Cover Story
ഇരുള്‍ജീവിതങ്ങള്‍ക്ക് വെളിച്ചമേകി
മകന്റെ കൈപിടിച്ച് ഏഷ്യന്‍ യുവതി ദുബൈ അവീറിലെ പൊതുമാപ്പ് സേവന കേന്ദ്രത്തിന്റെ പടികടന്നത് തെല്ല് ആശങ്കയോടെയാണ്. ജനിച്ചതുതന്നെ താമസരേഖയില്ലാതെ. ഇപ്പോള്‍ വയസ്സ് 29. പിതാവിന്റെ മരണത്തോടെയാണ് ജീവിതം ദുരിതത്തിലേക്ക് നീങ്ങിയത്. ചുമതലയേല്‍ക്കാനോ സംരക്ഷണത്തിനോ ആരുമുണ്ടായിരുന്നില്ല. അതിനിടെ വിവാഹം കഴിഞ്ഞു. സ്വകാര്യ സ്ഥാപനത്തില്‍ ചെറിയൊരു ജോലി ചെയ്യുന്നയാളായിരുന്നു ഭര്‍ത്താവ്. അയാള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പിനുള്ള യോഗ്യത ഇല്ലായിരുന്നു. ആ ബന്ധത്തിലെ കുഞ്ഞിനിപ്പോള്‍ വയസ്സ് പത്ത്. അധികൃതര്‍ക്ക് മുന്നില്‍ എങ്ങനെ വിഷയങ്ങള്‍ അവതരിപ്പിക്കുമെന്ന ആശങ്ക പൊതുമാപ്പ് കേന്ദ്രത്തിന്റെ കവാടത്തിനപ്പുറത്തേക്ക് നീങ്ങിയില്ല. സ്വാഗതം ചെയ്തതുതന്നെ മുതിര്‍ന്ന ഒരുദ്യോഗസ്ഥന്‍. മടിച്ചുമടിച്ച് കാര്യങ്ങള്‍ പറഞ്ഞ യുവതിക്ക്, ഒരു ദിര്‍ഹം പോലും ചെലവില്ലാതെ പൊതുമാപ്പിന്റെ കാരുണ്യം ലഭിക്കാന്‍ ഏറെ കാക്കേണ്ടിവന്നില്ല. ഇനിയവര്‍ക്ക് നിയമപരമായി ജീവിക്കാം. ഇപ്പോള്‍ സ്വദേശത്തേക്ക് മടങ്ങാനുള്ള അനുമതിപത്രമായി. വിലക്കേതുമില്ലാതെ എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാനുള്ള അനുമതി.
***
ഇത് ബദ്‌റാന്റെ കഥ. സിറിയന്‍ സ്വദേശിയാണ്. പത്ത് വര്‍ഷം മുമ്പ് ഭാര്യയെ സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് കൊണ്ടുവന്നു. തിരിച്ചയക്കാന്‍ വിവിധ പ്രതിബന്ധങ്ങളുണ്ടായി. അങ്ങനെ നിയമവിരുദ്ധതാമസക്കാരിയായി ഭാര്യ. അതിനിടെ രണ്ട് മക്കള്‍ പിറന്നു. രേഖകളില്ലാത്തതിനാല്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി ഭാര്യയും മക്കളും. ഭയപ്പാടിന്റെ കെട്ടകാലത്തിന്റെ മാറാലകള്‍ എടുത്തുമാറ്റുന്ന പൊതുമാപ്പ് പ്രഖ്യാപനം ബദ്‌റാന്റെ ജീവിതത്തിനു കടുത്ത വേനല്‍ ചൂടിലും കുളിരുപകര്‍ന്നാണ് എത്തിയത്. ഷാര്‍ജയിലെ കേന്ദ്രത്തിലെത്തിയ ഇവരെ അധികൃതര്‍ സ്വീകരിച്ചിരുത്തിയത് പൊതുമാപ്പിന്റെ വിശാലമായ കാരുണ്യക്കസേരയിലേക്കാണ്. മക്കള്‍ക്ക് ഇനി ധൈര്യമായി സ്‌കൂളില്‍ പോകാം. അധ്യാപക പരിശീലനം നേടിയ ഭാര്യക്ക് ഏതെങ്കിലും സ്‌കൂളില്‍ ജോലിക്ക് പോകാം.
***
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജേഷിന് പക്ഷേ, ഭാഗ്യക്കേടിന്റെതായിരുന്നു പൊതുമാപ്പ്. സൗകര്യം ഉപയോഗപ്പെടുത്തി നാട്ടിലെത്തി കിടപ്പിലായ അച്ഛനെ പരിചരിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, നമ്മുടെ ആഗ്രഹങ്ങള്‍ പോലെയല്ലല്ലോ ദൈവഹിതമെന്ന് ഓര്‍മപ്പെടുത്തി ഔട്ട്പാസ് നേടാനുള്ള ശ്രമത്തിന്റെ അവസാനത്തില്‍ അച്ഛന്റെ മരണവാര്‍ത്ത രാജേഷിനെ തേടിയെത്തി.
നീണ്ടകഥയാണ് രാജേഷിന്റെത്. നേരത്തെ യു എ ഇയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു. കമ്പനി പൂട്ടിയതോടെ നാട്ടിലേക്ക് പോകേണ്ടിവന്നു. എന്നാല്‍ അവിടെ പിടിച്ചുനില്‍ക്കാനായില്ല. ആയിടക്കാണ് വിസാ വാഗ്ദാനവുമായി ഒരു ഏജന്റ് എത്തുന്നത്. മാസത്തില്‍ അമ്പതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലി. നിര്‍മാണ സ്ഥലത്ത് കമ്പികെട്ടലാണ് പറഞ്ഞ ജോലി. കിടപ്പാടം പണയപ്പെടുത്തി എണ്‍പതിനായിരം രൂപ ഏജന്റിന് നല്‍കി അജ്മാനിലെത്തി. ഈജിപ്ഷ്യന്‍ നടത്തുന്ന നിര്‍മാണ കമ്പനിയിലാണെത്തിയത്. പറഞ്ഞ ജോലിയല്ല. ഭാരിച്ചതുമായിരുന്നു. ശമ്പളമാകട്ടെ ആയിരം ദിര്‍ഹം മാത്രം. വാഗ്ദാനം ചെയ്തതിന്റെ പകുതി പോലുമില്ല. ജോലി മതിയാക്കി നാട്ടില്‍പോകുകയാണെന്ന് കമ്പനിയെ അറിയിച്ചതോടെ ഉള്ള ശമ്പളവും കിട്ടാതെയായി. വിസ അടിച്ചതുമില്ല. എട്ട് മാസം പിടിച്ചു നിന്നു. നാട്ടില്‍ പ്രാരാബ്ധങ്ങള്‍ കുന്നുകൂടുന്നതിനിടെ അച്ഛന്‍ കിടപ്പിലായി. കാന്‍സറായിരുന്നു. ചികിത്സ മെഡിക്കല്‍ കോളജിലായി. അത്തരമൊരവസ്ഥയിലാണ് കമ്പനിയില്‍ നിന്ന് ചാടി ദുബൈയിലേക്ക് കടന്നത്. എന്തെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷയായിരുന്നു മനസ്സ് നിറയെ. പക്ഷേ, വിസയില്ലാത്ത ആള്‍ക്ക് ജോലി നല്‍കാന്‍ പലര്‍ക്കും മടി. എങ്ങനെയോ ഒരു ജോലി തരപ്പെടുത്തി. കമ്പനിയുടെ വെയര്‍ഹൗസില്‍ തന്നെ കിടന്നുറങ്ങി. അതിനിടെ അച്ഛന് വീണ്ടും രോഗം മൂര്‍ഛിച്ചു. ചികിത്സയില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് മടക്കി.
എങ്ങനെ നാട്ടിലെത്താമെന്ന് ആലോചിക്കവെയാണ് പൊതുമാപ്പ് പ്രഖ്യാപനം. ആദ്യദിനം തന്നെ ഇതിനായി ഒരുക്കിയ കൂടാരത്തിലെത്തി. രേഖ ശരിപ്പെട്ടുകിട്ടിയില്ല. കാര്യങ്ങള്‍ അറിഞ്ഞ സന്നദ്ധ സേവകര്‍ പിറ്റേന്ന് രേഖ ശരിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ പോകാമെന്ന് വാഗ്ദാനം ചെയ്തു. അവിടെക്ക് പോകാന്‍ ഒരുങ്ങവെയാണ് പിതാവിന്റെ മരണവാര്‍ത്ത എത്തുന്നത്. അവസാനമായി അച്ഛനെ ഒരുനോക്ക് കാണാനുള്ള ആഗ്രഹവും അങ്ങനെ ഇല്ലാതായി. ഏതായാലും രേഖകളൊക്കെ ശരിപ്പെട്ടു കിട്ടിയ രാജേഷ് അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും.
***
പൊതുമാപ്പിന് അപേക്ഷിക്കാനിരുന്ന ദിവസം മരണം തട്ടിയെടുത്തതിന്റെ ഞെട്ടലിലാണ് ഗോവന്‍ സ്വദേശി ബെര്‍ണാഡിന്റെ കുടുംബം. സത്‌വയിലെ താമസസ്ഥലത്ത് നിന്നാണ് ബെര്‍ണാഡിന് ശ്വാസതടസ്സം നേരിടുന്നത്. മൂന്ന് മാസമായി അനധികൃതമായി തങ്ങുകയായിരുന്നു, രണ്ട് കുട്ടികളുള്ള ഈ കുടുംബം. ഒരു ലക്ഷം ദിര്‍ഹം കടക്കാരനായത് കാരണമാണ് അനധികൃതമായി ജീവിക്കേണ്ടിവന്നത്. പ്രമുഖ ഭക്ഷ്യശൃംഖലയില്‍ പാചകക്കാരനായിരുന്നു. 2015ല്‍ കമ്പനിപൂട്ടി. ജോലി നഷ്ടപ്പെട്ടു. ദുരിതങ്ങളുടെ വറച്ചട്ടിയിലുമായി. പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് മരണം ബര്‍ണാഡിനെ തട്ടിയെടുത്തത്.
നൊമ്പരച്ചൂടില്‍ കുളിര്‍ത്തെന്നലായി
ഇങ്ങനെ പിഴവുകള്‍ക്ക് മാപ്പുകൊടുത്തും പിഴകളില്‍ നിന്ന് മോചനം നല്‍കിയും കാരുണ്യത്തിന്റെ വിശാലമായ കവാടമാണ് യു എ ഇ തുറന്നത്. നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്ക് രേഖകള്‍ ശരിപ്പെടുത്തി രാജ്യത്ത് തന്നെ ജീവിക്കാനും സ്വദേശത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള വാതിലുകള്‍ തുറന്നുമാണ് ഭരണകൂടം ആറ് വര്‍ഷത്തിന് ശേഷം പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് താമസിക്കുന്നവര്‍ക്കെല്ലാം നിയമത്തിന്റെ പരിരക്ഷ നല്‍കുന്നതിനും എല്ലാം ശരിയായ രീതിയില്‍ കൊണ്ടുവരുന്നതിനുമുള്ള പ്രക്രിയയാണിത്. പൊതുമാപ്പിന്റെ കാരുണ്യക്കവാടം മൂന്ന് മാസത്തേക്കാണ് തുറന്നിട്ടിരിക്കുന്നത്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്നതിനായി പ്രഖ്യാപിച്ച ശൈഖ് സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ്, അദ്ദേഹം പ്രസരിപ്പിച്ച ജീവികാരുണ്യത്തെന്നല്‍ ദൈന്യത നിറഞ്ഞ കണ്ണുകള്‍ക്ക് കുളിര്‍മയായി എത്തിയത്.
വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് പലരും അനധികൃതരായത്. പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലാത്തവര്‍, വലിയ പിഴ ചുമത്തപ്പെട്ടവര്‍, തൊഴിലില്‍ നിന്ന് രക്ഷപ്പെട്ട് പോയവര്‍, കമ്പനിയോ സ്‌പോണ്‍സറോ രേഖകള്‍ പുതുക്കി നല്‍കാത്തത് തുടങ്ങി നിരവധി സങ്കടങ്ങള്‍ പേറുന്ന കൂട്ടര്‍. അനിശ്ചിതത്വത്തിലൂടെയായിരുന്നു അവരുടെ ജീവിതം. അത്തരം ദൈന്യത നിറഞ്ഞ മുഖങ്ങളിലൊക്കെ സന്തോഷത്തിന്റെ വെള്ളിരേഖകള്‍ വിരിയുന്നതിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊതുമാപ്പ് കൂടാരങ്ങള്‍ സാക്ഷിയാവുകയാണ്. അവിടെനിന്ന് പുറത്തിറങ്ങുമ്പോള്‍ മുഖത്ത് നിഴലിക്കുന്നത് കൂടപ്പിറപ്പുകളെ കാണാനുള്ള സാഹചര്യമൊരുങ്ങിയതിലെ സന്തോഷമാവാം, പുറത്തിറങ്ങാന്‍ ഭയപ്പെട്ട കെട്ടകാലം ഓര്‍മയായതിന്റെ ആനന്ദമാകാം, അനധികൃതനായതിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെട്ടതില്‍ നിന്ന് മോചിതനായതിന്റെ തെളിച്ചമാവാം. അങ്ങനെ വിവിധ വികാരങ്ങള്‍ ഇവിടെ ഒരുമിച്ച് നിറയുന്നു. കാരുണ്യത്തിന് ഇത്രയും തീവ്രതയുണ്ടെന്ന് അത്ഭുതപ്പെട്ടുപോകുകയാണ് ഈ കൂടാരങ്ങളില്‍. പുറത്തെ ചൂടില്‍ വാടിക്കരിഞ്ഞെത്തുന്നവര്‍ക്ക് ആശ്വാസമാകുന്നത് ശീതീകരിച്ച ടെന്റുകള്‍ മാത്രമല്ല. മനുഷ്യസ്‌നേഹത്തിന്റെ പരിചരണം നടത്തുന്ന ഉദ്യോഗസ്ഥരുടെയും അതിന് വഴികാട്ടിയായ ഭരണാധികാരികളുടെയും വിശാല മനസ്‌കതയാണ്.
മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് ജീവിക്കുന്നവര്‍ക്ക് ശിക്ഷയില്ലാതെ ഇവിടെ തുടരാനോ സ്വന്തം നാടുകളിലേക്ക് മടങ്ങാനോ ആണ് യു എ ഇ സര്‍ക്കാര്‍ അവസരമൊരുക്കുന്നത്. 2012ലെ പൊതുമാപ്പില്‍ 62,000 പേരാണ് ആനുകൂല്യം ഉപയോഗിച്ചത്. ആദ്യമായി പൊതുമാപ്പ് പ്രഖ്യാപിച്ചത് 1996ലാണ്. അന്ന് രണ്ട് ലക്ഷം പേരാണ് ഗുണഭോക്താക്കളായത്. 2002ല്‍ മൂന്നും 2007ല്‍ 3.41 ഉം ലക്ഷം പേര്‍ക്ക് പ്രയോജനപ്പെട്ടു. പദവി ശരിയാക്കൂ; സ്വയം സുരക്ഷിതരാവൂ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഈ കാലയളവിനുശേഷവും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വാഭാവികമായും ഉണ്ടാകും. അങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് കനത്ത പിഴയും നാടു കടത്തലും ഉള്‍പ്പെടെയുള്ള നിയമനടപടികളാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ ഇപ്പോള്‍ കൈവന്നിരിക്കുന്ന അവസരം, അത്തരം സാഹചര്യങ്ങള്‍ ഉള്ളവര്‍, പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
കൈമെയ് മറന്ന് കൂട്ടായ്മകള്‍
പ്രവാസി സംഘടനകളും വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും മലയാളി കൂട്ടായ്മകളുമെല്ലാം സഹായഹസ്തങ്ങളുമായി രംഗത്തെത്തുന്നതും സന്തുഷ്ടി നല്‍കുന്ന കാഴ്ചയാണ്. തങ്ങളുടെ സംഘടനാ സംവിധാനത്തിലൂടെ ബോധവത്കരണവും നിയമലംഘകരെ കണ്ടെത്തി അവര്‍ക്ക് സഹായം ഉറപ്പാക്കാനും കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. ഐ സി എഫ് അടക്കമുള്ള പ്രവാസി സംഘടനകള്‍ ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌കുകളിലേക്ക് എത്തുന്നത് നിരവധി അന്വേഷണങ്ങളാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് കഴിയുന്ന രീതിയിലെല്ലാമുള്ള സഹായവുമായി രംഗത്ത് സജീവം. പ്രായമേറെയായിട്ടും ഗള്‍ഫിന്റെ മണ്ണില്‍ അനധികൃതനായി കഴിയുന്നവരടക്കമുള്ളവര്‍ രക്ഷ തേടി ഈ സേവന കേന്ദ്രങ്ങളിലേക്കെത്തുകയാണ്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഹെല്‍പ്പ് ഡെസ്‌കുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററുകളും നേരത്തെ തന്നെ സ്ഥാപിച്ചു. പരമാവധി പൗരന്മാര്‍ക്ക് അവസരം പ്രയോജനപ്പെടുത്തുന്നതിനായി അവ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ടെന്റുകളിലെത്തുന്നവര്‍ക്ക് ശീതളപാനീയങ്ങള്‍, പൊതുമാപ്പ് കേന്ദ്രങ്ങളിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍, ചെലവ് കുറഞ്ഞ ഭക്ഷണശാല, ക്ലിനിക്ക് സൗകര്യം, സൗജന്യ കുടിവെള്ളം തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പൊതുമാപ്പ് നല്‍കുന്ന ടെന്റില്‍ സേവനസന്നദ്ധരാണ്.
.