Prathivaram
ചോരയിറ്റും ഓര്‍മകള്‍
ഖിലാഫത്ത് സമരം കൊടുമ്പിരികൊണ്ട കാലത്ത് പേരിലെ സാമ്യം കൊണ്ട് മാത്രം ബ്രിട്ടീഷ് സേനയുടെ ബുള്ളറ്റുകള്‍ക്ക് ഇരയാകേണ്ടി വന്ന ഒരു ഗൃഹനാഥനും അദ്ദേഹത്തിന്റെ കൂട്ടുകുടുംബവും. പുളിക്കല്‍ ചെമ്മന്‍തൊടുവിലെ ചെമ്മണ്‍തരികള്‍ പോലും ആ കൂട്ടനരഹത്യയില്‍ ഞെട്ടിയിരിക്കണം. വയോധികര്‍, പിഞ്ചുകുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയ പരിഗണനകളൊന്നും പച്ചമാംസവും ചങ്കും തുളച്ച് വെടിയുണ്ട പായിക്കുന്നതില്‍ നിന്ന് പട്ടാളക്കാരെ പിന്തിരിപ്പിച്ചില്ല. ഒരു കൂട്ടം നിരപരാധികളുടെ നിലവിളികള്‍ കാതുകളില്‍ മുഴങ്ങുന്നത് പോലെ തോന്നും അവ ഓര്‍മിക്കുമ്പോള്‍. ചരിത്രത്തിന്റെ താളുകളില്‍ ഇനിയും തുന്നിച്ചേര്‍ക്കപ്പെടാത്ത എത്രയോ രക്തസാക്ഷിത്വ അധ്യായങ്ങളുടെ നേര്‍ പതിപ്പാണിത്. മണ്ണറോട്ട് തറവാടിന്റെ പൂമുഖത്തെ ചാരുകസേരയിലിരുന്ന് പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരന്‍ കെ പി വീരാന്‍ കുട്ടി സാഹിബ് ഇന്നലെയെന്നോണം ഓര്‍ക്കുകയാണ് ആ വീരകഥകള്‍.
ഒരേ പേരിന് മരണവാറണ്ട്
സ്വാതന്ത്ര്യ സമര നായകരായി ശ്രദ്ധേയ സാന്നിധ്യമറിയിച്ച പൂര്‍വികരെ കുറിച്ചുള്ള ഓര്‍മകളാണ് എഴുപത് കഴിഞ്ഞ അദ്ദേഹത്തിന്റെ മനസ്സ് നിറയെ. ആലി മുസ്‌ലിയാരുടെയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെയും നേതൃത്വത്തില്‍ മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനം ശക്തിയാര്‍ജിച്ച കാലം. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ കടുത്ത സമരം നടക്കുകയാണ്. മഹാത്മാ ഗാന്ധി, മൗലാനാ മുഹമ്മദലി തുടങ്ങിയ ദേശീയ നേതാക്കള്‍ തന്നെ മാപ്പിളമാര്‍ക്ക് പ്രചോദനവുമായി രംഗത്തുണ്ട്. ഇതിനിടയിലാണ് പ്രദേശ വാസികളെ സംഘടിപ്പിച്ച് വലിയുപ്പ കുടുക്കില്‍ വീരാന്‍ ഹാജിയും സമര മുഖത്തേക്കിറങ്ങുന്നത്. പൊതുസമ്മതനായ ഹാജിയുടെ രംഗപ്രവേശം ജനങ്ങളെ ആവേശഭരിതരാക്കി. നികുതി അടയ്ക്കുന്ന ജന്മിമാര്‍ക്ക് മാത്രമായിരുന്നുവല്ലോ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ വോട്ടവകാശം. അന്ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് ഭൂരിപക്ഷം വരുന്ന ഹിന്ദു ജന്മിമാരുടെ പിന്തുണയോട് കൂടി മത്സരിച്ച് ജയിച്ചിട്ടുണ്ട് വീരാന്‍ ഹാജി, അതും സഹോദര സമുദായാംഗമായ സ്ഥാനാര്‍ഥിക്കെതിരെ. കെ പി സി സി, ഖിലാഫത്ത് കമ്മിറ്റികളിലും കഴിവ് തെളിയിച്ചു.
ബ്രിട്ടീഷ് വിരുദ്ധ കലാപം രൂക്ഷമായതോടെ മലബാറില്‍ പട്ടാളത്തിന്റെ അടിച്ചമര്‍ത്തലുകളും ആരംഭിച്ചു. സമര നേതാക്കളില്‍ പലരെയും തുറുങ്കിലടച്ചു. വീടുകള്‍ അഗ്നിക്കിരയാക്കി. പുളിക്കലും പരിസരങ്ങളും ഇത്തരം പീഡനങ്ങള്‍ക്ക് പലപ്പോഴായി ഇരയാകേണ്ടി വന്നു. അതോടെ നാട്ടുകാര്‍ ഒന്നടങ്കം ഹാജിയുടെ നേതൃത്വത്തില്‍ സൈന്യത്തിന്റെ പ്രവേശന വഴിയായ രാമനാട്ടുകര ചെത്തുപാലം പൊളിക്കാന്‍ പുറപ്പെട്ടു. വിവരമറിഞ്ഞ് പട്ടാളം ഹിച്ച്‌കോക്കിന്റെ ഉത്തരവ് പ്രകാരം ഹാജിയെയും സംഘത്തെയും ലക്ഷ്യമാക്കി പുളിക്കല്‍ വലിയപറമ്പിലേക്ക് കുതിച്ചു.
പുളിക്കല്‍ മാംഗ്ലൂരിക്കുന്നില്‍ ഇഞ്ചിക്കൃഷിക്ക് കാവലിരുന്ന രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൊട്ടപ്പുറം പാലപ്പറമ്പ് വഴിയാണ് ഹാജിയുടെ തറവാടായ പട്ടര്‍ക്കുളം ലക്ഷ്യമാക്കി സൈന്യം യാത്ര തിരിച്ചത്. പക്ഷെ വഴി മാറി അവര്‍ ചെന്നെത്തിയത് ചെമ്മന്‍തൊടു വീരാന്റെ പുരയിടത്തിലും. സൈന്യത്തിന്റെ കാടിളക്കിയുള്ള വരവറിഞ്ഞ അദ്ദേഹം അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചു. യഥാര്‍ഥ ലക്ഷ്യസ്ഥാനത്തു തന്നെയാണ് തങ്ങള്‍ എത്തിയതെന്ന ധാരണയിലായിരുന്നു അപ്പോഴും പട്ടാളക്കാര്‍. വീരാന്‍ എന്ന പേര് കേട്ടയുടന്‍ തന്നെ ആക്രമിക്കാനുറച്ചായിരുന്നു കൊച്ചു കുടിലിന് മുമ്പിലവര്‍ തമ്പടിച്ചത്.
ചോരയില്‍ കുളിച്ച സുപ്ര
വിരുന്നെത്തിയ മരുമകനോടൊപ്പം ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു അകത്ത് വീരാന്റെ കുടുംബം. ബൂട്ടുകളുടെ ശബ്ദം കേട്ടയുടന്‍ അവര്‍ പരിഭ്രാന്തരായി കതകുകളടച്ച് മുറികളില്‍ അഭയം പ്രാപിച്ചു. വീടുവളഞ്ഞ പട്ടാളം ജനലുകള്‍ക്കിടയിലൂടെ നിരന്തരം വെടിയുതിര്‍ത്തു. ആദ്യ റൗണ്ട് വെടിവെപ്പില്‍ തന്നെ അദ്ദേഹത്തിന്റെ മൂന്ന് പെങ്ങന്മാരും ഇരകളായി. ഇതുകണ്ട് അലറി വിളിച്ച വേലക്കാരിയുടെ ഇടനെഞ്ചിലേക്കായിരുന്നു അടുത്ത ഉന്നം. ദ്രുതഗതിയില്‍ തന്റെ സമീപത്തുള്ള കുഞ്ഞിനെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു എഴുന്നേല്‍ക്കും മുമ്പേ ആ ക്രൂരന്മാരുടെ കാഞ്ചിത്തുമ്പില്‍ നിന്നും അവരുടെ മാറിടം പിളര്‍ത്തി അടുത്ത ഷൂട്ട്. മരിക്കുമ്പോള്‍ അവരുടെയുള്ളില്‍ ഒരു ജീവന്റെ തുടിപ്പ് കൂടിയുണ്ടായിരുന്നു.
വീടിനകത്ത് ജീവനോടെ ആരും ബാക്കിയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വെടിവെപ്പ് അവസാനിപ്പിച്ചത്. പരിസരത്തെ കുറ്റിക്കാടുകള്‍ ആരെങ്കിലുമുണ്ടോ എന്നന്വേഷിക്കുകയായിരുന്നു അടുത്ത ദൗത്യം. അങ്ങനെ ഗൃഹനാഥന്‍ വീരാനെയും കണ്ടെത്തി കാഞ്ചിക്കിരയാക്കി. പതിനാല് പേരടങ്ങുന്ന ആ കുടുംബം അതോടെ നാമാവശേഷമായി.
ഒരു പറ്റം നിരപരാധികളുടെ പ്രാണവേദനയില്‍ സങ്കടപ്പെട്ട് അധരങ്ങള്‍ അല്‍പ്പ നേരത്തേക്ക് നിശ്ചലമായത് പോലെ വീരാന്‍ കുട്ടി സാഹിബിന്റെ ശബ്ദം മുറിഞ്ഞു. ആര്‍ദ്രമായ ഭാവഭേദങ്ങളോടെയുള്ള സാഹിബിന്റെ വിവരണം നിനവില്‍ ഒരു നൊമ്പരമായി പിന്തുടരുന്നു. പൂര്‍വികര്‍ അനുഭവിച്ച ഇത്തരം പീഡന കഥകള്‍ക്ക് കൂടി സ്മരണയിലിടം നല്‍കാതെ നമ്മുടെ സ്വാതന്ത്ര്യലബ്ധി ആഘോഷങ്ങള്‍ എങ്ങനെ പൂര്‍ണമാകാനാണ്?
.