ എടുത്തുവെന്ന നിലക്കാണ് പുതിയ സംഭവ വികാസങ്ങളെ കുറിച്ച് ഔദ്യോഗിക വിഭാഗം പറയുന്നത്. ഇതേ നയം തന്നെയാണ് ഐ എസ് എമ്മിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തിലും സ്വീകരിക്കുക. സംസ്ഥാന പ്രസിഡന്റ് ഒഴികെ മറ്റ് ഭാരവാഹികള്‍ മിക്കവരും ഐ എസ് എമ്മിനൊപ്പം ചേര്‍ന്നിരുന്നു. അവര്‍ക്കെതിരെയും നടപടികളെടുക്കാതെ തന്നെ ഔദ്യോഗിക വിഭാഗത്തെ അനുകൂലിക്കുന്നവരില്‍ നിന്ന് സ്ഥാനങ്ങള്‍ നികത്തി വരികയാണ്. ഇങ്ങനെ നികത്തുമ്പോള്‍ പഴയ മടവൂര്‍ വിഭാഗക്കാരെ പരിഗണിക്കാനാണ് ശ്രമം. ജില്ലാതലങ്ങളിലും ഈ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു.
അതേസമയം, ഉമര്‍ സുല്ലമിക്കു പകരം വര്‍ക്കിംഗ് പ്രസിഡ ന്റിനെ നിയമിച്ചപ്പോള്‍ ഈ ധാരണ പാലിച്ചില്ലെന്നാണ് മറുഭാഗം ചൂണ്ടിക്കാട്ടുന്നത്. കെ എന്‍ എമ്മിനെ പോലെ തന്നെ ഐ എസ് എമ്മും ജില്ല, മണ്ഡലം തലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് പുനഃസംഘടനാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അടുത്ത മാസത്തോടെ ഇത് പൂര്‍ത്തിയാക്കാനാണ് പരിപാടി.
ഉമര്‍ സുല്ലമിയെയും മറ്റും പുറത്താക്കിയതോടെ അവരുടെ നേതൃത്വത്തില്‍ ജംഇയ്യത്തുല്‍ ഉലമയും കെ എന്‍ എമ്മും രൂപവത്കരിക്കാന്‍ നീക്കമുണ്ട്. ഇതോടെ പിളര്‍പ്പ് പൂര്‍ത്തിയാകും. എം എസ് എം നേരത്തെ തന്നെ ഐക്യത്തി ല്‍ ചേരാതെ വേറിട്ട പ്രവര്‍ത്തനം നടത്തുന്നുണ്ട്.
മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് നടപടികളിലേക്കും പുറത്താക്കലിലേക്കും കാര്യങ്ങള്‍ എത്തിയത്. തൗഹീദ് തന്നെയാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള തടസ്സമായി ഇരുവരും ചൂണ്ടിക്കാണിക്കുന്നത്. ജിന്ന്- സിഹ്‌റ് ബാധയെ കുറിച്ച് വന്ന ലേഖനങ്ങള്‍ പിന്‍വലിക്കണമെന്നായിരുന്നു മര്‍കസുദ്ദഅ്‌വ (പഴയ മടവൂര്‍ വിഭാഗം) മധ്യസ്ഥരുടെ മുന്നില്‍ വെച്ചിരുന്ന നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കപ്പട്ടില്ലത്രെ. കെ എന്‍ എം വിഭാഗമാകട്ടെ, ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാതെ സംഘടനാപരമായ ഐക്യത്തോടെ മുന്നോട്ടുപോകുക എന്ന നിലപാടാണ് സ്വീകരിച്ചത്.