Prathivaram
അസാധാരണ അനുഭവാഖ്യാനങ്ങളുടെ ഘോഷയാത്ര
മലയാളത്തിലെ പത്രപ്രവര്‍ത്തനം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത പുസ്തകമാണ് ടി ജെ എസ് ജോര്‍ജിന്റെ ഘോഷയാത്ര. കേരളത്തില്‍ പിറന്ന് വിശ്വത്തോളം വളര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനാണ് ടി ജെ എസ്. പുതിയ തലമുറക്ക് ഒരു പക്ഷേ, അപരിചിതമായിരിക്കാം അദ്ദേഹത്തിന്റെ എഴുത്തും കര്‍മമണ്ഡലങ്ങളും. പ്രായം തൊണ്ണൂറിലെത്തി നില്‍ക്കുന്ന ജോര്‍ജ്, 1950കള്‍ മുതല്‍ മാധ്യമപ്രവര്‍ത്തനത്തോടൊപ്പം സഞ്ചാരം നടത്തിയിട്ടുണ്ട്.
ജീവചരിത്ര രചനകളില്‍ ഇന്ത്യയില്‍ തന്നെ അദ്വിതീയമാണ് ടി ജെ എസിന്റെ ഇടം. വളരെ സൂക്ഷ്മവും ഗഹനവുമാണ് അദ്ദേഹം തയ്യാറാക്കിയ ജീവചരിത്രങ്ങള്‍. ഇംഗ്ലീഷിലാണ് അവയെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടത്. വി കെ കൃഷ്ണമേനോന്‍, എം എസ് സുബ്ബലക്ഷ്മി എന്നിവരെ കുറിച്ച് എഴുതിയ ജീവചരിത്രങ്ങള്‍ ശ്രദ്ധേയമാണ്. പുറത്തുനിന്നുള്ള വിവരങ്ങള്‍ ആസ്പദമാക്കിയായിരുന്നില്ല ആ രചനകള്‍. കൂടെ നടന്നും വിശദമായി ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങള്‍ പോലും മനസ്സിലാക്കിയും ഏറ്റവും വിശ്വസനീയമായ സുഹൃത്തുക്കളില്‍ നിന്നും മറ്റും ലഭിച്ച വിശദാംശങ്ങള്‍ വെച്ചുമൊക്കയായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. അതിനാല്‍, പരാമര്‍ശിത വ്യക്തികളെ മനസ്സിലാക്കുക എന്നതിനപ്പുറം, മനോഹരവും വായനക്കാരെ വിടാതെ വായിപ്പിക്കുന്നതുമായ ജീവചരിത്രങ്ങള്‍ എങ്ങനെ തയ്യാറാക്കാം എന്നതിന് നല്ല പാഠങ്ങളുമാണ് ഇത്തരം കൃതികള്‍.
ഘോഷയാത്ര” ടി ജെ എസിന്റെ ആത്മകഥ എന്ന് പറയാവുന്ന ഗ്രന്ഥമാണ്. എന്നാല്‍ സാധാരണ ആത്മകഥ പോലെ കുടുംബവും കുട്ടിക്കാലവും ഒക്കെ തുടങ്ങി അവസാനിക്കുന്ന രീതിയല്ല. കേരള രൂപവത്കരണാനന്തരമുള്ള രാഷ്ട്രീയത്തെയും സാഹിത്യത്തെയും സാംസ്‌കാരിക സംഭവങ്ങളെയും പല നിലയില്‍ വിവരിക്കുന്ന, അതോടൊപ്പം, ഡല്‍ഹിയില്‍ തുടങ്ങി ലോകം മൊത്തം കറങ്ങുന്ന മാധ്യമപ്രവര്‍ത്തന അനുഭവങ്ങളും അതിനിടയില്‍ കണ്ടുമുട്ടിയ വ്യക്തികളുടെ സവിശേഷതകളും എല്ലാം ഉള്‍ക്കൊള്ളുന്ന പുസ്തകം.
”
തിരുവിതാംകൂര്‍ എന്ന മഹാത്ഭുത”മാണ് ആദ്യ അധ്യായം. തിരുവിതാംകൂറിലെ രാജവാഴ്ചയുടെ സ്വഭാവവും ജനജീവിതവും ഒക്കെ പരാമര്‍ശിക്കുന്നു. കേരളീയ ചരിത്രത്തിലെ സുപ്രധാന സംഭവമായ ഭൂപരിഷ്‌കരണ നിയമം ഭീമന്‍ ജന്മികളെ നിലംപരിശാക്കിയത് എങ്ങനെയായിരുന്നുവെന്ന് ജോസഫ് മുരിക്കന്റെ ജീവിതം തുറന്നുവെച്ചു ഓര്‍മിപ്പിക്കുന്നു. കുട്ടനാട്ടെ നീണ്ടുനിവര്‍ന്നു കിടക്കുന്ന പാടങ്ങളുടെ ഉടമയായ ജന്മിയായിരുന്നു മുരിക്കന്‍. താഴ്ന്നപ്രദേശമായ കുട്ടനാട്ടെ കായലുകളിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് നെല്ല് വെക്കുന്ന രീതിക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. എന്നാല്‍, ഭൂപരിഷ്‌കരണം വന്നതോടെ എല്ലാ ഭൂമിയും നഷ്ടമായി ഹതാശനായി അദ്ദേഹം മരിച്ചുവെന്ന് ടി ജെ എസ് എഴുതി. തിരുവിതാംകൂറുകാരുടെ ഭാഷയും സംസ്‌കാരവുമെല്ലാം ഹ്രസ്വമെങ്കിലും ഉള്‍ക്കാഴ്ച നല്‍കുന്ന വിധത്തില്‍ വിശദമാക്കുന്നു. തുടര്‍ന്നുള്ള ചില അധ്യായങ്ങള്‍ തിരുവിതാംകൂറിലെ പഠനം, വ്യക്തികള്‍ എന്നിവ കേന്ദ്രീകരിച്ചാണ്. അനേകം മനുഷ്യര്‍, അറിയപ്പെട്ടവരും അല്ലാത്തവരും, ഓരോ ഭാഗത്തും കടന്നുവരുന്നു. സത്യത്തില്‍ ടി ജെ എസിന്റെ ആത്മകഥ എന്നതിനേക്കാള്‍ നൂറുകണക്കിന് മലയാളികളുടെയും ലോക പത്രപ്രവര്‍ത്തകരുടെയും ജീവചരിത്രം എന്ന നിലയില്‍ കൂടി ഈ പുസ്തകം വിശേഷിപ്പിക്കപ്പെടേണ്ടതുണ്ട്. തോപ്പില്‍ ഭാസി, ഇ വി കൃഷ്ണ പിള്ള, കൗമുദി ബാലകൃഷ്ണന്‍, അടൂര്‍ ഭാസി, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തുടങ്ങി അനേകരെ കുറിച്ചുള്ള ഓര്‍മകള്‍ സന്ദര്‍ഭാനുസരണം നല്‍കുന്നു.
വിദ്യാഭ്യാസകാലം കഴിഞ്ഞു ബോംബെയില്‍ എത്തിയത് മുതലുള്ള അനു”വങ്ങള്‍ വിവരിക്കുന്നു തുടര്‍ന്ന്. ആറടി മേശയിലെ മന്ത്രവാദങ്ങള്‍ എന്ന അധ്യായം തുടങ്ങുന്നത് ബോംബെയുടെ 1940കളിലെ വശീകരിക്കുന്ന സൗന്ദര്യം വിവരിച്ചാണ്. അവിടെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രീ പ്രസ്സിലാണ് ടി ജെ എസ് ജോലിക്കു കയറുന്നത്. സ്വാമി നാഥന്‍ സദാനന്ദ് എന്ന വ്യക്തിയാണ് ഉടമ. ജന്മവാസന കൊണ്ട് പത്രാധിപതിയായയാള്‍. പതിനെട്ടാം വയസ്സില്‍ മദ്രാസില്‍ നിന്ന് ബോംബെയിലേക്ക് വണ്ടി കയറി റോയിട്ടര്‍ ന്യൂസില്‍ റിപ്പോര്‍ട്ടര്‍ ആയി മാധ്യമപ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ചു. പിന്നീട് ഫ്രീ പ്രസ്സ് ഓഫ് ഇന്ത്യ ന്യൂസ് ഏജന്‍സി ആരംഭിച്ചു. ആദ്യമായി വിദേശ ലേഖകനെ നിയോഗിച്ച പത്രമാണിത്. 1930കളില്‍ സ്വതന്ത്ര നിലപാട് എടുക്കുന്ന മാധ്യമങ്ങളെ പൊറുതിമുട്ടിക്കുന്ന നിയമം വന്നെങ്കിലും കാറ്റിലും കോളിലും കുലുങ്ങാതെ സദാനന്ദ് ഈ മാധ്യമ സ്ഥാപനം മുന്നോട്ടുകൊണ്ടുപോയി. ന്യൂസ് ഏജന്‍സി 1935ല്‍ അടച്ചെങ്കിലും ഫ്രീ പ്രസ്സ് ജേര്‍ണല്‍ തുടര്‍ന്നു. ഫ്രീ പ്രസ്സിലെ ന്യൂസ് ഡെസ്‌കില്‍ സബ് എഡിറ്ററായാണ് ടി ജെ എസ് ചുമതലയേറ്റത്. തുടര്‍ന്ന് അക്കാലത്തെ മാധ്യമ പ്രവര്‍ത്തനത്തിന്റെ രീതി തന്റെയും സഹപ്രവര്‍ത്തകരുടെയും അനുഭവത്തില്‍ വിശദമായി വിവരിക്കുന്നു. ഉദാഹരണത്തിന് അതിവേഗം വാര്‍ത്തകളുടെ അന്തസത്ത മനസ്സിലാക്കി എഡിറ്റിംഗ് നടത്തി തലക്കെട്ടെഴുതി പ്രസ്സിലേക്ക് അയച്ച് പേജിന്റെ മേക്കപ് വരച്ച് ഫോര്‍മാനെ ഏല്‍പ്പിക്കുന്നതായിരുന്നു ഹരിഹരന്റെ സ്‌പെഷ്യാലിറ്റി. ശിവറാം ഒരു കലാകാരനായിരുന്നു. സ്‌നേഹത്തോടെ വരച്ച ഒരു പെയിന്റിംഗ് പോലെയായിരിക്കണം പേജ് എന്നായിരുന്നു പുള്ളിയുടെ മനസ്സിലിരിപ്പ്. കസേരയില്‍ ഇരുന്ന് ജോലി തുടങ്ങിയാല്‍ ഡെഡ് ലൈന്‍ പ്രകാരം അവസാനത്തെ പേജ് പ്രസ്സിലേക്ക് പോകുന്നത് വരെ ഒരക്ഷരം ഉരിയാടുകയില്ല എന്നായിരുന്നു ഹരിഹരന്റെ സ്‌റ്റൈല്‍. പത്തോളം അധ്യായങ്ങളില്‍ ഫ്രീ പ്രസ്സിലെ പത്രപ്രവര്‍ത്തന ജീവിതം വിവരിക്കുകയാണ് ടി ജെ എസ്. ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന, അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സമയങ്ങള്‍ വിവരിക്കുന്നതാണ് “ആട് കടുവയായ കഥ”. പ്രീ പ്രസ്സ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു ബാല്‍ താക്കറെ. താക്കറെയുടെ ജീവിതത്തെ, നിലപാട് രൂപവത്കരണത്തെ, നിശബ്ദതയില്‍ നിന്ന് ക്രൗര്യതയിലേക്കുള്ള പരിവര്‍ത്തനത്തെ വിശദമാക്കുന്നു. “എട്ട് വര്‍ഷക്കാലം താക്കറെയുടെ കൂടെ ഫ്രീ പ്രസ്സില്‍ ജോലി ചെയ്തിരുന്നവര്‍ ബാല്‍ താക്കറെയെ അറിഞ്ഞത് ഒരു മൂലക്ക് കുത്തിയിരുന്ന് പടം വരക്കുന്ന നിരുപദ്രവകാരിയായാണ്. കറുത്ത ഫ്രയിമുള്ള വലിയ കണ്ണട വെച്ച ചെറിയ മനുഷ്യന്‍, പിന്നീട് മാര്‍മിക് എന്ന കാര്‍ട്ടൂണ്‍ മാസിക ആരംഭിച്ചു. ആദ്യഘട്ടത്തില്‍ മികച്ചു നിന്നെങ്കിലും, പിന്നീട് അതില്‍ വന്നൊരു ലേഖനം തെക്കേ ഇന്ത്യക്കാര്‍ മഹാരാഷ്ട്ര വ്യവസായം കൈയടക്കുന്നു എന്നതായിരുന്നു. അതേത്തുടര്‍ന്ന്, അത്തരം വിഷം ചീറ്റുന്ന പ്രചാരണങ്ങള്‍ക്കുള്ള മാധ്യമമായി ഈ പ്രസിദ്ധീകരണവും മധ്യവര്‍ത്തിയായി താക്കറെയും മാറി.
ഡല്‍ഹിയായി പിന്നീട് ടി ജെ എസിന്റെ സങ്കേതം. ഡല്‍ഹിയിലെ സമകാലികരായ വിദേശികളും സ്വദേശികളുമായ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും തൊഴില്‍പരവും വൈയക്തികവുമായ ജീവിതവും വിശദമാക്കുന്നു. കുറെയധികം പത്രകാര്‍ട്ടൂണ്‍ സ്ഥാപനങ്ങളും അവയുടെ രാഷ്ട്രീയ സാമൂഹിക പ്രസക്തിയും വിവരിക്കുന്നു. മലയാളി സാന്നിധ്യത്തെ കുറിച്ച് വിഹഗവിശദീകരണമുണ്ട്. ഡല്‍ഹി ചരിത്രത്തില്‍ തങ്കലിപികളില്‍ ചേര്‍ക്കപ്പെടേണ്ട ശങ്കേഴ്‌സ് വീക്കിലിയുടെ സ്വഭാവവും അതിലെ മലയാളി സാന്നിധ്യവുമെല്ലാം വിവരിക്കുന്നു. കമലാസുരയ്യയുടെ കുടുംബവുമായി പരിചയപ്പെടുന്നതും അവരുടെ ജീവിതത്തെ കുറിച്ചു വിവരിക്കുന്നതുമാണ് ഒരധ്യായം. ലോകത്തിലേക്കുള്ള പത്രപ്രവര്‍ത്തന ഉയര്‍ച്ചയുടെ, അതിനിടയില്‍ കണ്ടുമുട്ടുന്ന അനേകം പ്രതിഭാശാലികളുടെ ജീവിതത്തെ അനാവരണം ചെയ്യുന്നു.
അനുഭവങ്ങളുടെ അസാധാരണ ആഖ്യാനമാണ് ഈ പുസ്തകം. ഡി സി ബുക്‌സ് ആണ് പ്രസാധകര്‍. ഒറ്റയാന്‍” എന്ന പേരില്‍ മലയാളത്തില്‍ ടി ജെ എസ് എഴുതിയ മറ്റൊരു പുസ്തകത്തിന്റെ പ്രകാശനത്തിന് പോയിരുന്നു, അഞ്ച് വര്‍ഷം മുമ്പ്. അന്ന് ഈ വലിയ, പ്രതിഭാശാലിയും വിനയാന്വിതനുമായ മനുഷ്യനെ കണ്ടു, സംസാരിച്ചു. താങ്കളുടെ വിവരണങ്ങള്‍ വല്ലാതെ ആകര്‍ഷിപ്പിക്കുന്നതാണ് എന്ന മനസ്സിലുള്ള സത്യം പറഞ്ഞപ്പോള്‍, അത്ര മികച്ച ഭാഷയൊന്നും മലയാളത്തില്‍ തനിക്കില്ലെന്നും ശബ്ദതാരാവലി വെച്ചാണ് പലപ്പോഴും പദങ്ങള്‍ കണ്ടെത്താറുള്ളത് എന്നും ചിരിച്ചുപറഞ്ഞു. ഇപ്പോള്‍ ബെംഗളൂരുവിലാണ് ടി ജെ എസ് കുടുംബസമേതം താമസിക്കുന്നത്. മക്കള്‍ രണ്ട് പേരും അറിയപ്പെടുന്ന ഇംഗ്ലീഷ് എഴുത്തുകാരാണ്. ടി ജെ എസിന്റെ ഓരോ പുസ്തകവും വായിക്കുന്നത്, ആഖ്യാനശേഷിക്ക് മൂര്‍ച്ച കൂട്ടാന്‍ സഹായമാകും.