Ongoing News
തെക്കിന്റെ വിളക്ക്; ഹൈദ്രൂസ് മുസ്‌ലിയാര്‍ ജീവിതം പറയുന്നു
അപരിചതമായൊരു നാട്ടിലെത്തി പ്രവര്‍ത്തിച്ച് അവരുടെ ആത്മീയ, ഭൗതിക കാര്യങ്ങളില്‍ അവസാന വാക്കായി മാറിയ പണ്ഡിതന്‍. പ്രായത്തിന്റെ പ്രയാസങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് വകഞ്ഞുമാറ്റി അറബിയിലെന്ന പോലെ മലയാളത്തിലും അറിവിന്റെ ആഴം തേടിയുള്ള യാത്ര തുടരുകയാണ് ഈ പണ്ഡിതന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥ്യവും സംഘടനാ ഭാരവാഹിത്വവും ഒപ്പം ദിനേന നിരവധി വിദ്യാര്‍ഥികള്‍ക്ക് മതപഠനം നല്‍കുന്ന ശിഷ്യഗണങ്ങളുടെ “വലിയ ഉസ്താദ്” തിരക്കിലോടുമ്പോഴും കൃത്യമായ ദിനചര്യയും വ്യായാമവും കൊണ്ട് ആരോഗ്യം കാത്തുസൂക്ഷിക്കാനും സമയം കണ്ടെത്തുന്നു. എതിരാളികളുടെ മനസ്സ് പോലും കീഴ്‌പ്പെടുത്താന്‍ കഴിയുന്ന സൗമ്യമായ ഉപദേശവും വശ്യമായ പെരുമാറ്റവും. അറിവും അനുഭവങ്ങളും പങ്കുവെക്കാന്‍ എന്നും ആവേശം. അറിവ് ആര്‍ജിക്കാനും. രാഷ്ട്രീയവും സാമൂഹിക മാറ്റവുമെല്ലാം പഠനവിധേയമാക്കും. ഹൈദ്രൂസ് മുസ്‌ലിയാര്‍ ജീവിതവും മതവും പറയുന്നു.
? എറണാകുളത്തല്ലേ ഉസ്താദിന്റെ ജന്മനാട്
അതെ, 1938 ഏപ്രില്‍ 10ന് എറണാകുളം കാക്കനാട്ടാണ് ജനനം. അറിയപ്പെടുന്ന വ്യാപാരിയായിരുന്നു പിതാവ്. പ്രമുഖ വൈദ്യര്‍ കുടുംബാംഗമായിരുന്നു ഉമ്മ. മൂന്ന് ആണ്‍മക്കളില്‍ ഇളയ ആളാണ് ഞാന്‍. ഒരു സഹോദരി ഉണ്ടായിരുന്നത് ഓര്‍മയായപ്പോഴേക്കും മരണപ്പെട്ടു.
? മത, ഭൗതിക പഠനം
അഞ്ചാം ക്ലാസ് വരെ ഭൗതിക വിദ്യാഭ്യാസം നേടിയ ശേഷം ആത്മീയ വിദ്യാഭ്യാസം നേടുന്നതില്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു. പടമുകള്‍ മുസ്‌ലിം ജമാഅത്തില്‍ “വലിയ ഉസ്താദ്” എന്നറിയപ്പെടുന്ന കോക്കൂര്‍ ബാപ്പു മുസ്‌ലിയാരില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് പൊന്മളയില്‍ മണ്ണാര്‍ക്കാട് സെയ്ദാലി മുസ്‌ലിയാരുടെ അടുത്ത് ഒരു വര്‍ഷം പഠിച്ചു. അവിടെ നിന്ന് കരുവാരക്കുണ്ടില്‍ കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാരുടെ അടുത്തും തുടര്‍ന്ന് വള്ളുവങ്ങാട് വണ്ടൂര്‍ കുട്ടി അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അടുക്കലും നാല് വര്‍ഷം പഠനം നടത്തി. ശേഷം കാരക്കുന്ന് മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ അഞ്ച് വര്‍ഷവും പഠിച്ചു. പിന്നീട് ഫൈസാബാദ് ജാമിഅ നൂരിയ്യയില്‍ നാല് വര്‍ഷം പഠിച്ച് ഫൈസി ബിരുദം നേടി.
? മതവിദ്യാഭ്യാസ രംഗത്തേക്ക് വരാന്‍ പ്രത്യേക കാരണം എന്തെങ്കിലും
എന്റെ ചെറുപ്പകാലത്ത് നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന വലിയ പണ്ഡിതന്മാരുടെ പെരുമാറ്റവും ചുറ്റുപാടുമൊക്കെ കണ്ട് അവരില്‍ ആകൃഷ്ടനായി മതപഠനം നടത്തണമെന്ന പ്രചോദനം ഉണ്ടാവുകയായിരുന്നു. അതിന് വീട്ടുകാര്‍ എല്ലാവിധ സഹായങ്ങളും ചെയ്തുതന്നു.
? ഉസ്താദുമാരെ കുറിച്ചും സഹപാഠികളെ കുറിച്ചും
ഉസ്താദുമാരെ കുറിച്ച് നേരത്തെ പറഞ്ഞല്ലോ. കോക്കൂര്‍ ബാപ്പു മുസ്‌ലിയാരായിരുന്നു പ്രധാന ഉസ്താദ്. ജാമിഅ നൂരിയ്യയില്‍ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ്, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്നിവരായിരുന്നു ഉസ്താദുമാര്‍. മര്‍ഹൂം പാണക്കാട് സയ്യിദ് ഉമറലി തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, വി പി ഇബ്‌റാഹിം മുസ്‌ലിയാര്‍ വില്യാപ്പള്ളി, കുണ്ടൂര്‍ക്കര മുഹമ്മദ് കുട്ടി ഫൈസി തുടങ്ങിയവര്‍ സഹപാഠികളാണ്.
? ജനിച്ചത് മധ്യകേരളത്തിലും പഠിച്ചത് മലബാറിലും. പിന്നെ എന്തുകൊണ്ടാണ് തെക്കന്‍ കേരളം പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തത്
ഇപ്പോള്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാവായ കെ പി അബൂബക്കര്‍ ഹസ്‌റത്ത് ചെറുപ്പം മുതലേ സഹപാഠിയാണ്. അദ്ദേഹം ജാമിഅയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി കൊല്ലം തേവലക്കരയില്‍ വന്ന് ദര്‍സ് തുടങ്ങി. പിന്നെ എന്നെ അദ്ദേഹം കൊല്ലം മുട്ടയ്ക്കാവിലേക്ക് ക്ഷണിക്കുകയായിരുന്നു. 1969ലായിരുന്നു അത്. തുടര്‍ന്ന് അവിടെ ഒമ്പത് വര്‍ഷം ഖത്തീബായും മുദര്‍രിസായും സേവനം ചെയ്തു. പിന്നീട് കൊല്ലം കൊല്ലൂര്‍വിളയിലും സിയാറത്തുംമൂട് മഹല്ലിലും അഞ്ച് വര്‍ഷം വീതം മുദര്‍രിസായി പ്രവര്‍ത്തിച്ചു. മണ്ണഞ്ചേരി, ഈരാറ്റുപേട്ട സ്ഥലങ്ങളിലും കുറഞ്ഞകാലം സേവനം ചെയ്തു. വീണ്ടും മുട്ടയ്ക്കാവ്കാരുടെ ആവശ്യപ്രകാരം 11 വര്‍ഷം ഖത്തീബായി സേവനം ചെയ്തു. തുടര്‍ന്ന് കൊല്ലം തഴുത്തലയില്‍ ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ പ്രസിഡന്റായി. പിന്നീടിങ്ങോട്ട് ഖാദിസിയ്യയില്‍ മുദര്‍രിസായി സേവനം ചെയ്തുവരികയാണ്.
? സംഘടനാ രംഗത്തേക്ക് വരുന്നത്
സമസ്തയിലൂടെയാണ് സംഘടനാ രംഗത്തേക്ക് വരുന്നത്. അവിഭക്ത സമസ്തയുടെ കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. ഭിന്നിപ്പിന് ശേഷം രണ്ട് വര്‍ഷത്തോളം ഒരു സംഘടനയിലും പ്രവര്‍ത്തിക്കാതെ നിന്നു. പിന്നീട് ഒന്നിലും പെടാതെ നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന തോന്നലുണ്ടായി. അങ്ങനെ ഉള്ളാള്‍ തങ്ങളുടെയും എ പി അബൂബക്കര്‍ മുസ്‌ലിയാരുടെയും നേതൃത്വത്തിലുള്ള സമസ്തയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ സമസ്ത മുശാവറ അംഗമായി പ്രവര്‍ത്തിക്കുകയാണ്.
? ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഗുരുവല്ലേ, അദ്ദേഹത്തിന് അറിവുണ്ടായിരുന്നോ ഉള്ളാള്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്
അറിവുണ്ടായിരിക്കണം. ഇ കെ ഉസ്താദിന്റെ ജീവിതകാലത്ത് തന്നെയല്ലേ ഈ സമസ്തയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. എന്നോട് എന്തിനാണ് പോയതെന്നോ പ്രവര്‍ത്തിക്കുന്നതെന്നോ ഉസ്താദ് ഒരിക്കലും ചോദിച്ചിട്ടില്ല.
? മതരംഗത്ത് പ്രവര്‍ത്തിക്കുന്നതിന് സംഘടന വേണോ
സംഘടന അനിവാര്യമായ ഒന്നാണ്, പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍. മതകാര്യങ്ങള്‍ പ്രബോധനം ചെയ്യുന്നതില്‍ പൊതുവേ വീഴ്ചവരുത്തുന്നവരാണ് അധികവും. പണ്ഡിതന്മാരുടെ ഭാഗത്ത് നിന്ന് പോലും വീഴ്ച സംഭവിക്കുന്നു. അതുകൊണ്ട് സംഘടനയില്ലെങ്കില്‍ ബലമുണ്ടാകില്ല.
? രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ടോ
രാഷ്ട്രീയകാര്യങ്ങളൊക്കെ പത്രമാധ്യമങ്ങളിലൂടെ നോക്കിക്കാണുകയാണ് പതിവ്. രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ പലതും നിരീക്ഷിക്കാറും ശ്രദ്ധിക്കാറുമുണ്ട്. എല്ലാത്തിലും ന്യൂനതയുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയത്തില്‍ താത്പര്യമില്ല. ജനങ്ങള്‍ക്ക് സൈ്വരജീവിതത്തിന് സാഹചര്യമൊരുക്കുന്നവര്‍ക്കും ഗുണം ചെയ്യുന്നവര്‍ക്കും വോട്ട് ചെയ്തു വരുന്നതാണ് രീതി.
? പത്രവാര്‍ത്തകളും ചിത്രങ്ങളും ശേഖരിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്
ദിവസവും മൂന്ന് പത്രങ്ങളെങ്കിലും വായിക്കും. അതില്‍ ഒന്ന് സിറാജാകണമെന്ന് നിര്‍ബന്ധമുണ്ട്. പത്രത്തില്‍ വരുന്ന അത്ഭുത വാര്‍ത്തകള്‍ ചിത്രങ്ങള്‍ സഹിതം ശേഖരിച്ച് വെക്കും. സമ്മേളനങ്ങളും മറ്റുമൊക്കെ വരുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടി അത് പ്രദര്‍ശിപ്പിക്കും.
? എഴുത്തിലും പദപ്രയോഗങ്ങളിലുമൊക്കെ പലരുടെയും തെറ്റുകള്‍ കണ്ടാല്‍ തിരുത്താന്‍ സൗമ്യമായിട്ട് ഉപദേശിക്കുന്നത് കണ്ടിട്ടുണ്ട്. അറബിയിലെന്ന പോലെ മലയാളത്തിലും കൃത്യമായി ശ്രദ്ധപതിപ്പിക്കാറുണ്ടോ
തെറ്റുകണ്ടാല്‍ ചൂണ്ടിക്കാണിക്കാത്തവരാണ് പലരും. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന ധാരണയാണതിന് പിന്നില്‍. സൗമ്യമായി തിരുത്തിക്കൊടുത്താല്‍ ആര്‍ക്കും പരിഭവമുണ്ടാകില്ല. ഭൗതിക വിദ്യാഭ്യസം അധികമില്ലെങ്കിലും വായിച്ചും അല്ലാതെയും മലയാള ഭാഷാശുദ്ധി നേടിയെടുക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈ അറിവ് വെച്ചാണ് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഉദാഹരണത്തിന് അധ്യക്ഷം വഹിക്കുമെന്ന് ചിലര്‍ പ്രയോഗിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അധ്യക്ഷത വഹിക്കും എന്നോ ആധ്യക്ഷം വഹിക്കുമെന്നോ പറയുന്നതാണ് ശരി. അതുപോലെ മുഅല്ലിമീങ്ങള്‍, ആലിമീങ്ങള്‍ എന്നിങ്ങനെ പ്രാസംഗികര്‍ പ്രയോഗിക്കുന്നത് കാണാം. എന്നാല്‍ മുഅല്ലിമുകള്‍, ആലിമുകള്‍ എന്നിങ്ങനെ പ്രയോഗിക്കുന്നതാണ് ശരിയെന്ന് പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ ചില കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടാറുണ്ട്.
? തെക്കന്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണോ
ആദ്യം എല്ലാവരും അപരിചിതരായിരുന്നു. ഇപ്പോള്‍ സുപരിചിതരാണ്. ദീനിരംഗത്ത് കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്.
? ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കാറുണ്ടോ
പറ്റാത്ത ആഹാരങ്ങള്‍ ഒഴിവാക്കും. അത്യാവശ്യം വ്യായാമം ചെയ്യും. യൂറിക് ആസിഡിന്റെ ബുദ്ധിമുട്ട്മൂലം കാല്‍മുട്ടിന് വേദനയുണ്ടെങ്കിലും ഷുഗറ്, കൊളസ്‌ട്രോള്‍, ബി പി തുടങ്ങിയ അസുഖങ്ങളൊന്നും ഇല്ലാത്തത് അനുഗ്രഹമാണ്.
?പുതുതലമുറയുടെ വാട്ട്‌സാപ്പ്, ഫേസ്ബുക്ക് പോലൂള്ള സാമൂഹികമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്
സംസ്‌കാരം വളര്‍ത്താന്‍ ഉപകരിക്കുന്ന സംവിധാനങ്ങള്‍ പലരും സംസ്‌കാരം നശിപ്പിക്കുന്ന തരത്തിലാണ് ഉപയോഗിക്കുന്നത്. എന്തും ഗുണകരമായിട്ട് ഉപയോഗിക്കുകയെന്നതാണ് ആവശ്യം. സാമൂഹിക മാധ്യമങ്ങളെ പുതുതലമുറ പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടങ്ങളിലേക്ക് എത്താന്‍ അത് വഴിയൊരുക്കും.
? മതപഠനരംഗത്തുണ്ടായ മാറ്റങ്ങളെ എങ്ങനെ കാണുന്നു
കാലത്തിനനുസരിച്ചുണ്ടായ മാറ്റം മതപഠനരംഗത്തും ഉണ്ടായിട്ടുണ്ട്. എന്താണ് അറിയേണ്ടതെന്നും ഏത് രീതിയില്‍ പഠിച്ച് മുന്നോട്ട് പോകണമെന്നും പലര്‍ക്കും അറിയില്ല. ബിരുദങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടിയുള്ള പഠനങ്ങള്‍ മാത്രമായിട്ടാണ് പലരുടെയും പഠനങ്ങള്‍. അറിവ് നേടുക എന്ന അടിസ്ഥാന തത്വത്തില്‍ നിന്ന് പുതുതലമുറ അകലുന്നതില്‍ നിരാശ തോന്നിയിട്ടുണ്ട്.
? 48 വര്‍ഷമായി മതാധ്യാപന രംഗത്ത് സജീവമാണല്ലോ, നിരവധി ശിഷ്യസമ്പത്ത് ഉണ്ടാകുമല്ലേ
1969 മുതലാണ് ദറസ് തുടങ്ങിയത്. പലയിടത്തുമായി ആയിരത്തില്‍പരം ശിഷ്യന്‍മാരുണ്ട്. ഏരൂര്‍ ശംസുദ്ദീന്‍ മദനി, എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി, വെള്ളൂര്‍ ഉമര്‍ മുസ്‌ലിയാര്‍, വഞ്ചിയൂര്‍ അബ്ദുസ്സമദ് മുസ്‌ലിയാര്‍, ബദറുദ്ദീന്‍ ബാഖവി, മുഹമ്മദ് ഫൈസി വെള്ളൂര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്.
? കൂടുംബ ജീവിതം
1969ല്‍ കൊല്ലം ചന്ദനത്തോപ്പില്‍ നിന്നാണ് വിവാഹം കഴിച്ചത്. ആറ് മക്കളാണ്. നാല് ആണും രണ്ട് പെണ്‍കുട്ടികളും. മൂത്ത മകന്‍ ചെറുപ്പത്തിലെ മരണപ്പെട്ടു. പെണ്‍കുട്ടികളെ ശിഷ്യന്മാരായ ഫാറൂഖ് മുസ്‌ലിയാരും എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫിയുമാണ് വിവാഹം ചെയ്തിരിക്കുന്നത്. മൂന്നാമത്തെ മകനായ അബ്ദുര്‍റഹീം നിസാമി മുദര്‍രിസായി ജോലി ചെയ്യുകയാണ്.
? സിറാജുല്‍ ഉലമ (പണ്ഡിത വിളക്ക് ) എന്ന വിളിപ്പേര് എങ്ങനെ വന്നു
അത് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ചേര്‍ന്ന് ഖാദിസിയ്യ സമ്മേളനത്തില്‍ വെച്ച് വിളിച്ചതാണ്. അതിപ്പോള്‍ എല്ലാവരും വിളിക്കുന്നു.
?പുതുതലമുറയോട് പറയാന്‍ എന്തെങ്കിലും
സമയത്തിന് വിലകല്‍പ്പിച്ച്, ഉള്ള സമയം നന്മയില്‍ ചെലഴിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. മറ്റുള്ളവരോട് തെറ്റുകള്‍ കണ്ടാല്‍ പൊടുന്നനെ ദേഷ്യപ്പെടാതെ സൗമ്യമായി ഉപദേശിച്ച് നന്നാക്കാന്‍ ശ്രമിക്കണമെന്നാണ് പറയാനുള്ളത്.
.