Articles
വംശീയ ഉന്മൂലനത്തിന് പൗരത്വം നിഷേധിക്കുകയോ?
അസമില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യക്കാരായ നാല്‍പ്പത് ലക്ഷം പൗരന്മാരെ ഒരൊറ്റ രാത്രികൊണ്ട് വിദേശികളാക്കി മാറ്റിയ മനുഷ്യവിരുദ്ധമായ ദേശീയ പൗരത്വ രജിസ്റ്ററി പ്രസിദ്ധപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു ജനതയെ വംശീയമായി ഉന്മൂലനം ചെയ്യുക എന്ന ഹീനമായ ലക്ഷ്യത്തോടെ ഭരണകൂടം തയ്യാറാക്കിയ രേഖയാണ് അതെന്ന് വ്യക്തമാണ്. 1985 ല്‍ എ ജി പി സര്‍ക്കാര്‍ തയ്യാറാക്കിയ പൗരത്വ രജിസ്റ്ററിയില്‍ 3.7 ലക്ഷം വോട്ടര്‍മാര്‍ മാത്രമാണ് വ്യാജമെന്ന് മുദ്രകുത്തപ്പെട്ടത്. എന്നാല്‍ സംഘ്പരിവാറിന്റെ കീഴില്‍ ആ കണക്ക് 40 ലക്ഷം ആയി മാറി. എങ്ങനെ? എന്തിന്?
അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശി പൗരന്മാര്‍ അസമില്‍ സ്ഥിരതാമസമുണ്ടെന്ന പേരിലാണ് ഈ ഉന്മൂലന നീക്കം. പൗരത്വ രജിസ്റ്റര്‍ സര്‍വേ നടപടികള്‍ പുതുതായി ആരംഭിച്ചതും ആ ലക്ഷ്യത്തോടെ തന്നെയാണ്. യഥാര്‍ഥത്തില്‍ 1951ലെ ആദ്യ സെന്‍സസ് രേഖകള്‍ ആധാരമാക്കി തയ്യാറാക്കപ്പെട്ട പൗരത്വ പട്ടികയാണ് നിലവിലുള്ളത്. ഏറെകുറെ 1985- ല്‍ അതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. എന്നാല്‍ അന്നു തന്നെ അര്‍ഹരായ അസമിലെ ന്യൂനപക്ഷ മുസ്‌ലിം ജനവിഭാഗങ്ങളില്‍ ഒരു വിഭാഗത്തെ ഒഴിവാക്കിയതിന്റെ പേരില്‍ കലാപങ്ങള്‍ നടന്ന സ്ഥലമാണിത്. പിന്നീട്, അതിന്മേല്‍ നിരവധി ട്രൈബ്യൂണലുകള്‍ പൗരനെ കണ്ടെത്താന്‍ അസമില്‍ സ്ഥാപിക്കപ്പെട്ടു. പക്ഷേ, എല്ലാ പൗരന്മാര്‍ക്കും അംഗത്വം നല്‍കിയില്ല. എന്നു മാത്രമല്ല പൗരത്വ പ്രശ്‌നം വംശീയ വര്‍ഗീയ വിഭജനവാദികള്‍ക്ക് കയറിക്കളിക്കാന്‍ പറ്റിയ വിഷയമാക്കി ഭരണകൂടം മനപ്പൂര്‍വം നിലനിറുത്തുകയായിരുന്നു.
തല്‍ഫലമായി, യഥാര്‍ഥ അസം ജനവിഭാഗങ്ങള്‍ തങ്ങളുടെ പൗരത്വം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ബി ജെ പി അധികാരത്തില്‍ വന്നതിനു ശേഷം മുസ്‌ലിം, ന്യൂനപക്ഷ ജനവിഭാഗങ്ങളെ വിദേശികളാക്കി പുറത്താക്കാനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എന്‍ ആര്‍ സിയുടെ ഈ പുതിയ ലിസ്റ്റ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്.
3.29 കോടി ജനങ്ങള്‍ അധിവസിക്കുന്ന ആ നാട്ടില്‍ അധികാരികളുടെ കണക്കില്‍ 2.89 ആളുകള്‍ മാത്രമേ സ്വദേശികളായിട്ടുള്ളൂവത്രേ. ബാക്കിയുള്ളവരൊക്കെ അനധികൃത കുടിയേറ്റക്കാരാണെന്ന് ഏതു തെളിവുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്?
പൗരന്‍മാരെ പല തട്ടുകളായി തിരിച്ച് വംശീയമായ വേര്‍തിരിവിലൂടെ വിഭജിക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇതിനു പിന്നിലുള്ളതെന്ന് പറയാതെ വയ്യ. സ്വന്തം ജനതയുടെ പൗരത്വം തട്ടിപ്പറിക്കുന്ന ഏതെങ്കിലും ഭരണാധികാരികള്‍ ലോകത്തുണ്ടോ?
റോഹിംഗ്യന്‍ അഭയാര്‍ഥികളെ സൃഷ്ടിച്ച മ്യാന്‍മറില്‍ ചോരപുഴയൊഴുകുന്നത് വേദനയോടെ ലോകം നോക്കിനില്‍ക്കുകയാണല്ലോ. അസമിലെ ജനങ്ങളെ റോഹിംഗ്യകളെ പോലെ അഭയാര്‍ഥികളാക്കി മാറ്റാനാണോ ഭരണകൂടം കോപ്പുകൂട്ടുന്നത്? ഈ നീക്കങ്ങള്‍ മനുഷ്യഹത്യയിലേക്ക് നിസ്സംശയം രാജ്യത്തെ നയിക്കുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. തികച്ചും നിരപരാധികളും നിസ്വരുമായ പാവപ്പെട്ട ജനങ്ങളാണ് പൗരത്വം നഷ്ടപ്പെട്ട് പുറത്താകാന്‍ പോകുന്നതെന്ന് ഓര്‍ക്കണം. അവര്‍ക്ക് രാജ്യവും കുടുംബവും സര്‍വസ്വവും നഷ്ടപ്പെടാന്‍ പോകുന്നു. പോകാന്‍ അവര്‍ക്ക് മറ്റൊരു സ്ഥലമില്ല. വംശീയ ഉന്മൂലനത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് അസാമിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍.
ഏകദേശം അന്തിമപ്പട്ടികയാണ് ഇപ്പോള്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും എന്‍ ആര്‍ സിയും ചേര്‍ന്ന് പുറത്തുവിട്ടിരിക്കുന്നത്. ഇനി എതിര്‍പ്പുള്ളവര്‍ക്കു സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് എന്‍ ഡി എ സര്‍ക്കാര്‍ പ്രതിനിധികള്‍ യാതൊരു ദയയുമില്ലാതെ പാര്‍ലിമെന്റില്‍ പറഞ്ഞത്. ഇവരൊക്കെ മനുഷ്യര്‍ തന്നെയാണോ എന്ന സംശയം ഉയരുകയാണ്. ഇതിനകം ദുരന്തങ്ങള്‍ക്കു പുറകേ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞ ഒരു ജനതയോടാണ് സര്‍ക്കാര്‍ ഈ കൊലചതി ചെയ്യുന്നത്. ബി ജെ പിക്കും പ്രാദേശികവാദ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രശ്‌നമാണ്. പ്രാദേശിക സങ്കുചിത വികാരം ആളിക്കത്തിച്ച്, ബംഗ്ലാദേശികളായി മുദ്രയടിച്ച് മുസ്‌ലിംകളെ അഭയാര്‍ഥികളാക്കി പുറത്താക്കിയാല്‍ അസമിലെ വംശീയ ചേരിതിരിവ് രാഷ്ട്രീയത്തില്‍ നേട്ടം കൊയ്യാമെന്ന ലക്ഷ്യമായിരിക്കും ബി ജെ പിക്കുള്ളത്. എന്നാല്‍ അതിന് രാജ്യം വലിയ വില നല്‍കേണ്ടിവരും. പുറത്താക്കപ്പെടുന്ന നാല്‍പത് ലക്ഷം ജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഈ ഭൂമിയില്‍ ജീവിച്ചിരിക്കാനുള്ള അവകാശമാണ് നഷ്ടപ്പെടുന്നത്. മോദിയും കൂട്ടരും ചേര്‍ന്ന് കുരുതി കഴിക്കുന്നത് മറ്റൊന്നല്ല.
മനുഷ്യവിരുദ്ധമായ കേന്ദ്ര സംസ്ഥാന ഭരണാധികാരികളുടെ ഈ തീരുമാനം പിന്‍വലിക്കപ്പെട്ടേ മതിയാകൂ. ഇന്ത്യക്കാര്‍ ഇന്ത്യയില്‍ത്തന്നെ ജീവിക്കണം. അവരുടെ അവകാശത്തെ തട്ടിത്തെറിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്. പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഇതില്‍ ഇടപെടുമെന്നാശിക്കാം. അസമിലുംയും ബംഗാളിലും ഉള്‍പ്പെടെയുള്ള ഭാരതീയര്‍ അസമിലെ ജനങ്ങളോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിലകൊള്ളുകയും വേണം.