Sports
ഫ്രാന്‍സിന്റെ പോഗ്ബ മാഞ്ചസ്റ്ററിലെത്തുമ്പോള്‍
2012 ജനുവരി 31. പോള്‍ പോഗ്ബ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജഴ്‌സിയണിഞ്ഞത് മുതല്‍ക്ക് ഈയൊരു ദിവസത്തിനായി ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ കാത്തിരിക്കുകയായിരുന്നു. സ്റ്റോക് സിറ്റിക്കെതിരെ എഴുപത്തിരണ്ടാം മിനുട്ടില്‍ ജാവിയര്‍ ഹെര്‍നാണ്ടസ് കളമൊഴിഞ്ഞപ്പോള്‍ പോഗ്ബ പ്രാര്‍ഥനയോടെ മൈതാനത്തേക്ക്, തന്റെ പൊസിഷനിലേക്ക് ഓടി നിന്നു. പിന്നീട് മാര്‍ച്ചില്‍ വെസ്റ്റ് ബ്രോംവിച് ആല്‍ബിയനെതിരെയും പകരക്കാരന്റെ റോള്‍. സര്‍ അലക്‌സ് ഫെര്‍ഗൂസനായിരുന്നു മാഞ്ചസ്റ്ററിന്റെ പരിശീലകന്‍. ഓരോ താരത്തിനെയും അളന്ന് തൂക്കി മാത്രം ഉപയോഗിക്കുന്ന കോച്ച്. സീനിയര്‍ ടീമില്‍ ആദ്യ ലൈനപ്പില്‍ സ്ഥിരമായി ഇടം ലഭിക്കണമെങ്കില്‍ ഫെര്‍ഗൂസന് അങ്ങേയറ്റം അയാളുടെ കളി പിടിക്കണം.
പോള്‍ പോഗ്ബക്ക് പകരക്കാരന്റെ റോള്‍ വരും സീസണുകളിലും എടുത്തണിയുന്നത് അചിന്തനീയം. അയാള്‍, നല്ല ഓഫര്‍ വന്നപ്പോള്‍ മാഞ്ചസ്റ്ററില്‍ നിന്ന് ചാടി. ഇറ്റലിയിലെ യുവെന്റസ് ആയിരുന്നു രഹസ്യമായി ധാരണയുണ്ടാക്കിയത്. അതുകൊണ്ടു തന്നെ പോഗ്ബയുടെ ചാട്ടം അലക്‌സ് ഫെര്‍ഗൂസന് ഒട്ടും പിടിച്ചില്ല. അയാള്‍ മാഞ്ചസ്റ്ററിനോട് മര്യാദ കാണിച്ചില്ല. ഞാനാകെ അസ്വസ്ഥനാണ്. എവിടെയും പോയി നന്നാകട്ടെ – ഫെര്‍ഗൂസന്‍ ശപിച്ച പോലെ അനുഗ്രഹിച്ചു.
കാരണം, പോഗ്ബയെ മനസില്‍ കണ്ട് അദ്ദേഹം എന്തൊക്കെയോ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതൊന്നും വിശ്വാസത്തിലെടുക്കാതെ പോഗ്ബ തന്റെ സുരക്ഷിത താവളമായി യുവെന്റസിനെ മനസില്‍ കുടിയിരുത്തി. പോഗ്ബ എവിടെ പോയാലും മികച്ചവനാകും എന്ന് ഫെര്‍ഗൂസന് നല്ല തീര്‍ച്ചയുണ്ടായിരുന്നു. അതാണ്, ദേഷ്യം തലക്ക് പിടിച്ചിട്ടും എവിടെയും പോയി തുലയട്ടെ എന്ന് പറയാതെ അവന്‍ നന്നാകട്ടെ എന്ന് ഘടിപ്പിച്ചത്.
ഇറ്റലിയില്‍ യുവെന്റസിനൊപ്പം പോഗ ഉയരങ്ങള്‍ കീഴടക്കി. സൂപ്പര്‍ താരം എന്ന വിശേഷണം പോഗ്ബ നേടിയെടുത്തു. നീളന്‍ കാലുകളുള്ള നീരാളിയായി എതിരാളികള്‍ പോഗ്ബയെ വിലയിരുത്തി. പോള്‍ ദ ഒക്ടോപസ് എന്ന വിശേഷണം ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ക്ക് ലഭിച്ചു. 2012 മുതല്‍ 2016 വരെ യുവെന്റസില്‍. 124 മത്സരങ്ങള്‍, 28 ഗോളുകള്‍. ലീഗ്, ഇറ്റാലിയന്‍ കപ്പ് കിരീട നേട്ടങ്ങള്‍ക്ക് പുറമെ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സപ്പ് മെഡല്‍.
2015 ലായിരുന്നു യൂറോപ്പിലെ സുപ്രധാന ചാമ്പ്യന്‍ഷിപ്പായ ചാമ്പ്യന്‍സ് ലീഗില്‍ പോഗ്ബയുടെ യുവെന്റസ് ഫൈനല്‍ വരെ കുതിച്ചത്.
യുവേഫയുടെ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് പട്ടികയില്‍ പോഗ്ബ പത്താം സ്ഥാനത്ത്. പക്ഷേ, ട്രാന്‍സ്ഫര്‍ വിപണിയിലെ പട്ടികയില്‍ പോഗ്ബ ആയിരുന്നു നമ്പര്‍ വണ്‍.
യുവെന്റസില്‍ നിന്ന് പോഗ്ബയെ മുന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാങ്ങാന്‍ തയ്യാറായി. അപ്പോഴേക്കും ഫെര്‍ഗൂസന്റെ കാലം കഴിഞ്ഞിരുന്നു. ജോസ് മൗറിഞ്ഞോ ആയിരുന്നു പരിശീലകന്‍. 100 ദശലക്ഷം പൗണ്ടിന്റെ അഞ്ച് വര്‍ഷ കരാര്‍. പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍. പലരും നെറ്റി ചുളിച്ചു. ഇറ്റാലിയന്‍ ലീഗിലെ മികവ് കണ്ട് പ്രീമിയര്‍ ലീഗിലേക്ക് ഇത്രയും പണമൊഴുക്കി പോഗ്ബയെ കൊണ്ടു വരേണ്ടിയിരുന്നോ ? മൗറിഞ്ഞോ കാണിച്ചത് അബദ്ധമല്ലേ എന്ന ചര്‍ച്ച നടന്നു.
ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് ഒരു കളിക്കാരന് നൂറ് ദശലക്ഷം പൗണ്ട് ചെലവഴിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് അഭിപ്രായപ്പെട്ടു. മൗറിഞ്ഞോ ഇതിലൊന്നും കുലുങ്ങിയില്ല. പക്ഷേ, കഴിഞ്ഞ സീസണില്‍ പോഗ്ബ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. പതിയെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ നിന്ന് പോലും മൗറിഞ്ഞോ പിന്‍വലിച്ചു.
സീസണിന്റെ അവസാനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടധാരണം മാഞ്ചസ്റ്റര്‍ഡെര്‍ബിയില്‍ തടഞ്ഞതാണ് പോഗ്ബയുടെ മഹത്തായ പ്രകടനം. യുനൈറ്റഡ് രണ്ട് ഗോളുകള്‍ക്ക് പിറകിലായി. പോഗ്ബ രണ്ട് ഗോളുകള്‍ നേടി ഫോമിലേക്കുയര്‍ന്നപ്പോള്‍ 3-2ന് സിറ്റി തോറ്റു. ജയിച്ചിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചെന്ന് സിറ്റിക്ക് അഹങ്കരിക്കാമായിരുന്നു. പോഗ്ബയുടെ ഇരട്ട ഗോളുകള്‍ യുനൈറ്റഡ് ആരാധകര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതായി. സീസണില്‍ മങ്ങിയിട്ടും, പോഗ്ബയെ ക്ലബ്ബ് ആരാധകര്‍ വിലയിരുത്തിയത് ഞങ്ങളുടെ മാനം കാത്തവന്‍ എന്ന് പറഞ്ഞാണ്.
പക്ഷേ, കോച്ച് മൗറിഞ്ഞോയും പോഗ്ബയും അപ്പോഴേക്കും രണ്ട് ധ്രുവങ്ങളിലാണെന്ന് റിപ്പോര്‍ട്ട് വന്നു.
ഫ്രാന്‍സിന് വേണ്ടി ലോകകപ്പ് കളിക്കുന്നതിലായി പോഗ്ബയുടെ ശ്രദ്ധയത്രയും. ദിദിയര്‍ ദെഷാംസിന്റെ പരിശീലനവും തന്ത്രവുമാണ് പോഗ്ബ ആസ്വദിച്ചത്. പ്രീമിയര്‍ ലീഗില്‍ മങ്ങിപ്പോയ പോഗ്ബ റഷ്യ ലോകകപ്പില്‍ വെട്ടിത്തിളങ്ങി. ദെഷാംസിന്റെ 4-2-3-1 ശൈലിയില്‍ പോഗ്ബക്ക് കൃത്യമായ റോളുണ്ടായിരുന്നു. ഹോള്‍ഡ് ചെയ്ത് കളിക്കുക. എന്‍ഗോലോ കാന്റെ എന്ന പ്രതിഭക്കൊപ്പം ആ പണി ചെയ്താല്‍ മതി. വിംഗുകളിലേക്ക് അറ്റാക്കിംഗ് പ്ലാന്‍ ചെയ്യാന്‍ പോഗ്ബക്കുള്ള മിടുക്ക് ദെഷാംസ് ബുദ്ധിപരമായി വിനിയോഗിച്ചു. സാധാരണ, ക്ലബ്ബ് ഫുട്‌ബോളില്‍ മധ്യനിരയിലെ ഇടത് വശം കേന്ദ്രീകരിച്ചാണ് പോഗ്ബ കളിച്ചതെങ്കില്‍ ഫ്രാന്‍സില്‍ അത് വലത് ഭാഗത്തായി. കിലിയന്‍ എംബാപെ എന്ന വേഗക്കാരന് വലത് വിംഗിലേക്ക് പന്ത് ഫീഡ് ചെയ്യലായിരുന്നു പോഗ്ബയുടെ ജോലി. ചിലപ്പോള്‍, സപ്പോര്‍ട്ട് ചെയ്ത് കയറും. ലോകകപ്പ് ഫൈനലില്‍ എംബാപെക്ക് പോഗ്ബ കൊടുത്ത പന്താണ്, അന്റോയിന്‍ ഗ്രിസ്മാനിലൂടെ പോഗ്ബയിലേക്ക് മടങ്ങിയെത്തിയതും മൂന്നാമത്തെ ഗോളായതും. ബെല്‍ജിയത്തിനെതിരെ പോഗ്ബയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. അച്ചടക്കമുള്ള ഫുട്‌ബോളായിരുന്നു മിഡ്ഫീല്‍ഡില്‍ അയാള്‍ പുറത്തെടുത്തത്. ബെല്‍ജിയത്തിന്റെ കൗണ്ടര്‍ അറ്റാക്കിംഗുകളില്‍ പോഗ്ബ തന്റെ നീളന്‍ കാലുകളാല്‍ വിദഗ്ധമായി ഇടപെട്ടു.
അന്റോയിന്‍ ഗ്രിസ്മാനും കിലിയന്‍ എംബാപെക്കും അറ്റാക്കിംഗ് വഴികള്‍ മധ്യനിരയില്‍ നിന്ന് വരച്ച് നല്‍കിയ പോഗ്ബക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ആ പ്രകടനം സാധിക്കുമോ എന്നതാണ് ചോദ്യം. കാരണം, മാഞ്ചസ്റ്ററിന് ഗ്രിസ്മാനും എംബാപെയും ഇല്ല. മാത്രമല്ല, ദെഷാംസ് വിഭജിച്ച് നല്‍കിയത് പോലെ പോഗ്ബക്ക് ഹോള്‍ഡിംഗ്-ഫീഡിംഗ്-സപ്പോര്‍ട്ടിംഗ് റോള്‍ മാത്രമല്ല മാഞ്ചസ്റ്ററിലുള്ളത്.
100 ദശലക്ഷം പൗണ്ടിന്റെ റിട്ടേണ്‍സ് ലഭിക്കാന്‍ മൗറിഞ്ഞോ പോഗ്ബയോട് ആവശ്യപ്പെടുന്നത് എതിരാളിക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനാണ്. ഫ്രാന്‍സിലെ കുടിയേറിപ്പാര്‍ത്ത കുടുംബത്തില്‍ ജനിച്ച പോഗ്ബയില്‍ ആധിപത്യംസ്ഥാപിക്കാനുള്ള മെന്റാലിറ്റിയല്ല ഉള്ളത്.
സഹകരണ മനോഭാവമാണ്. കൂട്ടുത്തരവാദിത്വമാണ്. അതില്‍ ആഹ്ലാദം കണ്ടെത്തുകയും പങ്കിടുകയും ചെയ്യുന്നതിന്റെ കാഴ്ചകളാണ് റഷ്യയില്‍ ഫ്രാന്‍സ് ജയിച്ചു കയറിപ്പോള്‍ നാം കണ്ടത്. ദിദിയര്‍ ദെഷാംസിനത് കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചു. മൗറിഞ്ഞോ ഫ്രാന്‍സിന്റെ കളികള്‍ കാണാന്‍ റഷ്യയിലുണ്ടായിരുന്നു. പോഗ്ബയെ അദ്ദേഹം ഇത്തവണ ഒരു ദുരന്തമാക്കില്ലെന്ന് പ്രതീക്ഷിക്കാം.
ചെല്‍സിയില്‍ ആദ്യമായി പരിശീലകനായെത്തിയപ്പോള്‍ പയറ്റിയ മിഡ്ഫീല്‍ഡ് തന്ത്രങ്ങളാകും ഇത്തവണ മൗറിഞ്ഞോ മാഞ്ചസ്റ്ററില്‍ പയറ്റുക. ഷാക്തര്‍ ഡോനെസ്‌കില്‍ നിന്ന് ഫ്രെഡിനെ ഇറക്കിയിട്ടുണ്ട്. 52 ദശലക്ഷം പൗണ്ടിന്റെതാണ് ട്രാന്‍സ്ഫര്‍. നെമാന്‍ജ മാറ്റിച്-ഫ്രെഡ്-പോഗ്ബ ഇതാകും മിഡ്ഫീല്‍ഡ്. ചെല്‍സിയില്‍ ക്ലോഡ് മകലെലെയുടെ റോള്‍ മാറ്റിചിന്, മൈക്കല്‍ എസിയന്റെ റോളില്‍ ഫ്രെഡ്, ഫ്രാങ്ക്‌ലംപാര്‍ഡിന്റെ റോളില്‍ പോള്‍ പോഗ്ബ.
കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ പോഗ്ബയുടെ ട്രാന്‍സ്ഫറിനെ ചോദ്യം ചെയ്തവര്‍ പ്രധാനമായും ചോദിച്ചത്. അയാള്‍ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ടോ എന്നാണ്. ആത്മവിശ്വാസം കെടുത്തിയവര്‍ ഇത്തവണ ആ ചോദ്യം ഉയര്‍ത്തിയില്ല. കാരണം, പോഗ്ബ ലോകചാമ്പ്യനാണ്.